സിനിമയിലെത്തിയ ശേഷം തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും ആളുകള്‍ തന്നെ കാണുന്നതിനെ കുറിച്ചും തുറന്നുപറയുകയാണ് നടന്‍ അപ്പാനി ശരത്. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് സിനിമയിലൂടെയാണെന്നും അങ്കമാലി ഡയറീസ് കണ്ടിരുന്നില്ലെങ്കില്‍ അപ്പാനി ശരതിനെ ഇന്നും ആര്‍ക്കും അറിയില്ലായിരുന്നുവെന്നും നടന്‍ പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
സിനിമയില്‍ വന്നതിന് ശേഷം ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മോശം അനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മാറിയിട്ടില്ലെങ്കിലും പലരും എന്നെ നോക്കിക്കാണുന്ന രീതി മാറി. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ വരികയും സംസാരിക്കുകയും സെല്‍ഫി എടുക്കുന്നതുമെല്ലാം സിനിമ നല്‍കിയ എക്‌സ്ട്രാ ബോണസാണ്. അതിന് പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് അവരോട് ഒരു പ്രതിബദ്ധതയുണ്ട്’ ശരത് പറയുന്നു.
പ്രേക്ഷകര്‍ വരുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം വിനയത്തോടെ പെരുമാറണമെന്നും മറ്റുള്ളവര്‍ താന്‍ മൂലം വിഷമിക്കരുതെന്നാണ് കരുതുന്നതെന്നും അപ്പാനി ശരത് പറയുന്നു. നടന്‍ എന്ന പദവി പ്രേക്ഷകരുടെ ദാനമാണ്. അങ്കമാലി ഡയറീസ് ആരും കണ്ടില്ലായിരുന്നുവെങ്കില്‍ അപ്പാനി ശരതിനെ ഇന്നും ആരും അറിയില്ലായിരുന്നുവെന്നും ശരത് കൂട്ടിച്ചേര്‍ത്തു.