|

എടാ ഇതിനകത്ത് നിനക്ക് പറ്റിയ പരിപാടികളില്ല എന്ന് കേട്ടപ്പോള്‍ വിഷമത്തോടെ ഫോണ്‍ വെച്ചു; അപ്പൊ തന്നെ ക്ലീന്‍ ഷേവ് ചെയ്ത ഫോട്ടോസ് വാട്‌സ്ആപ്പില്‍ അയച്ചിട്ടു: അനു മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. സഹോദരിയും മലയാളത്തിന്റെ പ്രിയനടിയുമായ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമായി ഒരുക്കിയ ചിത്രം ഡിസ്‌നി ഹോട്ട്‌സ്റ്റാറിലായിരുന്നു റിലീസ് ചെയ്തത്.

മഞ്ജുവിന് പുറമെ ബിജു മേനോന്‍, അനു മോഹന്‍, സൈജു കുറുപ്പ്, ദീപ്തി സതി, സെറീന വഹാബ്, സുധീഷ്, രമ്യ നമ്പീശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. മഞ്ജുവിന്റെ അനിയനായി ജെറി എന്ന കഥാപാത്രത്തെയാണ് അനു മോഹന്‍ സിനിമയില്‍ അവതരിപ്പിച്ചത്. സിനിമയില്‍ എത്തിയതിനെക്കുറിച്ച് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അനു മോഹന്‍.

”ഞാന്‍ ഈ സിനിമയുടെ കാര്യത്തില്‍ മധു ചേട്ടനെ അങ്ങോട്ട് വിളിക്കുകയായിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ട് തീരാനായ സമയത്ത്, അവസാന ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാവരും കൂടി സംസാരിച്ചിരുന്നപ്പോള്‍, മഞ്ജു ചേച്ചിയുടെ ഇങ്ങനെയൊരു പ്രോജക്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോവാണ് എന്ന് പറഞ്ഞു.

എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു മഞ്ജു ചേച്ചിയുടെ കൂടെ ഒരു സിനിമ ചെയ്യണം എന്ന്. ആ ആഗ്രഹത്തിന്റെ പുറത്താണ് ഞാന്‍ മധു ചേട്ടനെ വിളിക്കുന്നത്. ഞാന്‍ അങ്ങോട്ട് വിളിക്കുകയായിരുന്നു.

എടാ ഇതിനകത്ത് നിനക്ക് പറ്റിയ പരിപാടികളില്ല. ഇതിനകത്ത് മഞ്ജുവിന്റെ അനിയനായുള്ള ക്യാരക്ടറാണ് ഉള്ളത്. അത് ഒരു അനിയന്‍ കുട്ടനാണ്. ഒരുപാട് ഫ്‌ളാഷ്ബാക്ക് സീക്വന്‍സുകളുണ്ട്, എന്ന് മധു ചേട്ടന്‍ പറഞ്ഞു.

എനിക്ക് തോന്നുന്നു മധു ചേട്ടന്റെ മനസില്‍ അയ്യപ്പനും കോശിയിലെ എന്റെ കഥാപാത്രത്തിന്റെ രൂപമായിരിക്കാമെന്ന്.

അങ്ങനെ ഞാന്‍ ശരി എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. പക്ഷെ, എനിക്ക് ഭയങ്കര വിഷമമായി. ഞാന്‍ അപ്പൊ തന്നെ ക്ലീന്‍ ഷേവ് ചെയ്ത എന്റെ ഫോട്ടോസ് അയച്ചിട്ടിരുന്നു. വാട്‌സ്ആപ്പില്‍ വെറുതെ അയച്ചിട്ടതായിരുന്നു.

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മധു ചേട്ടന്‍ തിരിച്ച് വിളിച്ചു. നേരിട്ട് കാണാമോയെന്ന് ചോദിച്ചു. അങ്ങനെയാണ് നേരിട്ട് കണ്ടതും സ്‌ക്രിപ്റ്റ് വായിക്കുന്നതും.

സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതിലും ടെന്‍ഷനായി. കാരണം അത്രയും വലിയ ഒരു ക്യാരക്ടറാണ് ജെറിയുടേത്,” അനു മോഹന്‍ പറഞ്ഞു.

ഒരു ഫാമിലി ഡ്രാമ എന്റര്‍ടെയിനറായാണ് ലളിതം സുന്ദരം റിലീസ് ചെയ്തത്.

അയ്യപ്പനും കോശിയും, തീവ്രം, സെവന്‍ത് ഡേ, 21 ഗ്രാംസ് എന്നിവയാണ് അനു മോഹന്‍ അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍.

Content Highlight: Actor Anu Mohan about how he get into the movie Lalitham Sundaram with Manju Warrier