മമ്മൂക്കയാണെന്ന് അറിയാതെ പെട്ടെന്ന് ആരാടോയെന്ന് ചോദിച്ചു, യേശുവിന്റെ ലുക്കും കയ്യിലിരിപ്പ് വേറെയും എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി: ആന്റണി വര്‍ഗീസ്
Entertainment news
മമ്മൂക്കയാണെന്ന് അറിയാതെ പെട്ടെന്ന് ആരാടോയെന്ന് ചോദിച്ചു, യേശുവിന്റെ ലുക്കും കയ്യിലിരിപ്പ് വേറെയും എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി: ആന്റണി വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th December 2022, 10:08 pm

ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആന്റണി വര്‍ഗീസ് പെപ്പെ. ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് പെപ്പെ. മമ്മൂട്ടിയെ ആദ്യമായി കാണുമ്പോള്‍ തനിക്ക് ഒരുപാട് മുടിയുണ്ടായിരുന്നുവെന്നും തിരിഞ്ഞ് നില്‍ക്കുന്ന തന്റെ മുടിയില്‍ പിടിച്ചാണ് തന്നെ പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ചുള്ള പുതിയ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിങ്ങിനെക്കുറിച്ചും പെപ്പെ സംസാരിച്ചു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കയെ ഞാന്‍ കാണുമ്പോള്‍ എനിക്ക് അന്ന് ഒരുപാട് മുടി ഉണ്ടായിരുന്നു. ഞാന്‍ തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഞാനും ദുല്‍ഖറും അപര്‍ണ ബാലമുരളിയും പിന്നെ ടൊവി ബ്രോയും കൂടെ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും അങ്ങോട്ട് തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.

ആ സമയത്ത് ഒരാളെന്റെ മുടിയുടെ മുകളില്‍ വന്ന് പിടിച്ചു. ഞാന്‍ പെട്ടെന്ന് ചോദിച്ചു ആരാടായെന്ന്. കാരണം തിരിഞ്ഞ് നില്‍ക്കുകയാണല്ലോ. ആളെ കണ്ടിട്ട് പെട്ടെന്ന് തന്നെ അവരുടെ എല്ലാം റിയാക്ഷന്‍ മാറുന്നുണ്ട്.

ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ മമ്മൂക്ക. യേശുവിന്റെ ലുക്കും കയ്യിലിരിപ്പ് വേറെയും എന്ന് പറഞ്ഞിട്ട് മമ്മൂക്ക പോയി. മമ്മൂക്കയുടെ നന്‍പകല്‍ നേരത്ത് മയക്കത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടതില്ല. എന്റെ ആശാനും (ലിജോ ജോസ് പെല്ലിശ്ശേരി) മമ്മൂക്കയുമുള്ള പടമാണല്ലോ. അടിപൊളിയായിരിക്കും.

ലാലേട്ടന്റെ കൂടെയും ആശാന്‍ പുതിയ സിനിമ ചെയ്യുന്നുണ്ട്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ട്. ഇപ്പോള്‍ അദ്ദേഹം ഫുള്‍ അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിലാണ്,” ആന്റണി വര്‍ഗീസ് പറഞ്ഞു.

ഓ മേരി ലൈലയാണ് ആന്റണിയുടെ പുതിയ ചിത്രം. സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

content highlight: actor antony varghes about mammootty