സിനിമാ രംഗത്തു നിന്നും താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ അപ്പാനി ശരത്ത്. സിനിമയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പല തിരിച്ചടികളും തനിക്ക് നേരിടേണ്ടി വന്നെന്നും താന്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ തനിക്കെതിരെ പല രീതിയില്‍ വാര്‍ത്തയായി വന്നുവെന്നും അപ്പാനി ശരത്ത് പറഞ്ഞു.
ഒരു സിനിമയുടെ ഷൂട്ടിനിടെ വസ്ത്രം മാറാനായി കാരവനിലേക്ക് കയറാന്‍ നിന്ന തന്നെ തടഞ്ഞെന്നും പുറത്തുള്ള ഒരു ബാത്ത്‌റൂമില്‍ വെച്ച് കരഞ്ഞുകൊണ്ട് തനിക്ക് വസ്ത്രം മാറ്റേണ്ടി വന്നെന്നും എന്നാല്‍ കാരവനില്ലാതെ താന്‍ അഭിനയിക്കില്ലെന്ന രീതിയിലാണ് പിന്നീട് വാര്‍ത്ത വന്നതെന്നും അപ്പാനി ശരത്ത് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപ്പാനി ശരത്ത്.
‘ സിനിമയില്‍ എത്തി ഒന്ന് സെറ്റായ ശേഷവും ഞാന്‍ വീണ്ടും പരാജയത്തിലേക്ക് പോയി. അതെനിക്ക് വലിയ അടിയായിരുന്നു. എന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അതറിയാം. എന്തിനാണ് വിഷമിക്കുന്നത്, അടുത്ത സിനിമ വരും, നീ കാത്തിരിക്കെന്ന് പറഞ്ഞ് അവര്‍ ഒപ്പം നിന്നു.
എനിക്ക് പാളിച്ച പറ്റിയത് എവിടെയാണെന്ന് അറിയില്ല. അങ്കമാലിയൊക്കെ കഴിഞ്ഞ ശേഷം നല്ല സിനിമയേത്, മോശം സിനിമയേത് എന്ന് എനിക്ക് തിരിച്ചറിയാനായിരുന്നില്ല. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് നമ്മളെ വിളിക്കുമ്പോള്‍ പോകും അഭിനയിക്കും. അവിടെയൊക്കെ ചില പണികള്‍ എനിക്ക് കിട്ടി. നല്ല സിനിമകളില്‍ നിന്ന് ഒഴിവാക്കലുകളൊക്കെ ഉണ്ടായി. ഇടക്കാലത്താണ് ഇത്. ഇപ്പോഴത്തെ കാര്യമല്ല. ഇടക്കാലത്ത് സിനിമകലില്‍ നിന്ന് വിളി കുറവായിരുന്നു. ആ സമയത്ത് ചില തമിഴ് സിനിമകളിലൊക്കെ അഭിനയിച്ചു.
സിനിമകളില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കിയ സാഹചര്യങ്ങളുമുണ്ട്. ഒരു തെറ്റും ചെയ്യാതെയാണ് ഇതൊക്കെ. ഞാന്‍ കാരണം ഒരു ഷൂട്ടിനോ മറ്റോ പ്രശ്‌നം ഉണ്ടായിട്ടില്ല. പണ്ട് എന്നെ കുറിച്ച് ഒരു വാര്‍ത്ത വന്നു. അപ്പാനി ശരത്ത് കാരവനില്ലാതെ അഭിനയിക്കില്ലെന്ന്.
ഞാന്‍ ലളിതമായ ഒരു കാര്യം പറയാം. തിരുവനന്തപുരം ശംഖുമുഖത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. ഞാന്‍ റൂമില്‍ നിന്ന് ലൊക്കേഷനിലേക്ക് വന്നു. അന്ന് ഷൂട്ട് കാണാന്‍ എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളും നാട്ടിലുള്ള കുറച്ചു ബന്ധുക്കളും അവിടെ വന്നിട്ടുണ്ട്.
ഞാന്‍ വണ്ടിയില്‍ വന്ന് ഇറങ്ങിയ ശേഷം ഇവരുടെ കൂടെ ഫോട്ടോയെടുത്തു. അതിന് ശേഷം ഞാന്‍ ഡ്രസ് മാറാന്‍ കാരവിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന ആള്‍ എന്നെ തടയുകയാണ്. ഇത് ഞാന്‍ വിട്ട വിഷയമാണ്. പക്ഷേ ക്ലാരിറ്റി വേണമെന്നതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്.
