| Saturday, 11th March 2023, 1:07 pm

ജീവിക്കാന്‍, ശ്വസിക്കാന്‍ നമ്മളായിട്ട് മുന്നിട്ട് ഇറങ്ങേണ്ട അവസ്ഥയായി; ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ആന്റണി വര്‍ഗീസ് പെപ്പേ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ പ്രതികരണവുമായയി നടന്‍ ആന്റണി വര്‍ഗീസ് പെപ്പേ. ബ്രഹ്‌മപുരത്തെ അഗ്നിബാധ നിലക്കാത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആന്റണി വിഷയത്തില്‍ പ്രതികരിച്ചത്.

1. അത്യാവശമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക
2. പുറത്തിറങ്ങുമ്പോള്‍ എന്‍-95 മാസ്‌ക് ധരിക്കുക
3. ശ്വാസകോശ രോഗികള്‍ മരുന്ന് മുടക്കാതിരിക്കുക
4. ശ്വാസ തടസമോ ചുമയോ നെഞ്ച് വേദനയോ തലവേദനയോ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കുക
5. ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക
6. വീടുകളില്‍ വിറകടുപ്പ് ഉപയോഗിക്കാതിരിക്കുക
7. പുകവലി ഒഴിവാക്കുക
8. വാതിലും ജനവാതിലുകളും തുറന്നിടാതിരിക്കുക
9. പുറത്തിറങ്ങിയുള്ള വ്യായാമങ്ങള്‍ ഒഴിവാക്കുക
10. വെള്ളം ധാരാളമായി കുടിക്കുക, പഴ വര്‍ഗങ്ങള്‍ കഴിക്കുക

എന്നിവയാണ് ജില്ലാഭരണകൂടം പുറത്തിറക്കിയ നിര്‍ദേശങ്ങള്‍. ഇവ പങ്കുവെച്ചുകൊണ്ട് ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍, ശ്വസിക്കാന്‍ നമ്മളായിട്ട് മുന്നിട്ട് ഇറങ്ങേണ്ട അവസ്ഥയായി’ എന്നാണ് ആന്റണി വര്‍ഗീസ് കുറിച്ചത്.

സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവര്‍ന്നെടുക്കരുതേ എന്നാണ് ബിജിബാല്‍ എഴുതിയിരിക്കുന്നത്. അയല്‍വാസിയായ ബന്ധു പ്ലാസ്റ്റിക് കത്തിക്കുന്നത് കണ്ട് തടഞ്ഞ തനിക്ക് ഒരിക്കല്‍ അസഭ്യവും കേള്‍ക്കേണ്ടി വന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബിജിപാല്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ ജനങ്ങള്‍ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത്. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായി പരിഗണിക്കാവുന്ന ഒരു ഇന്‍സിഡന്റ് ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എനിക്ക് ശ്വസിക്കാനാവുന്നില്ല, എന്ന് ആലേഖനം ചെയ്ത മാസ്‌ക് ധരിച്ചിരിക്കുന്ന മുഖത്തിന്റെ ചിത്രീകരണമാണ് പ്രൊഫൈല്‍ പിക്ചര്‍ ആയി വിനയ് ഫോര്‍ട്ട് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൂടിക്കിടക്കുന്ന മാലിന്യവും ചിത്രത്തില്‍ ഉണ്ട്.

കനത്ത തോതിലുള്ള വായു മലിനീകരണം നടന്ന സാഹചര്യത്തില്‍ കരുതിയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉണ്ണി മുകുന്ദനും പറഞ്ഞിരുന്നു, കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്.

Content Highlight: Actor Antony Varghese Pepe reacts to Brahmapuram waste plant fire

We use cookies to give you the best possible experience. Learn more