| Tuesday, 29th March 2022, 2:32 pm

'പെപ്പെ വരുന്നില്ല'; കരഞ്ഞുകലങ്ങി കുട്ടി ആരാധകന്‍, ഒടുവില്‍ ഒപ്പമിരുത്തി ഫോട്ടോയെടുത്ത് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ താരമാണ് പെപ്പെ എന്ന ആന്റണി വര്‍ഗീസ്. 2017 ല്‍ സിനിമയിലെ തന്റെ അരങ്ങേറ്റത്തിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ ആന്റണി അഭിനയിച്ചിട്ടുള്ളുവെങ്കിലും ആരാധകര്‍ക്ക് ഒരു കുറവുമില്ല.

കഴിഞ്ഞ ദിവസം തന്നെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ ഒരു കുട്ടി ആരാധകന്റെ വീഡിയോ ആന്റണി പങ്കുവെച്ചിരുന്നു.

പെപ്പെ വരുന്നില്ല എന്ന് പറഞ്ഞ് മാതാപിതാക്കളോട് പരാതി പറഞ്ഞ് കരയുന്ന ഇമ്രാന്‍ ഷിഹാബിന്റെ വീഡിയോ ആണ് ആന്റണി പങ്കുവെച്ചത്.

‘ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാന്‍ നിക്കുമ്പോള്‍ കുറച്ചു മാറി ഇവനെ ഞാന്‍ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താന്‍ പറ്റാത്ത കാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല…. എന്തായാലും ആലപ്പുഴയില്‍ നിന്ന് പോകുന്നതിന് മുന്‍പ് കണ്ടിട്ടേ ഞാന്‍ പോകൂ,’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ആന്റണി കുറിച്ചത്.

വീഡിയോയ്ക്ക് താഴെ കുട്ടി ആരാധകനെ പോയി കാണണമെന്ന് നിരവധി പേരാണ് കമന്റ് ചെയ്തത്.

പറഞ്ഞത് പോലെ തന്നെ താരം വാക്ക് പാലിച്ചിരിക്കുകയാണ്. ഇമ്രാന്റെ ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ഇന്ന് ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘ഇന്നലെ കരഞ്ഞ ഇമ്രാന്‍ ഷിഹാബ് ദാ ഇന്ന് ഫുള്‍ ഹാപ്പിയായി ‘ലൈല ‘യുടെ സെറ്റില്‍ എത്തിയിട്ടുണ്ട്. നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്. കൊണ്ടുവന്നില്ലേല്‍ അവന്‍ മിക്കവാറും വീട്ടില്‍ അജഗജാന്തരത്തിലെ ലാലിയാകും,’ എന്നാണ് ഇമ്രാനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ആന്റണി കുറിച്ചത്.

താരത്തിനൊപ്പം സന്തോഷവാനായി ചിരിച്ചുകൊണ്ടാണ് ഇമ്രാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.

അജഗജാന്തരമാണ് അവസാനമായി പുറത്തിറങ്ങിയ ആന്റണിയുടെ ചിത്രം. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. സൂപ്പര്‍ ശരണ്യയില്‍ അതിഥി വേഷത്തിലും പെപ്പെ എത്തിയിരുന്നു. ലൈല, ആരവം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്നിവയാണ് ആന്റണിയുടെ പുതിയ സിനിമകള്‍.

Content Highlight: actor antony varghese shares the picture with his child fan

We use cookies to give you the best possible experience. Learn more