| Saturday, 4th March 2023, 8:14 am

പട്ടിപോലും തിരിഞ്ഞ് നോക്കാത്തവനെയാണോ നീ നോക്കുന്നതെന്നാണ് മമിത ചോദിച്ചത്, പിന്നെയത് വലിയ ട്രോളായി: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്ത സിനിമയാണ് പ്രണയവിലാസം. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. സൂപ്പര്‍ ശരണ്യ എന്ന സിനിമയിലും മൂന്ന് പേരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയില്‍ മമിത പറയുന്ന ഒരു ഡയലോഗ് പ്രണയവിലാസം റിലീസാകുമ്പോള്‍ ട്രോളായി വരുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു എന്നും അര്‍ജുന്‍ പറഞ്ഞു.

സൂപ്പര്‍ ശരണ്യയില്‍ അനശ്വരയും അര്‍ജുനുമായിരുന്നു പെയറായി എത്തിയിരുന്നത്, മമിത അനശ്വരയുടെ സുഹൃത്തായിരുന്നു. എന്നാല്‍ പ്രണയവിലാസത്തിലേക്ക് വരുമ്പോള്‍ അര്‍ജുന്‍ അശോകന്റെ പെയറായെത്തുന്നത് മമിതയാണ്. തങ്ങള്‍ വിചാരിച്ചത് പോലെ തന്നെ സിനിമ റിലീസായപ്പോള്‍ ട്രോളുകള്‍ വന്നെന്നും താരം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ കഥകേള്‍ക്കുമ്പോള്‍ ബാക്കി കാസ്റ്റ് ഒന്നും തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെയാണ് ബാക്കിയുള്ളവരെ തീരുമാനിക്കുന്നത്. അപ്പോള്‍ നോക്കുമ്പോഴാണ് ഇത് സൂപ്പര്‍ ശരണ്യയുടെ ടീമാണല്ലോ എന്നോര്‍ക്കുന്നത്. എന്നാല്‍ ഈ സിനിമ അതുപോലെയല്ല.

ഈ സിനിമയില്‍ മമിത എന്റെ പെയറായിട്ടാണ് വരുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ നമ്മള്‍ പറഞ്ഞിരുന്നു നല്ല ട്രോള്‍ വരാന്‍ സാധ്യതയുണ്ടെന്ന്. അതിന്റെ പേരില്‍ ട്രോള്‍ വരികയും ചെയ്തു. സൂപ്പര്‍ ശരണ്യയില്‍ മമിതയും അനശ്വരയും ഹോസ്റ്റലിലിരുന്ന് സംസാരിക്കുന്ന ഒരു സീനുണ്ട്.

ദീപുവുമായി ശരണ്യ ഇഷ്ടത്തിലായി എന്ന് പറയുമ്പോള്‍ മമിതയുടെ കഥാപാത്രം സോന പറയുന്നുണ്ട്, അവനെയോ ഒരു പട്ടിപോലും തിരിഞ്ഞ് നോക്കാത്ത അവനെയോ എന്ന്. അത് നേരെ കട്ട് ചെയ്ത് ഈ പടത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരും അവനെ പ്രേമിച്ചതിന് ശേഷമാണ് അറിയാന്‍ നില്‍ക്കുന്നത്, ഞാന്‍ അവനെ അറിഞ്ഞതിന് ശേഷമാണ് പ്രേമിച്ചതെന്ന് ഇവിടെ മമിത പറയുന്നുണ്ട്.

അത് കേള്‍ക്കാന്‍ നല്ല രസമുണ്ട്. ഈ ഡയലോഗ് വന്നാല്‍ ആള്‍ക്കാരെടുത്ത് ട്രോള്‍ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. ഈ സിനിമയുടെ സെറ്റില്‍ ഞങ്ങളെല്ലാം ഭയങ്കര ഹാപ്പിയായിരുന്നു. നന്നായി എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞു,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

content highlight: actor arjun ashokan about pranayavilasam movie and mamitha baiju

Latest Stories

We use cookies to give you the best possible experience. Learn more