തനിക്ക് കുഞ്ചാക്കോ ബോബനെ പോലെ ചോക്ലേറ്റ് ഹീറോ ആവണമെന്ന് നടൻ ആന്റണി വർഗീസ് പെപ്പെ. ഓടിചാടി അടി കൊണ്ട് മടുത്തിട്ടില്ലെന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും പെപ്പെ പറഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻവേണ്ടി സംവിധായകരെ താൻ സമീപിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. കുഞ്ചാക്കോ ബോബനുമൊത്ത് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പെപ്പെ തന്റെ ആഗ്രഹം പറഞ്ഞത്.
‘ഞാൻ വ്യത്യസ്ത കഥാപാത്രങ്ങൾ ലഭിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നു, ഇനിയും അങ്ങനെയുള്ള ശ്രമങ്ങൾ നടത്തും. എല്ലാ തരത്തിലുള്ള ക്യാരക്ടേഴ്സും ചെയ്യണമെന്ന് ഓരോ ആക്ടേഴ്സിന്റെയും ആഗ്രഹമല്ലേ. എനിക്ക് ചാക്കോച്ചനെപ്പോലെ ഒരു ചോക്ലേറ്റ് ഹീറോയൊക്കെ ആവണമെന്നുണ്ട്,’ പെപ്പെ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ ചെയ്ത അനിയത്തിപ്രാവാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്നും പെപ്പെ പറഞ്ഞു. അനിയത്തി പ്രാവിലെ റോളുമായി ആരെങ്കിലും വന്നാൽ താൻ അത് ചെയ്യില്ലെന്ന് കുഞ്ചാക്കോ ബോബൻ ഈ സമയം പറഞ്ഞു. തന്റെ പ്രായത്തിന് ഉതകുന്ന ഒരു റൊമാന്റിക് ചിത്രം വന്നാൽ ഉറപ്പായും ചെയ്യുമെന്നും താരം പറഞ്ഞു.
‘അനിയത്തിപ്രാവ് പോലെയുള്ള ഒരു സിനിമ എനിക്ക് ചെയ്യാൻ സാധിക്കുകയില്ല. എന്റെ ഇപ്പോഴത്തെ പ്രായത്തിനും, രൂപത്തിനും, ഭാവത്തിനും അനുസരിച്ചുള്ള ഒരു റൊമാന്റിക് മൂവി വരുകയാണെങ്കിൽ ഉറപ്പായിട്ടും ചെയ്യും.
ചോക്ലറ്റ് ഹീറോയുടെ പ്രായമൊക്കെ കഴിഞ്ഞു. ഇനി ഇതുവരെയില്ലാത്ത വ്യത്യസ്തമായ ചോക്ലേറ്റ്, ഡാർക്ക് ചോക്ലേറ്റ് പരിപാടികൾ നമുക്ക് പിടിക്കാം (ചിരി).
റൊമാൻസ് എന്ന് പറയുന്നത് എല്ലാവരുടെയും മനസിൽ ഏതു പ്രായത്തിലും ഉണ്ടാവുന്ന ഒരു കാര്യമാണ്. അത് ഏത് രീതിയിൽ ട്രിഗർ ചെയ്യുന്നു, ഏത് രീതിയിൽ ആ സ്പാർക്ക് കിട്ടുന്നു, എങ്ങനെ എക്സിക്യൂട്ട് ചെയ്യുന്നു എന്നതിന് അനുസരിച്ച് ഇരിക്കും.
ഭീമന്റെ വഴിയിലും പദ്മിനിയിലും വേറെ രീതിയിലാണ് റൂട്ട് ചെയ്തിരിക്കുന്നത്. രാമന്റെ ഏദൻ തോട്ടത്തിലുമെല്ലാം റൊമാൻസ് ടച്ച് ചെയ്ത് പോകുന്നുണ്ട്. അത് ആ പ്രായത്തിന് അനുസരിച്ചുള്ള, ആ കാലഘട്ടത്തിന് അനുസരിച്ചുള്ള രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ടിനു പാപ്പച്ചൻ സംവിധാനം ചെയുന്ന ചാവേറാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. ആന്റണി വർഗീസ് പെപ്പെയും അർജുൻ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: Actor Antony Varghese Pepe Says He Wants To Be A Chocolate Hero Like Kunchacko Boban