|

ലൈറ്റ് ഓഫ് ചെയ്ത്, മെഴുകുതിരി കത്തിച്ച്, ഓജോ ബോര്‍ഡ് വരച്ച് സെറ്റ് ചെയ്തു; കുറച്ച് കഴിഞ്ഞപ്പോഴുണ്ട് ജനലില്‍ ആരോ മാന്തുന്ന ശബ്ദം: അനു മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം 12th മാനില്‍ നിന്നുള്ള രസകരമായ ഒരു ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അനു മോഹന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അനു മോഹന്‍

ലൊക്കേഷനില്‍ നിന്നുള്ള തമാശകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഒരു രസകരമായ പ്രേതകഥയെ പറ്റി അനു മോഹന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

”ഫണ്ണി ഇന്‍സിഡന്റ്‌സ് ഇഷ്ടം പോലെയുണ്ട്. മിക്ക ദിവസങ്ങളിലും ഞങ്ങള്‍ പകല്‍ സമയം ഫ്രീയാണ്. ഞാനും ചന്തുവുമായിരുന്നു (നടന്‍ ചന്തുനാഥ്) അടുത്തടുത്ത ക്വാര്‍ട്ടേഴ്‌സില്‍. മിക്കവാറും മീന്‍പിടിത്തമായിരുന്നു ഞങ്ങളുടെ മെയിന്‍ പരിപാടി.

മീന്‍ പിടിക്കുക, അത് വന്ന് കുക്ക് ചെയ്യുക. അങ്ങനെയിരിക്കുമ്പോള്‍ ചില ദിവസങ്ങളില്‍ പ്രേത കഥകള്‍ പറയും. അതിഥി, അനുശ്രീ, ലിയോണ, അനു സിത്താര, എന്റെ വൈഫ് എല്ലാവരുമുണ്ടായിരുന്നു. ഇവര്‍ ലേഡീസിനൊക്കെ പ്രേതങ്ങളെ ഭയങ്കര പേടിയായത് കൊണ്ട് ഞാനും ചന്തുവും സൈജു ചേട്ടനുമൊക്കെ ഇരിക്കുമ്പോള്‍ പ്രേതകഥകള്‍ പൊലിപ്പിച്ച് പറയും.

ലാലേട്ടന്റെയും നന്ദു ചേട്ടന്റെയും ഒരു സീക്വന്‍സ് ഷൂട്ട് ചെയ്യുന്ന ദിവസം ഞങ്ങളെല്ലാവരും ഫ്രീയായിരുന്നു. അങ്ങനെ ഞാനും ചന്തുവും കൂടെ പ്രീപ്ലാന്‍ ചെയ്തു. എന്റെ മുറിയില്‍ നിന്ന് ഓജോ ബോര്‍ഡ് വരച്ചിട്ട് നമുക്ക് പ്രേതത്തെ വിളിക്കാം എന്ന് ഇവരോടൊക്കെ പറഞ്ഞ് ഞങ്ങള്‍ ഉച്ച വരെ വമ്പന്‍ ബില്‍ഡ് അപ് കൊടുത്തു.

ഇവരെല്ലാം ഭയങ്കര ടെന്‍ഷനായി. എല്ലാവരും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യണം, ഭയങ്കര കോണ്‍സന്‍ട്രേറ്റ് ചെയ്യണം എന്ന് പറഞ്ഞ് എല്ലാവരെയും റൂമില്‍ വിളിച്ചിരുത്തി.

ലൈറ്റ് ഓഫ് ചെയ്തു, മെഴുകുതിരി കത്തിച്ചു. ഓജോ ബോര്‍ഡ് വരച്ച് സെറ്റ് ചെയ്തു. എന്നിട്ട് എല്ലാവരും വട്ടത്തില്‍ കൈപിടിച്ച് ഇരുന്നു. ചന്തുവും ഞാനും തമ്മില്‍ ഐ കോണ്‍ടാക്ട് ഉണ്ടായിരുന്നു.

ഞങ്ങള്‍ പല സാധനങ്ങളും പല ശബ്ദങ്ങളും കയ്യില്‍ നിന്ന് ഇട്ടുകൊടുക്കുകയായിരുന്നു. അങ്ങനെ പുറത്ത് ആരോ പറഞ്ഞിട്ട്, ഞങ്ങള്‍ ഓജോ ബോര്‍ഡ് കളിക്കുകയാണെന്ന് ലൊക്കേഷനില്‍ ഫ്‌ളാഷായി.

കുറച്ച് കഴിഞ്ഞപ്പോഴുണ്ട് ജനലില്‍ ആരോ മാന്തുന്ന ശബ്ദം. ഇതാരാ ഒരു എക്‌സ്ട്രാ സാധനം എന്ന് ഞങ്ങള്‍ ഞെട്ടി. എനിക്ക് തോന്നുന്നു, അത് ഷോട്ടിന്റെ ബ്രേക്ക് വരുമ്പോള്‍ ലാലേട്ടനും ജീത്തു ചേട്ടനും ഓടി വന്നിട്ട് ഞങ്ങളുടെ ജനലില്‍ മാന്തിയിട്ട് തിരിച്ച് പോകുന്നതാണ് എന്നാണ്.

അങ്ങനെ ഒരുപാട് രസകരങ്ങളായ സംഭവങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ പ്ലാന്‍ ചെയ്തതായിരുന്നു ഇതൊക്കെ എന്ന് കുറേ കാലം കഴിഞ്ഞിട്ടാണ് അവര്‍ അറിഞ്ഞത്. പ്രേതം വന്നിരുന്നു എന്നാണ് കഴിഞ്ഞ കുറച്ച് കാലം വരെ ഇവര് വിചാരിച്ചിരുന്നത്,” അനു മോഹന്‍ പറഞ്ഞു.

ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്ത സിനിമയില്‍ ഉണ്ണി മുകുന്ദന്‍, പ്രിയങ്ക നായര്‍, അനു സിത്താര, ശിവദ, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, അനുശ്രീ, അതിഥി രവി, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Content Highlight: Actor Anu Mohan about a funny experience from the location of 12th Man movie

Latest Stories