| Thursday, 14th July 2022, 3:17 pm

'ഇത്രയും കാലം എവിടെയായിരുന്നു'; തന്മാത്രക്ക് ശേഷം ഡിയർ ഫ്രണ്ടിലെത്തിയ അർജുനോട് പ്രേക്ഷകർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ നടൻ അർജുൻ ലാൽ എന്നാൽ പലർക്കും തന്മാത്രയിലെ മനു ആണ്. ബ്ലെസി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രമായിരുന്നു തന്മാത്ര. അതിലെ രമേശൻ നായരെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ മകനായി അഭിനയിച്ച അർജുൻ ലാൽ ആ ഒരൊറ്റ സിനിമക്കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയിരുന്നു.

തന്മാത്രയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും പ്രേക്ഷകരുടെ അംഗീകാരം ലഭിച്ചിട്ടും പിന്നീട് അർജുനെ സിനിമയിൽ കാണാനേ സാധിച്ചില്ല. വലിയ ഒരിടവേള അദ്ദേഹം സിനിമയിൽ നിന്നുമെടുത്തു. വിനീത് കുമാർ സംവിധാനം ചെയ്‌ത ഡിയർ ഫ്രണ്ടിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അർജുൻ.

ചിത്രത്തിൽ അർജുൻ എന്ന പേരിൽ തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. ആറ് പേരടങ്ങുന്ന കൂട്ടുകാരുടെ സർക്കിളിൽ നടക്കുന്ന കാര്യങ്ങളാണ് ഡിയർ ഫ്രണ്ട് സംസാരിക്കുന്നത്. അവർക്കിടയിലെ സ്നേഹവും, വിശ്വാസവും, ബന്ധങ്ങളിലെ വൈവിധ്യവും, ചതിയുമെല്ലാം സിനിമയിൽ കടന്നുവരുന്നുണ്ട്.

സിനിമയിൽ അർജുന്റെ പങ്കാളിയാണ് ദർശന ചെയ്ത ജന്നത്ത് എന്ന കഥാപാത്രം. അവർക്കിടയിൽ നിലനിൽക്കുന്ന പരസ്പര ബഹുമാനവും മര്യാദയും അർജുൻ വളരെ മനോഹരമായി തന്നെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.

ടൊവിനോ അവതരിപ്പിച്ച വിനോദ് എന്ന കഥാപാത്രവും അർജുനും തമ്മിലുള്ള മൊമെന്റ്‌സ്‌ അതിന്റെ തീവ്രതയോടെ തന്നെ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. ചെറിയ ഒരു പിണക്കത്തിന് ശേഷം വിനോദിനോട് മിണ്ടുന്ന അർജുൻ വളരെ നിഷ്കളങ്കമായി അവനെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.

രാത്രിയിൽ അവരിരുന്ന് സംസാരിക്കുന്ന രംഗം സിനിമയിലെ തന്നെ മികച്ച സീനുകളിലൊന്നായിരുന്നു. വിനോദിനെ തേടി പോവുകയും അവന്റെ അമ്മയെ കണ്ടുമുട്ടുകയും ചെയ്യുന്ന സീൻ വളരെ സ്വഭാവികമായി അർജുൻ കൈകാര്യം ചെയ്തിട്ടുണ്ട്.

ഇമോഷണൽ രംഗങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ അർജുൻ ശ്രദ്ധിക്കാറുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തന്മാത്ര. ചിത്രത്തിൽ മോഹൻലാലുമായുള്ള ഇമോഷണൽ സീനുകൾ പ്രേക്ഷകരെയും സങ്കടത്തിലാഴ്ത്തുന്നതായിരുന്നു. അയാൾ അനുഭവിക്കുന്ന വിഷമവും മാനസിക സംഘർഷവും അർജുൻ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നു.

തിയേറ്ററിൽ പരാജയമായെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം മികച്ച പ്രതികരണമാണ് ഡിയർ ഫ്രണ്ടിന് കിട്ടികൊണ്ടിരിക്കുന്നത്. ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിലുള്ള നിരാശ പലരും പങ്കുവെക്കുന്നുണ്ട്.

Content Highlight: Actor Arjun Lal gets more attention from audiance for the role in Dear Friend after Thanmathra

We use cookies to give you the best possible experience. Learn more