ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാളത്തില്‍ ആഘോഷത്തോടെ അരങ്ങേറ്റം കുറിച്ച നടനാണ് അപ്പാനി ശരത്. പിന്നീട് വെളിപാടിന്റെ പുസ്തകം, മാലിക് എന്നിങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തി.
തമിഴില്‍ ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസിലൂടെയും താരം സാന്നിധ്യമറിയിച്ചു.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ ജീവിതം പറയുന്ന ‘ആദിവാസി’ എന്ന സിനിമയാണ് അപ്പാനി ശരത്തിന്റെതായി അണിയറയിലൊരുങ്ങുന്നത്.
തന്നെക്കുറിച്ച് ഏറ്റവുമധികം കേട്ടിട്ടുള്ള ഗോസിപ്പ് എന്താണെന്ന് പറയുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശരത്.
തനിക്ക് ജാഡ കൂടുതലാണെന്നും അഹങ്കാരിയാണെന്നുമൊക്കെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം നെഗറ്റീവുകള്‍ക്ക് താന്‍ ചെവി കൊടുക്കാറില്ല എന്നുമാണ് ശരത് പറയുന്നത്.
”പൊതുവെ, എനിക്ക് ഇത്തിരി ജാഡ കൂടുതലാണ്, അഹങ്കാരിയാണ് എന്നൊക്കെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. ഞാന്‍ ഏതോ ലൊക്കേഷനില്‍ കാരവാന് തീവെച്ചു- അങ്ങനെയൊക്കെയുള്ള രസകരമായ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്.
പക്ഷെ, എനിക്കത് വലിയ ഗോസിപ്പായി തോന്നിയിട്ടില്ല. പൊതുവെ എന്തെങ്കിലും നെഗറ്റീവ്‌സ് വന്നാലും ഞാന്‍ അത് എടുക്കാറില്ല. കാരണം അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഇത് കേട്ട് നില്‍ക്കാനുള്ള സമയവുമില്ല.
ഈ ഗോസിപ്പ് കേട്ട് ഞാന്‍ സ്റ്റക്കായി നിന്നുപോയാല്‍ സമയം പോകുകയേ ഉള്ളൂ. ഞാനില്ലെങ്കില്‍ എന്നേക്കാള്‍ കഴിവുള്ള ഒരുപാട് പേര്‍ ഇവിടെയുണ്ട്. എനിക്ക് ഇവിടെ പിടിച്ച് നില്‍ക്കണമെങ്കില്‍ ഇത്തരത്തിലുള്ള നെഗറ്റീവ്‌സ് ഞാന്‍ എടുക്കാന്‍ പാടില്ല,” അപ്പാനി ശരത് പറഞ്ഞു.
നെഗറ്റീവ് റോളുകള്‍ അധികം ചെയ്യുന്നത് കാരണം താന്‍ വയലന്റ് ആയ ഒരാളാണെന്നാണ് പുറമെ നിന്ന് കേള്‍ക്കുന്നതെന്ന് കഥ പറയാന്‍ വരുന്നവര്‍ പറയാറുണ്ടെന്നും ശരത് പറഞ്ഞു.
”എന്നോട് കഥ പറയാന്‍ വരുന്ന ആള്‍ക്കാരൊക്കെ വീട്ടില്‍ വന്ന് കഥ പറഞ്ഞ ശേഷം പറയും, ഞങ്ങള്‍ ശരത്തിനെക്കുറിച്ച് പുറത്ത് കേട്ടത് ഭയങ്കര പ്രശ്‌നക്കാരനാണ്, എന്നാണ്. വയലന്‍സുള്ള ക്യാരക്ടേഴ്‌സ് ചെയ്യുന്നത് കൊണ്ട് അങ്ങനത്തെ സ്വഭാവമുള്ള ആളാണന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചത്, എന്നാണ്.
പക്ഷെ, ഞാനുമായി അടുത്ത് നില്‍ക്കുമ്പോള്‍, ഞാന്‍ എന്താണെന്നുള്ള കാര്യം മനസിലാകും,” ശരത് പറഞ്ഞു.
Content Highlight: Actor Appani Sarath about the gossips he heard about him