|

അന്നൊക്കെ പൃഥ്വിരാജിനെ കോപ്പിയടിച്ച് ഒരുപാട് ചെത്തി നടന്നിട്ടുണ്ട്, ഈ സിനിമയിലും അതുണ്ട്: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ റിലീസിനെത്തിയ വര്‍ഷമായിരുന്നു 2007. പൃഥ്വിരാജ് നായകനായെത്തിയ റൊമാന്റിക് കോമഡി ചിത്രം ചോക്ലേറ്റും ആ വര്‍ഷം തന്നെയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഡ്രസിങ് സ്‌റ്റൈല്‍ അക്കാലത്തെ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡിങ് ആയിരുന്നു.

ആ സമയത്ത് പൃഥ്വിരാജിന്റെ ഡ്രസിങ് സ്‌റ്റൈല്‍ താന്‍ അനുകരിച്ചിരുന്നു എന്ന് പറയുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. രോമാഞ്ചം സിനിമയുടെ ഭാഗമായി പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ചിത്രത്തില്‍ കാണിച്ച ചോക്ലേറ്റ് സിനിമയുടെ റഫറന്‍സ് പോലെ ജീവിതത്തിലും അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എട്ടിലോ, ഒമ്പതിലോ പഠിക്കുന്ന സമയത്താണ് ചോക്ലേറ്റ് റിലീസാവുന്നത്. അന്ന് ഡോളര്‍ സൈന്‍ ബെല്‍റ്റും കെട്ടി, ഷര്‍ട്ട് ഇന്‍ ചെയ്ത് ഞാനും കുറേ ചെത്തി നടന്നിട്ടുണ്ട്. അന്ന് അങ്ങനെ നടക്കാത്തതായി ആരും കാണില്ല. രാജുവിന്റെ സ്‌റ്റൈല്‍ കോപ്പി ചെയ്ത് പൊളിച്ചിട്ടുണ്ട് അന്ന്. ഈ ചിത്രത്തിലും സജി ഗോപു ചെയ്ത നിരൂപെന്ന കഥാപാത്രം പൃഥ്വിരാജ് ഫാനാണ്. ആ ബുള്‍ഗാനും, സ്‌റ്റൈലും പിടിച്ചാണ് പുള്ളി നടക്കുന്നത്,’ അര്‍ജുന്‍ പറഞ്ഞു.

ഗപ്പി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജിത്തു മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ഫെബ്രുവരി 3നാണ് രോമാഞ്ചം തിയേറ്ററുകളിലെത്തിയത്. സ്വാഭാവിക നര്‍മത്തില്‍ പൊതിഞ്ഞ ഒരു ഹൊറര്‍ ത്രില്ലറാണ് സിനിമ. ബെംഗളൂരു നഗരത്തിലെ പ്രാന്തപ്രദേശത്തെ ഒരു വീട്ടില്‍ താമസിക്കുന്ന ജിബിയുടെയും(സൗബിന്‍) കൂട്ടുകാരുടെയും ഇടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പശ്ചാത്തലം.

ചിത്രത്തില്‍ അര്‍ജുന്‍ അശോകന് പുറമെ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരന്നിട്ടുണ്ട്. പുതുമുഖങ്ങളാണെന്ന് പറയുമ്പോഴും ഇവരെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലും വെബ് സീരീസുകളിലുമായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവരാണ്.

content highlight: actor arjun ashokan about prithviraj dressing style