മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിദ്ദിഖ്-ലാല്‍ സിനിമയാണ് ‘ഇന്‍ ഹരിഹര്‍ നഗര്‍’. അതില്‍ ഒരു കഥാപാത്രത്തെ ചെയ്ത നടനാണ് അപ്പാ ഹാജ.
നാലു നായകന്മാരും ചേര്‍ന്ന് ‘ഊതെടാ കാറ്റ്’ എന്ന് പറഞ്ഞ് അപ്പാ ഹാജ ചെയ്ത കഥാപാത്രത്തെ കൊണ്ട് ബൈക്കിന്റെ ടയറില്‍ കാറ്റ് ഊതിപ്പിക്കുന്ന സീന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയെ പറ്റി സംസാരിക്കുകയാണ് അപ്പാ ഹാജ.
‘ആ സിനിമയിലേക്ക് ജഗദീഷ് ഡേറ്റ് പ്രശ്‌നം കാരണം വരില്ലെന്ന് പറഞ്ഞ്, ജഗദീഷ് സിനിമയില്‍ ഇല്ലെന്ന് ഇവര് തന്നെ തീരുമാനിക്കുകയായിരുന്നു. പക്ഷേ ജഗദീഷ് ആ സിനിമക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം.
ഇതിനിടയില്‍ ഇവര്‍ എപ്പോഴോ ജഗദീഷിനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടു. ആ സമയത്ത് എപ്പോഴാണ് വര്‍ക്ക് തുടങ്ങുന്നതെന്നും എപ്പോഴാണ് താന്‍ വരേണ്ടതെന്നും ജഗദീഷ് ചോദിക്കുകയായിരുന്നു.
അതുകേട്ടതും അവര് തന്നെ ഞെട്ടി. അങ്ങനെ ജഗദീഷ് വന്നതോടെ എനിക്ക് വേറെ ഒരു റോള്‍ തരികയായിരുന്നു. എനിക്ക് ആ കഥാപാത്രത്തില്‍ തന്നെ കടിച്ചു തൂങ്ങി നില്‍ക്കണമെന്ന് ഉണ്ടായിരുന്നില്ല.
തോമസുകുട്ടിയുടെ വേഷമായിരുന്നു ഞാന്‍ ആ സിനിമയില്‍ ചെയ്യേണ്ടിയിരുന്നത്. അന്ന് ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റാതെ പോയപ്പോള്‍ ആരോടും ദേഷ്യമൊന്നും തോന്നിയിരുന്നില്ല.
ആ പടം പിന്നീട് വലിയ ഹിറ്റ് ആകുമെന്നും അറിയില്ലായിരുന്നല്ലോ. അന്ന് ജഗദീഷ് വന്നതോടെ സിദ്ദീഖിക്ക എന്നോട് കാര്യം വിളിച്ചു പറഞ്ഞു. എനിക്ക് അതില്‍ കുഴപ്പം ഇല്ലെന്ന് ഞാന്‍ മറുപടിയും പറയുകയായിരുന്നു.
പിന്നീട് ഇന്‍ ഹരിഹര്‍ നഗറിന്റെ രണ്ടാമത്തെ ഭാഗം വന്നപ്പോള്‍ ആണ് അതില്‍ എന്റെ ചെറിയാന്‍ എന്ന കഥാപാത്രം റെജിസ്ട്രേഡ് ആകുന്നത്. മുമ്പത്തെ ഭാഗത്ത് എന്റെ പേരൊന്നും പറയുന്നുണ്ടായിരുന്നില്ല.
രണ്ടാമത്തെ ഭാഗത്ത് എസ്.ഐ. ആയിട്ടാണ് ഞാന്‍ അഭിനയിച്ചത്. ഹരിഹര്‍ നഗറിലെ ആദ്യ ഭാഗത്തെ ഓരോ സീനുകളും എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
ഞാന്‍ ഇല്ലാത്ത സീന്‍ ആണെങ്കില്‍ പോലും ഞാന്‍ ഷൂട്ടിങ് കാണാന്‍ വേണ്ടി പോകാറുണ്ടായിരുന്നു. വളരെ ആസ്വദിച്ചു കൊണ്ട് എടുത്ത പടമായിരുന്നു അത്. സിനിമ നിറയെ കൗണ്ടറുകളായിരുന്നു.
ഊതെടാ കാറ്റ് എന്ന് പറഞ്ഞായിരുന്നു അതില്‍ എന്നെ നായകന്മാര്‍ ടയറില്‍ കാറ്റ് ഊതിപ്പിച്ചത്. ഒരുപാട് പേര്‍ ആ സീന്‍ കണ്ട് എന്നെ അങ്ങനെ വിളിക്കുമായിരുന്നു. റോഡിലൂടെ പോകുമ്പോള്‍ ഊതെടാ കാറ്റ് എന്ന് വിളിക്കും.
എന്റെ സഹോദരി കോളേജില്‍ പഠിക്കുമ്പോള്‍, അവളുടെ ഒരു കൂട്ടുകാരി സഹോദരന്റെ വണ്ടി പഞ്ചറായി കിടപ്പുണ്ട്, അതില്‍ കാറ്റ് ഊതിതരാന്‍ എന്നോട് പറയെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ സഹോദരി കരുതിയത് കളിയാക്കുകയാണ് എന്നാണ്. സിനിമ കണ്ടിട്ടാണ് എന്നവള്‍ക്ക് അറിയില്ലായിരുന്നു,’ അപ്പാ ഹാജ പറയുന്നു.
Content Highlight: Actor Appa Haja Talks About An Experience After In Harihar Nagar