| Monday, 18th September 2023, 1:13 pm

മമ്മൂക്കയെ തള്ളിയിട്ട് തോക്കെടുത്തപ്പോൾ കിട്ടിയ കയ്യടി എന്നെ ഞെട്ടിച്ചു: അർജുൻ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമയുടെ പ്രേക്ഷക സ്വീകാര്യതയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അർജുൻ അശോകൻ. ഈ സിനിമയിൽ മമ്മൂക്കയെ തള്ളിയിട്ട് തോക്കെടുത്തപ്പോൾ കിട്ടിയ ആദ്യ കയ്യടി തന്നെ ഞെട്ടിച്ചുവെന്നാണ് താരം പറഞ്ഞത്. രോമാഞ്ചം താൻ പത്ത് പന്ത്രണ്ടു തവണ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ടെന്നും പ്രേക്ഷകരുടെ കയ്യടിയാണ് തനിക്ക് അടുത്ത പടം ചെയ്യാൻ പ്രചോദനമാകുന്നതെന്നും താരം പറഞ്ഞു. കൗമുദി മൂവിസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അർജുൻ അശോകൻ.

‘ ഉണ്ട എന്ന പടത്തിൽ മമ്മൂക്കയെ തള്ളിയിട്ടിട്ട് നമ്മൾ എല്ലാവരും തോക്കെടുത്തപ്പോൾ തിയേറ്ററിൽ നിന്ന് ഒരു കയ്യടി കിട്ടിയിരുന്നു. അത് ഭയങ്കര ഫീൽ ആയിരുന്നു. ഞാൻ അഭിനയിച്ച ഒരു സീനിന് ഇത്രയും കയ്യടി കിട്ടുക എന്ന് കാണുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു.
അതിന് ശേഷം ഇതേപോലൊരു മാസ്സ് പരിപാടിക്ക് കയ്യടി കിട്ടുന്നത് അജഗജാന്തരത്തിൽ ആ നടന്ന് പോകുന്ന സീനിനാണ്. ഈ കയ്യടിയെല്ലാം റിപീറ്റ്‌ ചെയ്ത് കാണാൻ വേണ്ടി വീണ്ടും തിയേറ്ററിൽ പോകുമായിരുന്നു. കാരണം അടുത്തത് ഏത് പടത്തിനാവും, എത്രനാൾ കഴിഞ്ഞിട്ടാവും ഇങ്ങനെ കയ്യടി കിട്ടുക എന്ന് അറിയില്ലല്ലോ.

ഇതുപോലെ രോമാഞ്ചം ഞാൻ പത്ത് പന്ത്രണ്ട് പ്രാവശ്യം തീയറ്ററിൽ പോയി കണ്ടു. കവിതയിൽ(തിയേറ്റർ) പോയി തന്നെ മൂന്ന് നാല് പ്രാവശ്യം കണ്ടു. കവിതയിൽ ആയിരത്തിലധികം ആളുകൾ ഒരുമിച്ച് ഇരുന്നാണ് പടം കാണുന്നത്. അതുകൊണ്ട് തന്നെ ഭയങ്കര രസമാണ് അതിന് അകത്ത് ഇരുന്ന് കാണാൻ. അപ്പോൾ കിട്ടുന്ന ആ ഒരു ഫീൽ നമ്മുടെ അടുത്ത പരിപാടിയിലേക്കുള്ള മോട്ടിവേഷനാണ്. കാരണം നമ്മൾ ചെയ്തതിന് റിസൾട്ട് ആയിട്ട് കിട്ടുന്നത് അതാണ്. അത് എക്സ്പീരിയൻസ് ചെയ്യാൻ നമ്മൾ ഇവരുടെ കൂടെ ഇരുന്ന് കണ്ടാൽ മതി.

പല തരത്തിലുള്ള ക്യാരക്ടേഴ്‌സ് ഓപ്റ്റ് ചെയ്യുമ്പോൾ നമുക്കൊരു സുഖം ഉണ്ടാകും അടുത്തത് ചെയ്യാൻ. ഒരേ പോലെയുള്ള പരിപാടി നമ്മൾ എത്രവട്ടം ചെയ്താലും ഒരു പോയിന്റിൽ മടുത്ത് പോവും. അതുകൊണ്ടാണ് വേറെ ടൈപ്പ് ക്യാരക്റ്റർ ചെയ്യുന്നത്. വേറെ ഒരാളായിട്ട് നമുക്ക് കുറച്ച് കാലത്തേക്ക് ജീവക്കാമല്ലോ എന്ന ചിന്തയിലാണ് ചെയ്യുന്നത് ,’അർജുൻ അശോകൻ പറഞ്ഞു.

Content Highlight:  Actor Arjun Ashokan said that he was shocked when he pushed Mammootty and took the gun

We use cookies to give you the best possible experience. Learn more