| Sunday, 25th December 2022, 9:47 pm

തല്ലുമാലയും ആ വിജയ് ചിത്രവും എനിക്ക് മിസ്സാവാന്‍ കാരണമുണ്ട്; അതുകൊണ്ട് ഗുണമാണ് ഉണ്ടായത്: ആന്റണി വര്‍ഗീസ് പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയിലും വിജയ് ചിത്രം മാസ്റ്ററിലേക്കും കാസ്റ്റ് ചെയ്തിട്ടും തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്ന് ആന്റണി വര്‍ഗീസ് പെപ്പെ.

തല്ലുമാലയില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് മറ്റൊരു സിനിമയില്‍ കമ്മിറ്റ് ചെയ്തത് കൊണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മാസ്റ്ററിലേക്ക് വിളിച്ചപ്പോള്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരത്തിന്റെ ഷൂട്ട് നടക്കുകയായിരുന്നുവെന്നും ഡേറ്റ് മാറ്റാന്‍ കഴിഞ്ഞില്ലെന്നുമാണ് ആന്റണി പറഞ്ഞത്.

അജഗജാന്തരം നല്ല സിനിമയായത് കൊണ്ട് തനിക്ക് ബുദ്ധിമുട്ട് തോന്നിയില്ലെന്നും കൊടുത്ത വാക്ക് പിന്‍വലിക്കാന്‍ പാടില്ലാത്തത് കൊണ്ടാണ് ഈ രണ്ട് സിനിമകളിലും താന്‍ അഭിനയിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”തല്ലുമാലയില്‍ എന്നെ വിളിച്ചിരുന്നു. വേറെ ഒരു പടവുമായിട്ട് ഡേറ്റ് പ്രശ്‌നം ഉണ്ടായിട്ടാണ് അതില്‍ അഭിനയിക്കാന്‍ ചെല്ലാന്‍ കഴിയാതിരുന്നത്. ഇതുപോലെ വിജയുടെ ഒരു സിനിമയും മിസ്സായിരുന്നു.

മാസ്റ്ററായിരുന്നു അന്ന് മിസ്സായത്. ഡേറ്റ് പ്രശ്‌നം തന്നെയായിരുന്നു കാരണം. ആ സമയത്ത് അജഗജാന്തരം ആ സമയത്തായിരുന്നു ഷൂട്ടിങ്ങ് ആരംഭിച്ചത്. പക്ഷെ ആ സിനിമ നല്ലതായിരുന്നു. അതുകൊണ്ട് ചെയ്തു.

ആദ്യം വാക്ക് കൊടുത്തത് അവര്‍ക്കായിരുന്നു അത് മാറ്റാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് വിജയ് പടത്തില്‍ പോയില്ല,” ആന്റണി വര്‍ഗീസ് പറഞ്ഞു.

ഓ മേരി ലൈലയാണ് ആന്റണിയുടെ പുതിയ ചിത്രം. 2022-ല്‍ പുറത്തിറങ്ങിയ ഷെയ്ന്‍ നിഗം ചിത്രമായ വെയിലിലൂടെ ശ്രദ്ധേയായ സോന ഓലിക്കാണ് സിനിമയിലെ നായിക. ഡോ. പോള്‍സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസാണ് ഈ ക്യാമ്പസ് സ്റ്റോറി നിര്‍മിച്ചിരിക്കുന്നത്.

നവാഗതനായ അനുരാജ് ഒബിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ആന്റണിക്കൊപ്പം നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലിം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബിറ്റോ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

content highlight: actor antony varghes about thallumala

We use cookies to give you the best possible experience. Learn more