എന്താണ് ഏട്ടാ കാര്യമെന്ന് ചോദിച്ചപ്പോള്‍ കാരവനില്‍ ഇനി കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. 25 ദിവസമായി അതില്‍ കയറി വസ്ത്രം മാറ്റിയ ആളാണ് ഞാന്‍. ഏതാണ് സിനിമയെന്നൊന്നും ഞാന്‍ പറയുന്നില്ല. ആ കോസ്റ്റിയൂമര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ശംഖുമുഖത്ത് ബാത്ത്‌റൂമില്‍ നിന്നാണ് ഞാന്‍ ഡ്രസ് മാറിയത്. ഞാന്‍ അപ്പോള്‍ കരയുന്നുണ്ട്. എന്റെ കൂടെ അന്ന് ഡ്രസ് മാറാന്‍ അങ്കമാലി ഡയറീസിലെ ബിറ്റോ ഡേവിസ് ചേട്ടനൊക്കെയുണ്ട്. ഞാന്‍ കരയുന്നത് കണ്ടിട്ട് പുള്ളി എന്നോട് ചോദിച്ചു എന്തിനാ കരയുന്നത് എന്ന്.
ഡ്രസ് മാറുമ്പോള്‍ എന്റെ കോസ്റ്റിയൂമര്‍ പറഞ്ഞു, മോന്‍ കരയുകയൊന്നും വേണ്ട, അവിടെ പോയി നന്നായി അഭിനയിച്ചാല്‍ മതി. ഇതൊക്കെ മാറിക്കോളുമെന്ന്. ഞാന്‍ പോയി അഭിനയിച്ചു. എന്റെ മുഖം മാറുന്നത് എന്റെ സംവിധായകന് മനസിലാകും. അദ്ദേഹം എന്റെ അടുത്തു വന്ന് എന്തുപറ്റിയെന്ന് ചോദിച്ചു.
ഇങ്ങനെ ഒരു സങ്കടം ഉണ്ടായെന്ന് ഞാന്‍ പറഞ്ഞു. മറ്റൊന്നുമല്ല എന്നെ കാണാന്‍ സെറ്റില്‍ വന്നവരുള്‍പ്പെടെ എല്ലാവരും ഇത് കണ്ടുനില്‍ക്കുകയാണ്. അതായിരുന്നു സങ്കടം. അല്ലാതെ ടാറിട്ട റോഡില്‍ ചെരിപ്പിടാതെ നാടകം കളിച്ച എനിക്കെന്ത് കാരവന്‍.
അതോടെ സംവിധായകന്‍ എന്നോട് ഇങ്ങനെ പറയാന്‍ പറഞ്ഞേല്‍പ്പിച്ചയാളെ വിളിച്ച് വഴക്കുപറഞ്ഞു. അതാണ് അപ്പാനി ശരത്ത് കാരവനില്ലാതെ അഭിനയിക്കില്ലെന്ന് പറഞ്ഞ് ആദ്യ വാര്‍ത്ത വന്നത്. അന്ന് ചാനലുകാരൊക്കെ എന്നെ വിളിച്ചു.
അവരോട് ഞാന്‍ പറഞ്ഞ ഒരു കാര്യമേയുള്ളൂ. ഞാന്‍ എന്താണെന്നോ ഞാന്‍ വന്ന വഴി എന്താണെന്നോ നിങ്ങള്‍ അന്വേഷിക്കൂ. ഞാന്‍ എങ്ങനെ സിനിമയില്‍ എത്തി, എന്താണ് ഇതിന് മുന്‍പ് ചെയ്തതത്. ഇതൊക്കെ അന്വേഷിക്കൂ. എന്നിട്ടുവേണം എന്നെക്കുറിച്ച് മോശം പറയാനാണെങ്കിലും നല്ലത് പറയാനാണെങ്കിലും.
എന്നെ കുറിച്ച് നല്ലത് പറയണ്ട. എന്നാല്‍ ഒരാളെ കുറിച്ച് മോശം പറയുമ്പോള്‍ എതില്‍ എത്രമാത്രം സത്യമുണ്ടെന്ന് മനസിലാക്കണം. അല്ലാതെ ഒരു സുപ്രഭാതത്തില്‍ ഒരാളുടെ ജീവിതം നശിപ്പിക്കുന്ന രീതിയില്‍ പറയുന്നത് തെറ്റാണ്. അന്ന് ഞാന്‍ ഇതിനെതിരെ പ്രതികരിക്കുകയോ അത് ഓപ്പറേറ്റ് ചെയ്ത ആള്‍ക്കാരുടെ മുന്‍പില്‍ പോയി ഷോ കാണിക്കുകയോ ഒന്നും ചെയ്തില്ല. പിന്നെ ഇതൊക്കെ ഒരു പാഠങ്ങളാണ്. അനുഭവങ്ങളാണല്ലോ നമ്മളെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്നത്,’ അപ്പാനി ശരത്ത് പറഞ്ഞു.
Content Highlight: Actor Appani sarath about the controversies related to him