| Tuesday, 5th September 2023, 1:11 pm

ബാങ്ക് ബാലന്‍സ് വട്ടപൂജ്യമായി, കാറ് വിറ്റു, കുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാശില്ലാത്ത അവസ്ഥ വന്നു; അപ്പാനി ശരത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളില്‍ നിന്നും തിരിച്ചടി നേരിട്ട കാലത്തെ കുറിച്ചും കയ്യില്‍ ഒരു രൂപപോലും എടുക്കാനില്ലാതെ, കുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയാതെ വിഷമിച്ച സമയത്തെ കുറിച്ചുമൊക്കെ ഓര്‍ത്തെടുക്കുകയാണ് നടന്‍ അപ്പാനി ശരത്ത്.

ആഗ്രഹിച്ചു വാങ്ങിയ വാഹനം വിറ്റ നാളുകളെ കുറിച്ചും ആ പ്രതിസന്ധിയില്‍ നിന്നൊക്കെ താന്‍ പിന്നീട് കരകയറിയതിനെ കുറിച്ചുമൊക്കെയാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിക്കുന്നത്.

ആ ഘട്ടത്തിലും ഒന്നും ആരേയും അറിയിച്ചിട്ടില്ലെന്ന് ശരത്ത് പറയുന്നു. ആഗ്രഹിച്ചു വാങ്ങിയ കാര്‍ വില്‍ക്കേണ്ടി വന്നതിനേക്കാള്‍ തന്നെ വിഷമിപ്പിച്ചത് ആ കാറില്‍ കയറി യാത്രചെയ്ത ചിലയാളുകളുടെ കുത്തുവാക്കുകളാണന്നും ശരത്ത് പറഞ്ഞു. താന്‍ അതിജീവിച്ച പ്രതിസന്ധികളെ കുറിച്ച് വികാരഭരിതനായാണ് അപ്പാനി ശരത്ത് അഭിമുഖത്തില്‍ സംസാരിച്ചത്.

‘ ഒരു സൈക്കിള്‍ ആഗ്രഹിച്ച സമയത്ത് അതെനിക്ക് കിട്ടിയിട്ടില്ല. ചെറുപ്പക്കാരനെന്ന നിലയില്‍ ഒരു ഷൂ ആഗ്രഹിച്ച സമയത്ത് അതെനിക്ക് കിട്ടിയിട്ടില്ല. നല്ലൊരു ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചിട്ട് കിട്ടിയിട്ടില്ല. എല്ലാം കാലംതെറ്റിയാണ് എനിക്ക് കിട്ടിത്തുടങ്ങിയത്.

സിനിമയില്‍ എത്തിയ ശേഷം കാശൊക്കെ ആയപ്പോള്‍ എനിക്ക് വേണമെങ്കില്‍ ആര്‍ഭാടമായി ജീവിക്കാമായിരുന്നു. എന്നാല്‍ അന്നും ഇന്നും ഞാന്‍ അങ്ങനെ ജീവിച്ചിട്ടില്ല. അഭിനയം എനിക്ക് ഉപജീവനം കൂടിയാണ്. അതില്‍ നിന്നാണ് ഞാന്‍ അരി വാങ്ങുന്നത്. ഒന്നോ രണ്ടോ മാസം ഷൂട്ടില്ലെങ്കില്‍ വേറെ വഴിയില്ല. എല്ലാവരും എന്നെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അപ്പോള്‍ എന്റെ മുന്‍പില്‍ ഇത് മാത്രമേയുള്ളൂ.

സ്വന്തമായി ഞാനൊരു വണ്ടി വാങ്ങുന്നത് വെളിപാടിന്റെ പുസതകത്തിന് ശേഷമാണ്. ആ കാറൊക്കെ കയ്യില്‍ നിന്ന് പോയി. കൊവിഡ് സമയത്തൊക്കെയാണ് അത്. സിനിമകള്‍ കുറയുകയും വരുമാനം കുറയുകയും ചെയ്തു. വലിയ കഷ്ടപ്പാടിന്റെ സമയമായിരുന്നു.

ബാങ്ക് ബാലന്‍സൊക്കെ വട്ടപൂജ്യമായ സമയമുണ്ട്. ആരോടും പറഞ്ഞിട്ടില്ല. കുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കാശില്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ട്. അവിടെയൊക്കെ എന്റെ കൂടെ നിന്നത് എന്റെ ഭാര്യയാണ്. അച്ഛനെയോ അമ്മയേയോ വിളിച്ച് വിഷമം പറഞ്ഞിട്ടില്ല.

പട്ടിണി കിടക്കുമ്പോഴും മറ്റുള്ളവരെ ഹാപ്പിയാക്കിയിട്ടുണ്ട്. ഞാന്‍ മാത്രമേ അവര്‍ക്കുള്ളൂ. വണ്ടിയൊക്കെ നഷ്ടപ്പെട്ടപ്പോള്‍ ഭയങ്കര ദു:ഖമായിരുന്നു. (കരയുന്നു). നമ്മള്‍ എല്ലാം നേരിട്ടു. വണ്ടിയില്‍ കയറി യാത്ര ചെയ്ത ആള്‍ക്കാര്‍ പോലും നമ്മളെ മാറി നിന്ന് കളിയാക്കി.

‘അവന്‍ വണ്ടി വിറ്റു, അറിഞ്ഞില്ലേ അവന്‍ താഴേക്ക് പോയി. ഒന്നും അല്ലാത്തവനായിപ്പോയി എന്നൊക്കെ പറഞ്ഞു. പക്ഷേ നമ്മള്‍ അവിടേയും തോറ്റില്ല. ദൈവം ഉള്ളതുകൊണ്ടാണ് അത്. നമ്മള്‍ അത്രയും ആത്മാര്‍ത്ഥമായാല്‍ മാത്രം മതി.

പലതും നഷ്ടപ്പെട്ടിട്ടും തിരിച്ചുപിടിക്കാന്‍ പറ്റുമെന്ന ഉറച്ചവിശ്വാസമുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഓടിക്കുന്ന വണ്ടി ബി.എം.ഡബ്ല്യു ആണ്. ഞാന്‍ എന്റെ സ്വന്തം വണ്ടിയിലാണ് എറണാകുളത്തൂടേയും തിരുവനനന്തപുരത്തൂടെയും യാത്ര ചെയ്യുന്നത്.

അതുകൊണ്ട് അങ്ങനെ പെട്ടെന്നൊന്നും തോല്‍ക്കാന്‍ പറ്റില്ല. എനിക്ക് ഏറ്റവും സങ്കടമായത് സിനിമയില്‍ എത്തി സെറ്റ് ആയ ശേഷവും ഞാന്‍ പരാജയത്തിലേക്ക് പോയി എന്നതാണ്. അത് എനിക്ക് വലിയ അടിയായിരുന്നു. അപ്പോഴും വീട്ടുകാരും സുഹൃത്തുക്കളും എന്റെ കൂടെ നിന്നു,’ അപ്പാനി ശരത്ത് പറഞ്ഞു.

Content Highlight: Actor Appani Sarath about the Struggles he faced on life and Movies

We use cookies to give you the best possible experience. Learn more