| Friday, 7th May 2021, 1:10 pm

ജല്ലിക്കട്ടിന് ഓസ്‌കാര്‍ എന്‍ട്രി വരെ കിട്ടിയപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയായിരുന്നു: ആന്റണി വര്‍ഗീസ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പാരമ്പര്യമില്ലാതെ സ്വന്തം പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയ യുവതാരമാണ് ആന്റണി വര്‍ഗീസ്. ആദ്യ സിനിമ അങ്കമാലി ഡയറീസിലെ പെപ്പെയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ മലയാള സിനിമ ജല്ലിക്കട്ടില്‍ ആന്റണി എന്ന കഥാപാത്രമായി തന്നെ ആന്റണി വര്‍ഗീസ് എത്തി. ആന്റണിയുടെ മറ്റൊരു മുഖമായിരുന്നു ജല്ലിക്കട്ടില്‍ പ്രേക്ഷകര്‍ കണ്ടത്.

ജല്ലിക്കട്ട് എന്ന സിനിമയ്ക്ക് ഓസ്‌കാര്‍ എന്‍ട്രി കിട്ടിയപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയായിരുന്നു തനിക്കെന്ന് പറയുകയാണ് ആന്റണി വര്‍ഗീസ്. എന്ത് പറയണം, എന്ത് ചെയ്യണമെന്നൊന്നും അറിയാത്തൊരു അവസ്ഥയായിരുന്നു അപ്പോഴെന്നും ആന്റണി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ എന്റെ എല്ലാ സിനിമകള്‍ക്കും ഒരേ ടോണാണ് എന്ന് പറയുന്നവരുണ്ട്. ഒന്നും ഞാന്‍ മനഃപൂര്‍വം ചെയ്യുന്നതല്ല. എനിക്ക് അധികവും വരുന്ന തിരക്കഥകള്‍ ആ ഒരു ടൈപ്പ് കഥകളാണ്. അതില്‍ നിന്ന് ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കഥകള്‍ തിരഞ്ഞെടുക്കുന്നു.

അതില്‍ കൂടുതലൊന്നും നോക്കാറില്ല. അല്ലാതെ ഇങ്ങനത്തെ കഥാപാത്രം മാത്രമേ ചെയ്യുകയൊള്ളുവെന്ന നിര്‍ബന്ധമില്ല. അങ്കമാലി കഴിഞ്ഞ് ഒരുപാട് തിരക്കഥകള്‍ വായിച്ചു. ലിജോ ചേട്ടന്‍ പറഞ്ഞു ഇങ്ങനെയൊരു കഥയുണ്ട് നമുക്ക് ചെയ്യാം എന്ന്. ജല്ലിക്കട്ടിന്റെ കാര്യത്തില്‍ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല, ബാക്കിയെല്ലാ സിനിമയും തിരക്കഥ ഇഷ്ടപ്പെടുകയും എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയതുകൊണ്ടും ചെയ്തതാണ്.

ജല്ലിക്കട്ടിന് ഓസ്‌കാര്‍ എന്‍ട്രി വരെ കിട്ടിയപ്പോള്‍ എന്റെ അവസ്ഥ സത്യം പറഞ്ഞാല്‍ പൊട്ടനു ലോട്ടറി അടിച്ചത് പോലെയായിരുന്നു. എന്ത് പറയണം, എന്ത് ചെയ്യണമെന്നൊന്നും അറിയാത്തൊരു അവസ്ഥ. ഇതുവരെ ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും ഭാഗമാവാന്‍ എനിക്ക് സാധിച്ചത് ഭാഗ്യമായാണ് കണക്കാക്കുന്നത്,’ ആന്റണി പറയുന്നു.

സുഹൃത്തുമായി കാനഡയില്‍ പോയപ്പോള്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലം കാണാന്‍ പോയിരുന്നു. അന്ന് അവനോട് ഞാന്‍ പറഞ്ഞു, ഇവിടെയെല്ലാം ഒരു സിനിമയുമായി വരണം. വേദിയില്‍ കയറിനില്‍ക്കുന്ന നിമിഷമൊക്കെ ഓര്‍ത്തുനോക്കുവെന്ന്.

ആറുമാസങ്ങള്‍ക്ക് ശേഷം ജല്ലിക്കെട്ടിന്റെ വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നു. വേദിയില്‍ ലിജോ ജോസ് പെല്ലിശേരിയും ചെമ്പന്‍ വിനോദും ഗിരീഷ് ഗംഗാധരനും ഒപ്പം ഞാനും. ആ സ്വപ്‌ന നിമിഷം സാധ്യമായിട്ടും അത് വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു, ആന്റണി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Antony Varghese On Movie Jellikkettu and Ankamali Diaries

We use cookies to give you the best possible experience. Learn more