തീപ്പൊരി ബെന്നി എന്ന സിനിമയിൽ ഫയർ ഡാൻസ് കളിക്കാൻ ഡ്യൂപ് ഒന്നും വേണ്ട എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് നടൻ അർജുൻ അശോകൻ. വെള്ളം വെച്ച് പ്രാക്ടീസ് ചെയ്യിപ്പിച്ചതിന് ശേഷമാണ് മണ്ണെണ്ണ കൊണ്ട് ചെയ്യിപ്പിച്ചതെന്നും താരം പറഞ്ഞു. ചെയ്ത് തുടങ്ങിയപ്പോൾ ഹരം കേറിയെന്നും സജഷൻ ഷോട്ടിൽ പോലും താൻ സൈഡിൽ നിന്ന് ഫയർ ഊതിയെന്നും അർജുൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അർജുൻ അശോകൻ.
‘ഡ്യൂപ് ഒന്നും വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടൊന്നുമില്ല അവരാണ് പറഞ്ഞത് ഡ്യൂപ്പ് ഒന്നും വേണ്ട എന്ന്. കഥ കേട്ടപ്പോൾ ഞാൻ ആദ്യം വിചാരിച്ചത് ഈ സീൻ ഡ്യൂപ്പിനെ വെച്ച് ചെയ്യിപ്പിക്കും എന്നാണ്. പക്ഷേ ഇവരൊന്നും പറഞ്ഞില്ല ഇതിനെപ്പറ്റി.
പിന്നീട് കുറെ കഴിഞ്ഞ് ‘മറ്റന്നാൾ ആണ് ഫയർ ഡാൻസ് പഠിക്കണ്ടേ’ എന്നവർ ചോദിച്ചു . പഠിക്കാനോ എന്ന് ചോദിച്ച് ഞാനാകെ സ്റ്റക്ക് ആയിപ്പോയി.
എന്നെ ഡാൻസ് പഠിപ്പിച്ച സാറാണ് ശ്രീജിത്ത്, ഡാൻസ് സിറ്റി ഒക്കെ നടത്തുന്ന ആളാണ്.
അരമണിക്കൂറിന്റെ പരിപാടിയാണ് എന്ന് സാർ എന്നെ വിളിച്ചുപറഞ്ഞു. അങ്ങനെ ഞാൻ ഓക്കേ പറഞ്ഞു, പുള്ളി വന്നു. രാത്രി ഞങ്ങൾ ഹോട്ടലിന്റെ മുകളിൽ പോയി. ആദ്യം ഒരു കുപ്പി വെള്ളം തന്നു. കുടിക്കാൻ നോക്കിയപ്പോൾ അത് കുടിക്കാൻ അല്ല വായിൽ വെക്കാനും അത് തുപ്പാനും പറഞ്ഞു. ആദ്യം ഞാൻ തുപ്പിയത് നന്നായില്ല. ഒരാൾ എന്നെ പഠിപ്പിച്ചു തന്നു എങ്ങനെ ശ്വാസം കൺട്രോൾ ചെയ്ത് ചെയ്യാം എന്നത്. അങ്ങനെ കുറെ വട്ടം വെള്ളം വച്ച് ചെയ്തു പഠിപ്പിച്ചിട്ട് പിന്നെ മണ്ണെണ്ണ തന്നു. അങ്ങനെ മണ്ണെണ്ണ വെച്ച് ചെയ്യിപ്പിച്ചെടുത്ത് ഷൂട്ട് ചെയ്തു.
ഫയർ ഡാൻസ് കളിക്കുന്നത് റിസ്ക് ഉള്ള കാര്യമല്ലേ എന്നും മുഖത്തിന്റെയും ശരീരത്തിന്റെയുമൊക്കെ കാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത് താൻ മാത്രം ചിന്തിച്ചിട്ട് കാര്യമില്ല ഡയറക്ടർ കൂടെ ചിന്തിക്കേണ്ടേ എന്നായിരുന്നു തമാശ രൂപത്തിൽ അർജുൻ അശോകന്റെ മറുപടി.
‘അത് ഞാൻ മാത്രം ചിന്തിച്ചിട്ട് കാര്യമില്ലല്ലോ ഡയറക്ടറും കൂടി ചിന്തിക്കേണ്ടേ(ചിരി).
ഓരോ പടത്തിലും നമുക്ക് ഓരോ പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റും എന്ന് പറയുന്നത് സുഖമാണ് . ഇനിയെനിക്ക് ഫയർ ഡാൻസ് കളിക്കാൻ പറഞ്ഞാൽ സുഖമായിട്ട് ചെയ്യാൻ പറ്റും.
അവർ എന്നോട് പറഞ്ഞത് മൂന്നോ നാലോ ഷോട്ട് മാക്സിമം എന്നൊക്കെയാണ്. പക്ഷേ ഇതൊക്കെ ചെയ്തു തുടങ്ങിയപ്പോൾ എനിക്ക് ഹരം കൊണ്ടു. ആൾക്കാരൊക്കെ കൈയടിച്ചു തുടങ്ങിയപ്പോൾ സംഭവം കൊള്ളാം എന്ന് എനിക്ക് തോന്നി. അപ്പോൾ നമുക്ക് ഇനിയും ചെയ്യാം എന്ന് പറഞ്ഞു. സജഷൻസ് ഷോട്ട് എടുക്കുമ്പോൾ ഒക്കെ ഞാൻ സൈഡിൽ നിന്ന് ഇങ്ങനെ ഊതും. പഠിച്ചുകഴിഞ്ഞപ്പോൾ ഇതൊരു രസമായിരുന്നു. ഇത് ചെയ്യുന്ന ആൾക്കാർക്ക് ചൂട് അടിക്കില്ല സൈഡിൽ നിൽക്കുന്നവർക്ക് മാത്രമേ പ്രശ്നമുള്ളൂ,’ അർജുൻ അശോകൻ പറഞ്ഞു.
Content Highlight: Actor Arjun Ashokan says he never said he didn’t need a dupe to play fire dance in the film ‘Theopori Benny’