കൊച്ചി: അങ്കമാലി ഡയറീസിലൂടെ ചലച്ചിത്ര ലോകത്തെത്തിയ നടനാണ് അപ്പാനി ശരത്. ഏറ്റവുമൊടുവിലായി മഹേഷ് നാരായണന്‍ ചിത്രം മാലികിലും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ശരത്.
സിനിമാ മേഖലയെ ആശങ്കയിലാഴ്ത്തിയ ലോക്ഡൗണ്‍ കാലത്തെപ്പറ്റി മനസ്സുതുറക്കുകയാണ് ശരത് ഇപ്പോള്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശരതിന്റെ തുറന്നുപറച്ചില്‍.
ലോക്ഡൗണില്‍ സിനിമ മൊത്തം നിശ്ചലമായ സാഹചര്യത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താനും കടന്നുപോയതെന്ന് ശരത് പറയുന്നു.
‘ഞാനും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയത്. ചെയ്തിരുന്ന സിനിമകളെല്ലാം മുടങ്ങിപ്പോയി. എന്തുചെയ്യണമെന്ന് അറിയില്ല. വിഷാദത്തിന്റെ വക്കിലെത്തി എന്നുപറയാം.
അപ്പോഴെല്ലാം എനിക്ക് പൂര്‍ണ പിന്തുണയുമായിനിന്നത് രേഷ്മയാണ്. എന്നാല്‍, എന്നെത്തേടി ഏതാനും പ്രോജക്ടുകള്‍ വന്നു. തമിഴിലും നല്ല വേഷങ്ങള്‍ ലഭിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഷൂട്ടിങ് മുടങ്ങിയെങ്കിലും അതെല്ലാം കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ പുനരാരംഭിക്കും.
എനിക്ക് ടെന്‍ഷനടിക്കാതെ പറ്റില്ലല്ലോ. ഞാന്‍ സിനിമയില്‍ വലിയ സ്ഥാനത്തെത്തിയെന്നൊന്നും കരുതുന്നില്ല. സിനിമയില്‍ വരുന്നതിനുമുമ്പ് അനുഭവിച്ചതിനെക്കാള്‍ നാലിരട്ടി സ്ട്രഗിള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്.
ഇനിയും സിനിമകള്‍ ചെയ്യണം, നല്ലസിനിമയുടെ ഭാഗമാകണം. അതിന് ഞാന്‍ നന്നായി പെര്‍ഫോം ചെയ്യണം. കാരണം, അഭിനയമോഹവുമായി സിനിമയില്‍ ദിനംപ്രതി പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചുനില്‍ക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴിയും നമുക്ക് മുന്നിലില്ല,’ ശരത് പറഞ്ഞു.