ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അപ്പാനി ശരത്ത്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താന്‍ അനുഭവിച്ച കഷ്ടപാടുകളെക്കുറിച്ച് പറയുകയാണ് നടന്‍.
അങ്കമാലിയില്‍ നില്‍ക്കാന്‍ പറ്റില്ലെന്ന അവസ്ഥ വന്നപ്പോള്‍ അവിടെ നിന്നും നാടുവിട്ട് പോയി എന്നും സ്ഥലത്തിനോട് ഭയങ്കര ദേഷ്യം തോന്നിയെന്നുമാണ് ശരത്ത് പറഞ്ഞത്.
എന്നാല്‍ പിന്നെ അങ്കമാലി സ്ഥലത്തിന്റെ കഥ പറയുന്ന സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ പറ്റിയെന്നുമാണ് ശരത്ത് പറഞ്ഞത്. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സിനിമാ ആഗ്രഹങ്ങളുള്ള ആളായിരുന്നു. അങ്കമാലി ഡയറീസ് സിനിമയ്ക്ക് മുമ്പ് ഞാന്‍ അങ്കമാലിയിലേക്ക് വരുന്നത് സേവന കറി പൗഡറിന്റെ ബിസിനസിനാണ്. സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി. കുറേ നാള്‍ അങ്കമാലി, ചാലക്കുടി ഏരിയയില്‍ സെയില്‍സ് മാനായി നടന്നു.
ഇവിടെ നില്‍ക്കാന്‍ പറ്റില്ലെന്ന സ്ഥിതി ആയി. അങ്കമാലി എന്ന സ്ഥലത്തിനോട് ഭയങ്കരമായി ദേഷ്യം തോന്നി. തിരികെ ട്രെയ്ന്‍ കയറി, ഒരു ചെരിപ്പ് ട്രെയ്‌നിന്റെ അടിയിലായി. ഒരു ചെരുപ്പിടാതെ പിന്നെ പോയി. ഒളിച്ചോടിയതല്ല, വേണ്ടെന്ന് വെച്ച് പോയതായിരുന്നു. എന്നാല്‍ പിന്നെ അങ്കമാലി സ്ഥലത്തിന്റെ കഥ പറയുന്ന സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ പറ്റി.
ഞാന്‍ നാടകമാണ് പഠിച്ചത്. നടക്കാന്‍ തുടങ്ങിയ കാലം തൊട്ട് ചെയ്യുന്ന കാര്യമാണ് അഭിനയം. അഭിനയത്തോടുള്ള ഭ്രാന്ത് കൊണ്ട് ഒരുപാട് പേര്‍ കളിയാക്കി. ഒരുപാട് ആരോപണങ്ങള്‍ കേട്ടു. ഒന്നുമല്ലാത്തവനായി നിന്നു. അവിടെ നിന്ന് ഓടി, ഓടി സിനിമയില്‍ എത്തി.
സിനിമയിലെത്തിയ ശേഷം ചെയ്ത എല്ലാ കഥാപാത്രങ്ങളും ജനങ്ങള്‍ സ്വീകരിച്ചു എന്ന് ഞാന്‍ പറയുന്നില്ല. ഒരുപാട് പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. അങ്കമാലിക്ക് ശേഷം അത് പോലൊത്തൊരു കഥാപാത്രം എന്ത് കൊണ്ട് ചെയ്യുന്നില്ലെന്ന് ചോദിക്കുന്നവരുണ്ട്. ഞാന്‍ ചെയ്യുന്നുണ്ട്. പക്ഷെ ആളുകള്‍ കാണുന്നില്ല. എല്ലാ വേഷങ്ങളും വ്യത്യസ്തമായാണ് ചെയ്യുന്നത്,” അപ്പാനി ശരത്ത് പറഞ്ഞു.
കാക്കിപ്പടയാണ് അപ്പാനി ശരത്തിന്റെ പുതിയ സിനിമ. ഷെബി സംവിധാനം ചെയ്യുന്ന സിനിമ ഡിസംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തുന്നത്. അപ്പാനി ശരത്തിനെ കൂടാതെ നിരഞ്ജ് മണിയന്‍പിള്ള രാജു, ചന്തുനാഥ്, ആരാധ്യ ആന്‍, സുജിത്ത് ശങ്കര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
content highlight: actor appani sarath about his film career