നായകനായി സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഒരുപാട് പരിഹാസങ്ങള്‍ തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ അപ്പാനി ശരത്. ഇവനാണോ നായകന്‍ ഇവനെ എന്തിന് കൊള്ളാം എന്ന തരത്തിലായിരുന്നു പലരുടേയും പരിഹാസങ്ങളെന്നും ശരത് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പരിഹസിക്കുന്നവരോട് പറയാനുള്ളത് ഒരേയൊരു കാര്യമാണ്. ശരത് എന്ന വ്യക്തിയെ ഇതൊന്നും ബാധിക്കില്ല. ഇതിനേക്കാള്‍ വലിയ അഗ്നിപരീക്ഷകളിലൂടെ കടന്നുപോയതാണ് ജീവിതം. ഞാന്‍ ചെയ്ത വര്‍ക്കുകള്‍ കണ്ട ശേഷം എന്റെ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ വിമര്‍ശിച്ചോളൂ, ഞാന്‍ നന്നാക്കാന്‍ ശ്രമിക്കും. പക്ഷേ നീ ഒന്നും ആകേണ്ട എന്ന മനോഭാവത്തോടെ കടന്നാക്രമിക്കുന്നവരുടെ വിമര്‍ശനങ്ങളെ പരിഗണിക്കുകയില്ല, അപ്പാനി ശരത് പറയുന്നു.
മലയാളത്തില്‍ ധാരാളം സിനിമകള്‍ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹമെന്നും അങ്കമാലി ഡയറീസിന് ശേഷം തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന മറ്റൊരു വേഷം ലഭിച്ചിട്ടില്ലെന്നും താരം പറയുന്നു. അതേസമയം തന്നെ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്ലെന്ന് ഒരിക്കലും പറയില്ലെന്നും ശരത് പറഞ്ഞു.
ലോക്ക് ഡൗണ്‍ സമയത്ത് വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയതെന്നും തന്റെ പല പ്ലാനുകളും പൊളിഞ്ഞുപോയെന്നും ശരത് അഭിമുഖത്തില്‍ പറയുന്നു. സിനിമയില്ല, വരുമാനമില്ല, ഇനി മുന്നോട്ട് എന്തുചെയ്യണമെന്ന് അറിയുകയുമില്ല. ആകെ ആശങ്കയിലായിരുന്നു. പക്ഷേ ദൈവം എന്നെ കൈവിട്ടില്ല. ലോക്ക് ഡൗണിന് ശേഷം ഏതാനും സിനിമകള്‍ വന്നു. ഇപ്പോള്‍ ഷൂട്ടിങ് തിരക്കിലാണ്.
സിനിമയില്‍ വരുന്നതിന് മുന്‍പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി സ്ട്രഗിള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടെന്നും താരം പറയുന്നു. ഇനിയും സിനിമകള്‍ ചെയ്യണം. നല്ല സിനിമയുടെ ഭാഗമാകണം. അതിന് നന്നായി പെര്‍ഫോം ചെയ്യണം. നല്ല സംവിധായകരുടെ അടുത്ത് പോയി ചാന്‍സ് ചോദിക്കണം. എന്റെ പ്രകടനം കാണാത്തവര്‍ക്ക് വര്‍ക്കുകള്‍ അയച്ചുകൊടുക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യണം.
അഭിനയ മോഹവുമായി സിനിമയില്‍ ദിനംപ്രതി പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചുനില്‍ക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴി മുന്നിലില്ല. എനിക്കുവരുന്ന കഥാപാത്രങ്ങള്‍ എന്തുമാകട്ടെ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. അഭിനയമല്ലാതെ മറ്റൊരു തൊഴില്‍ അറിയില്ല. അതുകൊണ്ട് പിടിച്ചുനിന്നേ പറ്റൂ, അപ്പാനി ശരത് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Appani Sarath About his Career and Movies