മലയാള സിനിമയിലെ യുവനടന്മാരില്‍ ഏറെ ആരാധകരുള്ള നടനാണ് അര്‍ജുന്‍ അശോകന്‍. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളിലൂടെയെത്തി മലയാളത്തിലെ നായകനിരയില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.
സിനിമയില്‍ എത്തിയ ശേഷം തന്നെ മാനസികമായി തളര്‍ത്തിയ ഒരു അനുഭവം പങ്കുവെക്കുകയാണ് അര്‍ജുന്‍. ഒരു സിനിമയുടെ ഷൂട്ടിനിടെ സംവിധായകനില്‍ നിന്നും നേരിട്ട മോശം അനുഭവമാണ് താരം പങ്കുവെക്കുന്നത്.
ഒരു സീനില്‍ സംവിധായകനോട് ഒരു സജഷന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം എല്ലാവരോടേയും മുന്നില്‍ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു അര്‍ജുന്‍ അശോകന്‍ പറഞ്ഞത്. താന്‍ പറയുന്നത് കേട്ടാല്‍ മതിയെന്ന രീതിയില്‍ സംവിധായകന്‍ പ്രതികരിച്ചെന്നും അത് മാനസികമായി തന്നെ തളര്‍ത്തിയെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
മാനസികമായി തളരാതിരിക്കാന്‍ നമ്മള്‍ തന്നെ സ്വയം ശ്രദ്ധിക്കണമെന്നും അല്ലെങ്കില്‍ അത് സ്‌ക്രീനില്‍ എഫക്ട് ചെയ്യുമെന്നും വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
‘ഞാന്‍ ഒരു പടത്തില്‍, ഏതാണ് സിനിമ എന്നോ ഏതാണ് ഡയറക്ടര്‍ എന്നോ ഞാന്‍ പറയുന്നില്ല. നമ്മള്‍ ഒരു ക്യാരക്ടര്‍ ചെയ്യുമ്പോള്‍ അത് നമ്മുടേതായ രീതിയില്‍ ബില്‍ഡ് ചെയ്ത് അവതരിപ്പിക്കാനൊക്കെ ശ്രമിക്കുമല്ലോ. ആ സമയത്ത് ഒരു ഡയറക്ടര്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ഞാന്‍ പറയുന്നത് കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു.
അങ്ങനെ പറയുമ്പോള്‍ നമ്മള്‍ മാനസികമായി തളരും. അതുകൊണ്ട് അടുത്ത പടം തൊട്ട് ഞാന്‍ ഡയലോഗ് പഠിച്ച് പറയാന്‍ തുടങ്ങി. പിന്നെ നമുക്ക് സജഷന്‍സ് പറയാന്‍ പറ്റും എന്ന് തോന്നുന്ന ഡയറക്ടേഴ്സിന്റെ അടുത്ത് ചെന്ന് ഞാന്‍ ചോദിക്കും. അവര്‍ ഓക്കെ ആണ് എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യും. ഇല്ലെങ്കിലും കുഴപ്പമില്ല. അവര്‍ പറയുന്ന പോലെ ചെയ്യും. ആ പാഠം കൂടെ എനിക്ക് അവിടെ പഠിക്കാന്‍ കഴിഞ്ഞു.
ചില സമയത്ത് നമ്മളല്ലാതെ മറ്റൊരാള്‍ കാരണവും നമ്മള്‍ മാനസികമായി തളര്‍ന്ന് പോവാം. ചിലപ്പോള്‍ അത് സിനിമയില്‍ നിന്ന് മാത്രമാവില്ല ഫാമിലി ഇഷ്യൂസ് അങ്ങനെ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകും. പക്ഷേ അങ്ങനെ മാനസികമായി തളരാതെ ഇരിക്കാന്‍ നമ്മള്‍ തന്നെ ശ്രദ്ധിക്കണം.
കാരണം അങ്ങനെ വന്നാല്‍ അത് സ്‌ക്രീനില്‍ എഫക്ട് ചെയ്യും. സാഹചര്യം മാനേജ് ചെയ്യുക എന്നതിലുപരി മാനസികമായി നമ്മള്‍ നമ്മളെ തന്നെ സ്ട്രോങ് ആക്കണം. നമുക്ക് ചുറ്റും പല ചിന്താഗതിയിലുള്ള ഒരുപാട് ആളുകള്‍ ഉണ്ടാവും.
നമ്മള്‍ ഇരിക്കുമ്പോള്‍ തന്നെ തൊട്ടു മുന്നിലിരുന്ന് കൊണ്ട് കളിയാക്കി ചിരിക്കുന്ന ആളുകളുണ്ടാവും. ചില സമയത്ത് നമ്മള്‍ പൊട്ടിത്തെറിച്ച് പോവും. പക്ഷേ ഇവരുടെ അടുത്ത് പറഞ്ഞിട്ടും കാര്യമൊന്നും ഇല്ല. അവര്‍ അവര്‍ക്ക് ചെയ്യാനുള്ളത് ചെയ്യട്ടെ. ഞാന്‍ എന്റെ ജോലി ചെയ്തിട്ട് പോവും. അത്രയും ചിന്തിച്ചാല്‍ മതി. ഇവര്‍ കൂടെ ജീവിക്കാനൊന്നും പോവുന്നില്ലല്ലോ അതുകൊണ്ട് അവരെ പറഞ്ഞ് നന്നാക്കാനൊന്നും നമുക്ക് പറ്റില്ല,’അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
Content Highlight: Actor Arjun Ashokan Share a bad Experiannce he faced