എന്റെ എല്ലാ സിനിമകള്‍ക്കും ഒരേ ടോണാണെന്നു പറയുന്നവരുണ്ട്; ആന്റണി വര്‍ഗീസ് പറയുന്നു
Malayalam Cinema
എന്റെ എല്ലാ സിനിമകള്‍ക്കും ഒരേ ടോണാണെന്നു പറയുന്നവരുണ്ട്; ആന്റണി വര്‍ഗീസ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th June 2021, 11:12 am

അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രമായും ജല്ലിക്കെട്ടിലെ ആന്റണിയായും എത്തി മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്കു സമ്മാനിച്ച നടനാണ് ആന്റണി വര്‍ഗീസ്. തുടക്കക്കാരനെന്ന പതര്‍ച്ചയില്ലാതെ കഥാപാത്രമായി ജീവിക്കുന്ന ആന്റണിയുടെ അഭിനയ മികവിനെ പ്രേക്ഷകര്‍ ഒന്നടങ്കം അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ തന്റെ എല്ലാ സിനിമകള്‍ക്കും ഒരേ ടോണാണ് എന്നു പറയുന്നവരുണ്ടെന്നും എന്നാല്‍ ഒന്നും താന്‍ മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും പറയുകയാണ് ആന്റണി വര്‍ഗീസ്.

‘എനിക്ക് അധികവും വരുന്ന തിരക്കഥകള്‍ ആ ഒരു ടൈപ്പു കഥകളാണ്. അതില്‍ നിന്നു ഞാന്‍ എനിക്കു ചെയ്യാന്‍ കഴിയുന്ന കഥകള്‍ തെരഞ്ഞെടുക്കുന്നു. അതില്‍ കൂടുതലൊന്നും നോക്കാറില്ല. അല്ലാതെ ഇങ്ങനത്തെ കഥാപാത്രം മാത്രമേ ചെയ്യുകയൊള്ളുവെന്ന നിര്‍ബന്ധമില്ല.

അങ്കമാലി കഴിഞ്ഞ് ഒരുപാടു തിരക്കഥകള്‍ വായിച്ചു. ലിജോ ചേട്ടന്‍ പറഞ്ഞു ഇങ്ങനെയൊരു കഥയുണ്ടു നമുക്ക് ചെയ്യാം എന്ന്. ജല്ലിക്കെട്ടിന്റെ കാര്യത്തില്‍ എനിക്കു മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല, ബാക്കിയെല്ലാം തിരക്കഥ ഇഷ്ടപ്പെടുകയും എനിക്കു ചെയ്യാന്‍ സാധിക്കുമെന്നു തോന്നിയിട്ടു ചെയ്തതുമാണ്.

ജല്ലിക്കെട്ടിന് ഓസ്‌കാര്‍ എന്‍ട്രി വരെ കിട്ടിയപ്പോള്‍ എന്റെ അവസ്ഥ സത്യം പറഞ്ഞാല്‍ പൊട്ടനു ലോട്ടറി അടിച്ചതു പോലെയായിരുന്നു. എന്തു പറയണം, എന്തു ചെയ്യണമെന്നൊന്നും അറിയാത്തൊരു അവസ്ഥ. ഇതുവരെ ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും ഭാഗമാവാന്‍ എനിക്കു സാധിച്ചതു ഭാഗ്യമായാണു കൂട്ടുന്നത്.

കഥാപാത്രങ്ങള്‍ക്കു വേണ്ടി ഇതുവരെ പ്രത്യേകിച്ചു തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല. കാരണം അതിനുമാത്രം ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണു വിശ്വാസം.

ഞാന്‍ ഒരു തുടക്കകാരനാണ്. എല്ലാം പഠിച്ചുവരുന്നതേയുള്ളു. ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. ജല്ലിക്കെട്ടിലും അജഗജാന്തരത്തിലുമാണ് ശാരീരികമായി ഏറ്റവും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത്. തൊണ്ണൂറു ശതമാനം ഡ്യൂപ്പ് ഇല്ലാതെയാണു ചെയ്യുന്നത്.

വലിയ ഉയരത്തില്‍ നിന്നു ചാടുന്നതും ചില്ലുകൊണ്ട് ദേഹത്ത് അടിക്കുന്നതൊക്കെയാണ് ഡ്യൂപ്പിനെ വെച്ച് ചെയ്യിപ്പിക്കാറുള്ളത്. അല്ലാതെയുള്ള ഒരുവിധം ഭാഗങ്ങളെല്ലാം സ്വയം ചെയ്യാറാണു പതിവ്. അജഗജാന്തരത്തില്‍ വലിയൊരു ഉയരത്തില്‍ നിന്നു ചാടുന്ന സീനെല്ലാം ഡ്യൂപ്പിനെ വെക്കാതെയാണു ചെയ്തിട്ടുള്ളത്, ആന്റണി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Antony Varghese About His Cinema Life