| Tuesday, 6th June 2023, 2:30 pm

രോമാഞ്ചം പന്ത്രണ്ട് തവണ കണ്ടു; ഇനിയിങ്ങനെയൊരു കഥാപാത്രം കിട്ടുമെന്ന് ഉറപ്പില്ല: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചം എന്ന സിനിമ പന്ത്രണ്ട് തവണ കണ്ടുവെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. രോമാഞ്ചത്തിലെ തന്റെ ആക്ഷനുകളൊക്കെ ഡയറക്ടര്‍ കൃത്യമായി പറഞ്ഞുതന്നിരുന്നുവെന്നും സിനിമ ഇത്ര വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രോമാഞ്ചത്തിലെ എന്റെ ആക്ഷനുകളൊക്കെ എങ്ങനെയാണ് വേണ്ടതെന്ന് ഡയറക്ടര്‍ കൃത്യമായി പറഞ്ഞുതന്നിരുന്നു. പിന്നെ എന്റേതായ സംഭാവനയുമുണ്ട്. വളരെ എന്‍ജോയ് ചെയതാണ് സിനിമ ചെയ്തത്.

എന്നോട് ജിത്തുചേട്ടന്‍ പറഞ്ഞത്, എന്റെ പെരുമാറ്റം എപ്പോഴും ആളുകളെ ആദ്യമായി കാണുന്നത് പോലെയായിരിക്കണമെന്നും കൂടാതെ അവരെ എപ്പോള്‍ കണ്ടാലും ഒരേപോലെ ഗ്രീറ്റ് ചെയ്യണമെന്നുമാണ്. അതാണ് എന്റെ കഥാപാത്രത്തിന്റെ പ്രത്യേകതയെന്നുമാണ്.

അത് കേട്ടപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡായി. ഞാന്‍ ആ എക്‌സ്പ്രഷന്‍ നിലനിര്‍ത്തിക്കൊണ്ട് അഭിനയിക്കാന്‍ നോക്കി. എല്ലാ കഥാപാത്രത്തെയും ആദ്യമായിട്ട് കാണുന്നപോലെ തന്നെ ബിഹേവ് ചെയ്യാന്‍ ഞാന്‍ പ്രാക്ടീസ് ചെയ്തുകൊണ്ടേയിരുന്നു. ആ സിനിമയിലഭിനയിച്ച എല്ലാവരും എന്റെ എക്‌സ്പ്രഷനോട് നന്നായിതന്നെ റെസ്‌പോണ്ട് ചെയ്തതുകൊണ്ട് കൂടിയാണ് പ്രേക്ഷകര്‍ക്കത് ഇഷ്ടപ്പെടാന്‍ കാരണം.

രോമാഞ്ചം ആളുകള്‍ക്കിഷ്ടപ്പെടുമെന്ന് തോന്നിയിരുന്നു. ഞങ്ങള്‍ തന്നെ സിനിമകണ്ട് കുറേ ചിരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇത്ര വലിയ ഹിറ്റാവുമെന്ന് വിചാരിച്ചതേയില്ല. എറണാകുളം കവിത തിയേറ്ററില്‍ തന്നെ രണ്ടു തവണ പോയി സിനിമ കണ്ടു. മൊത്തം പന്ത്രണ്ട് തവണ സിനിമ കണ്ടു. കാരണം തിയേറ്ററില്‍ നിന്നുള്ള ആളുകളുടെ റെസ്‌പോണ്‍സുകള്‍ കാണാന്‍ വളരെ രസമായിരുന്നു.

ഇത്രയും സ്വീകാര്യത കിട്ടുന്നൊരു കഥാപാത്രം ഇനി കിട്ടുമോയെന്നൊന്നും അറിയില്ലാലോ. അതുകൊണ്ട് തന്നെ അത് മാക്‌സിമം എന്‍ജോയ് ചെയ്തിരുന്നു. രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം എന്തായാലും വരും. എന്താണതിന്റെ കഥയെന്നൊന്നും എനിക്ക് ധാരണയില്ല , ‘ അര്‍ജുന്‍ പറഞ്ഞു.

നായക കഥാപാത്രങ്ങള്‍ ആകെ ചെയ്തത് നാലഞ്ച് സിനിമകളില്‍ മാത്രമാണെന്നും വരത്തന്‍ എന്ന സിനിമക്ക് ശേഷമാണ് വില്ലന്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ ചെയ്യണമെന്ന് തോന്നിയതെന്നും നടന്‍ പറഞ്ഞു.

‘നായക കഥാപാത്രങ്ങള്‍ ആകെ ചെയ്തത് നാലഞ്ച് സിനിമകളില്‍ മാത്രമാണ്. വരത്തന്‍ എന്ന സിനിമ ചെയ്തതിന് ശേഷമാണ് വില്ലന്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ ചെയ്യണമെന്ന് തോന്നിയത്.

കുറച്ച് കൂടിയൊരു സ്‌ക്രീന്‍ സ്‌പേസുള്ളൊരു വില്ലന്‍ ചെയ്യണമെന്നൊക്കെ തോന്നിയിരുന്നു. വരത്തന് ശേഷം അജഗജാന്തരം എന്ന സിനിമയില്‍ അങ്ങനെയൊരു വേഷം കിട്ടിയതില്‍ സന്തോഷമുണ്ട്, ‘ അര്‍ജുന്‍ പറഞ്ഞു.

Content Highlights: Actor Arjun Ashokan about Romancham movie

We use cookies to give you the best possible experience. Learn more