| Saturday, 26th August 2023, 9:57 am

ആര്‍.ഡി.എക്‌സ് ദുല്‍ഖറിനും നിവിനും വെല്ലുവിളിയായോ; മറുപടിയുമായി പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്സ് സിനിമയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. ഇത്രയും വലിയ വിജയം ആഗ്രഹിച്ചിരുന്നെന്നും അത് സംഭവിച്ചതില്‍ സന്തോഷമുണ്ടെന്നും പെപ്പെ മാധ്യമങ്ങളോട് പറഞ്ഞു. ഫസ്റ്റ് ഷോ കാണാന്‍ പോകാന്‍ ധൈര്യമില്ലാത്തതുകൊണ്ട് വീട്ടില്‍ ഇരിക്കുകയായിരുന്നെന്നും പോസിറ്റീവ് റിവ്യൂകള്‍ വന്നുതുടങ്ങിയപ്പോഴാണ് സമാധാനം തിരിച്ചുകിട്ടിയതെന്നും പെപ്പെ പറഞ്ഞു. ആര്‍.ഡി.എക്‌സ് ദുല്‍ഖറിനും നിവിനും വെല്ലുവിളിയായോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

‘ഞാന്‍ വീട്ടില്‍ പമ്മിയിരിക്കുകയായിരുന്നു. എന്താവുമെന്ന് അറിയില്ലല്ലോ. ഇപ്പോഴാണ് ഒന്ന് സമാധാനമായത്. രാവിലെ സമാധാനത്തോടെ വീട്ടില്‍ ഇരിക്കാമെന്ന് കരുതി. ഫസ്റ്റ് ഷോ കാണാന്‍ പോയില്ല. സിനിമ കണ്ട് കുറേപ്പേര്‍ വിളിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്’, പെപ്പെ പറഞ്ഞു.

ആര്‍.ഡി.എക്‌സ് ദുല്‍ഖറിനും നിവിനും വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് ആ സിനികളൊന്നും താന്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ട് അതിന് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലെന്നുമായിരുന്നു പെപ്പെ പറഞ്ഞത്.

ആര്‍.ഡി.എക്‌സ് സിനിമയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ നഹാസ് ഹിദായത്തും രംഗത്തെത്തി. ആര്‍.ഡി.എക്‌സ് വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും യഥാര്‍ത്ഥ മാസ് പടമാണോ എന്ന് പ്രേക്ഷകരാണ് പറയേണ്ടതെന്നും നഹാസ് പറഞ്ഞു.

സിനിമ കണ്ട് വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. ഒരുപാട് സന്തോഷമുണ്ട്. ഈ കയ്യടിയൊക്കെയാഗ്രഹിച്ചാണ് സിനിമ ചെയ്തത്. അത് കാണുമ്പോള്‍ സന്തോഷമുണ്ട്. ഇങ്ങനെ ഒരു വിജയം ആഗ്രഹിച്ചിരുന്നു. തിയേറ്റര്‍ എല്ലാവരും നിറഞ്ഞിരുന്ന് കാണണമെന്നും ആഗ്രഹിച്ചിരുന്നു. അത് സംഭവിച്ചു.

യഥാര്‍ത്ഥ മാസ് പടം ഇതാണോ എന്ന ചോദ്യത്തിന് അത് സിനിമ കണ്ടവര്‍ പറയട്ടെയെന്നായിരുന്നു സംവിധായകന്റെ മറുപടി.

സിനിമ കണ്ട ശേഷം വികാരാധീനനായാണ് നടന്‍ നീരജ് മാധവ് പ്രതികരിച്ചത്. സിനിമ സ്വപ്നം കണ്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ, സാധാരണക്കാരുടെ വിജയമാണ് ഇതെന്നായിരുന്നു നീരജ് പറഞ്ഞത്. ബാക്കിയെല്ലാം സിനിമകള്‍ കണ്ടിട്ട് ആളുകള്‍ പറയട്ടെയെന്നും ഈ സമയത്ത് തനിക്ക് ഇത്രയേ പറയാനുള്ളൂവെന്നും ഒരുപാട് സന്തോഷമെന്നും നീരജ് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമ അടിപൊളിയായിട്ടുണ്ടെന്നും തനിക്ക് കിട്ടിയ കയ്യടിയില്‍ സന്തോഷമുണ്ടന്നുമായിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ബാബു ആന്റണി പ്രതികരിച്ചത്. മികച്ച സിനിമയാണ് ഇത്. ഫൈറ്റും റൊമാന്‍സും ആക്ഷനും ഉള്‍പ്പെടെ എല്ലാം ഉണ്ട്.
ആളുകളുടെ കയ്യടി കിട്ടിയതില്‍ സന്തോഷമുണ്ട്, ബാബു ആന്റണി പറഞ്ഞു.

ഓണം ആര്‍.ഡി.എക്സ് കൊണ്ടുപോയി എന്നാണല്ലോ കേള്‍ക്കുന്നത് എന്ന ചോദ്യത്തിന് ഓണം ആര്‍.ഡി.എക്സ് തന്നെ കൊണ്ടുപോകുമെന്നും യഥാര്‍ത്ഥ മാസ് പടമാണ് ഇതെന്നും ഇനി ഇതിലും വലിയ പാന്‍ ഇന്ത്യന്‍ പടം വരുമെന്നുമായിരുന്നു ബാബു ആന്റണി പറഞ്ഞത്.

മിന്നല്‍ മുരളിക്ക് ശേഷം സോഫിയ പോള്‍ നിര്‍മിച്ച ചിത്രമാണ് ആര്‍.ഡി.എക്സ്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അന്‍പറിവിന്റെ മലയാളത്തിലുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.

ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ആര്‍.ഡി.എക്സ്. രണ്ടു കാലഘട്ടങ്ങളിലായി ഇവരുടെ ജീവിതത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.

ഷെയ്ന്‍ നിഗം, പെപ്പെ, നീരജ് മാധവ് എന്നിവരുടെ അത്യുഗ്രന്‍ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മികച്ച പാട്ടുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഒക്കെ ചേര്‍ന്ന ഒരു ഫെസ്റ്റിവല്‍ മൂവിയാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന പടത്തിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒരു യഥാര്‍ത്ഥ മാസ് സിനിമയാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Content Highlight: Actor Antony Varghese Peppe on RDX Movie Response

We use cookies to give you the best possible experience. Learn more