ജീവിതത്തില്‍ നേരിട്ട അപമാനങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് നടന്‍ അപ്പാനി ശരത്ത്. മറക്കാതിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ലെന്നും അടുത്ത സ്റ്റെപ്പിലേക്ക് കുതിക്കാനുള്ള ഒരു പവര്‍ അത് നമുക്ക് നല്‍കുമെന്നതുകൊണ്ടാണെന്നും അപ്പാനി ശരത്ത് പറഞ്ഞു.
പലപ്പോഴും പല ഘട്ടത്തിലും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ അതിനെയൊക്കെ അതിജീവിക്കാനുള്ള മനശക്തി തനിക്കുണ്ടായിട്ടുണ്ടെന്നും അപ്പാനി പറഞ്ഞു. പോപ്പര്‍ സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ നേരിട്ട അപമാനങ്ങള്‍ മറക്കേണ്ടതില്ല. കാരണം ചിലപ്പോള്‍ അതായിരിക്കാം എനിക്ക് അടുത്ത സ്‌റ്റെപ്പിലേക്ക് കുതിക്കാന്‍ പറ്റിയ പവര്‍. ഒരിക്കലും ഞാന്‍ പരാതി പറയില്ല. അങ്ങനെ പറയേണ്ട ആവശ്യമില്ല. നമ്മള്‍ നമുടെ ജോലി ചെയ്ത് പോയാല്‍ മതി. നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും.
ഈ പറയുന്നവരും ചെയ്യുന്നവരും എവിടുന്നൊക്കെ നമ്മളെ ഒഴിവാക്കും. എവിടുന്നൊക്കെ മാറ്റിനിര്‍ത്തും. ഞാന്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഒരു കത്ത് കൊണ്ടുകൊടുത്ത് സിനിമയില്‍ വന്ന ആളല്ല. അതുകൊണ്ട് ഇതൊന്നും എനിക്കൊരു സംഭവമേയല്ല.
അപമാനിക്കപ്പെടുമ്പോള്‍ വിഷമം ആകുമോ എന്ന് ചോദിച്ചാല്‍ വിഷമം ഉണ്ടാകും. ഞാന്‍ പട്ടി കരയും പോലെ കരഞ്ഞ സംഭവങ്ങളൊക്കെയുണ്ട്. നൂറും ഇരുന്നൂറും പേരടങ്ങുന്ന ക്യാമ്പില്‍ നിന്ന് എന്നെ ഇറക്കിവിട്ടിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെ. അന്നൊക്കെ മാറി നിന്ന് കരഞ്ഞിട്ടുണ്ട്.
നാടക ക്യാമ്പില്‍ നിന്നൊക്കെ വൈകി വന്നെന്ന് കാരണം പറഞ്ഞായിരിക്കും ആ ഇറക്കിവിടലൊക്കെ. താമസിച്ചു വന്നതിന്റെ കാരണം എന്തായിരിക്കുമെന്ന് പലര്‍ക്കും അറിയില്ലായിരിക്കും.
രാവിലെ ഉറങ്ങി എഴുന്നേറ്റാല്‍ ഉടനെ നമുക്ക് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ല. അവിടെ ചെയ്തു വെക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടാകും. ഇനി വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തന്നെ വണ്ടിക്കൂലിക്കുള്ള കാശ് കൈയിലുണ്ടാവില്ല. ലിഫ്റ്റടിച്ചൊക്കെ കഷ്ടപ്പെട്ടായിരിക്കും നാടക ക്യാമ്പിലൊക്കെ എത്തുക.
ഇപ്പോഴും ഞാന്‍ ആ ജീവിതത്തെ കുറിച്ചൊക്കെ ഓര്‍ക്കാറുണ്ട്. എന്നോട് എന്റെ ഭാര്യ പറയും, നിങ്ങള്‍ ഇപ്പോഴും പഴയ കാര്യത്തെ കുറിച്ചാണല്ലോ ഇപ്പോഴും സംസാരിക്കുന്നത് എന്ന്.
എനിക്ക് പറയാന്‍ അതേയുള്ളൂ. പുതുതായി എനിക്ക് അത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പറയാനില്ല. ഐ.ആര്‍.ടി.സിയില്‍ ചായക്കച്ചവടം നടത്തിയ സമയമുണ്ട്. ഒരിക്കല്‍ അന്ന് കൂടെ വര്‍ക്ക് ചെയ്ത ഒരാളെ പനമ്പിളി നഗറില്‍ വെച്ച് കണ്ടു. പുള്ളി എന്റെ അടുത്തേക്ക് ഓടി വന്നു.
ഞങ്ങള്‍ ദല്‍ഹിയില്‍ പോയതിനെ പറ്റിയും അന്നത്തെ അനുഭവങ്ങളെ കുറിച്ചുമൊക്കെയായിരുന്നു ഞാന്‍ അന്ന് മുഴുവന്‍ സംസാരിച്ചത്. അതൊന്നും മറന്ന് പെരുമാറാനാവില്ല. വന്ന വഴികള്‍ ഒരിക്കലും മറക്കരുത് എന്ന് കരുതുന്ന ആള്‍ തന്നെയാണ് ഞാന്‍,’ അപ്പാനി ശരത്ത് പറഞ്ഞു.
Content Highlight: Actor Appani Sarath about the Struggles and his cinema career