ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് അപ്പാനി ശരത്. ചിത്രത്തിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ കഥാപാത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ നടന്‍ കൂടിയാണ് ശരത്.
എന്നാല്‍ അങ്കമാലി ഡയറീസിന് ശേഷം തമിഴിലാണ് അപ്പാനി ശരതിന് മികച്ച വേഷങ്ങള്‍ കൂടുതലും ലഭിച്ചത്. ഇപ്പോള്‍ മലയാളത്തില്‍ എന്തുകൊണ്ട് അവസരങ്ങള്‍ ലഭിച്ചില്ലെന്ന് പറയുകയാണ് അദ്ദേഹം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
അങ്കമാലി ഡയറീസില്‍ അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ച താങ്കളെ പിന്നീട് ഏറ്റെടുക്കുന്നത് തമിഴ് ഇന്‍ഡസ്ട്രിയാണ്. മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യം ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തോട് ശരത് പ്രതികരിച്ചു.
‘മലയാളത്തില്‍ ധാരാളം സിനിമകള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. കാരണം മലയാളത്തില്‍ അങ്കമാലി ഡയറീസിന് ശേഷം എന്നെ എക്‌സൈറ്റ് ചെയ്ത മറ്റൊരു വേഷം എനിക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല.
എനിക്ക് വേഷങ്ങള്‍ തന്ന എല്ലാവരോടും നന്ദി പറയുന്നു. ലഭിക്കുന്ന കഥാപാത്രങ്ങളേ ചെയ്യാന്‍ സാധിക്കൂ. തികഞ്ഞ ആത്മാര്‍ഥതയോടെ ഞാന്‍ അതെല്ലാം ചെയ്യാനും ശ്രമിക്കാറുണ്ട്. എല്ലാ തരത്തിലുമുള്ള വേഷങ്ങള്‍ ചെയ്തുവെങ്കില്‍ മാത്രമേ നമ്മുടെ കഴിവ് നമുക്ക് തെളിയിക്കാനാകൂ. അതിനായുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഞാന്‍,’ അപ്പാനി ശരത് പറയുന്നു.
അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ശരത് അഭിനയിച്ചത്. അതേസമയം തമിഴില്‍ ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 എന്നീ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് വെബ്‌സീരിസായ ഓട്ടോ ശങ്കറിലെ ശരതിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ജല്ലിക്കെട്ടിനെ ആസ്പദമാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ശരത് ഇനി നായകനായി എത്തുക. മലയാളത്തിലും തമിഴിലുമായി പുതിയ ചിത്രങ്ങളും വെബ് സീരിസുകളും ഇറങ്ങാനുണ്ടെന്നും അപ്പാനി ശരത് പറഞ്ഞു.
സിനിമയിലെത്തിയ ശേഷം തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും ആളുകള്‍ തന്നെ കാണുന്നതിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് സിനിമയിലൂടെയാണെന്നും അങ്കമാലി ഡയറീസ് കണ്ടിരുന്നില്ലെങ്കില്‍ അപ്പാനി ശരതിനെ ഇന്നും ആര്‍ക്കും അറിയില്ലായിരുന്നുവെന്നും നടന്‍ പറയുന്നു.
‘ഞാന്‍ മാറിയിട്ടില്ലെങ്കിലും പലരും എന്നെ നോക്കിക്കാണുന്ന രീതി മാറി. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ വരികയും സംസാരിക്കുകയും സെല്‍ഫി എടുക്കുന്നതുമെല്ലാം സിനിമ നല്‍കിയ എക്സ്ട്രാ ബോണസാണ്. അതിന് പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് അവരോട് ഒരു പ്രതിബദ്ധതയുണ്ട്’ ശരത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക