കല്യാണം നടത്തിയത് നിര്‍മാതാവിന് പണം തിരിച്ചുകൊടുത്ത് ഒരു വര്‍ഷത്തിന് ശേഷം; ഒത്തുതീര്‍പ്പാക്കിയ പ്രശ്‌നം വീണ്ടുമുയര്‍ത്തിയത് വ്യക്തിഹത്യ ചെയ്യാന്‍: ആന്റണി വര്‍ഗീസ്
സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. നിര്‍മാതാവിനെ പറ്റിച്ച പണം കൊണ്ടല്ല സഹോദരിയുടെ വിവാഹം നടത്തിയതെന്നും ആ പണം തിരിച്ചുകൊടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് കല്യാണ ആലോചന വന്നതെന്നും ആന്റണി പറഞ്ഞു. സംഘടനകള്‍ ചേര്‍ന്ന് പറഞ്ഞുതീര്‍ത്ത പ്രശ്‌നമാണ് വീണ്ടും മുന്നിലേക്ക് കൊണ്ടുവന്നതെന്നും പ്രസ് മീറ്റില്‍ ആന്റണി വര്‍ഗീസ് പറഞ്ഞു.
‘എന്നെ പറ്റി ജൂഡേട്ടന്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടേ. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ കാശ് വാങ്ങിയാണ് ഞാന്‍ അനിയത്തിയുടെ കല്യാണം നടത്തിയതെന്ന് ആരോപിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ അമ്മയും അനിയത്തിയും ഭാര്യയും വിഷമിച്ചു. സ്വന്തം ചേട്ടന്‍ മറ്റൊരാളെ പറ്റിച്ച പണം കൊണ്ടാണ് കല്യാണം നടത്തിയതെന്ന് മറ്റുള്ളവര്‍ പറയും.
എന്റെ അച്ഛനും അമ്മയും ചേര്‍ത്ത് വെച്ച പൈസയും ഞാന്‍ സമ്പാദിച്ച പൈസയും കൂടി ചേര്‍ത്താണ് അനിയത്തിയുടെ കല്യാണം നടത്തിയത്. 2020 ജനുവരി 27 ന് ഞാന്‍ ആ പൈസ തിരിച്ച് കൊടുത്തിട്ടുണ്ട്. 2021 ജനുവരി 18നാണ് എന്റെ അനിയത്തിയുടെ കല്യാണം നടന്നത്. ഒരു വര്‍ഷത്തെ വ്യത്യാസമുണ്ട്. പൈസ തിരിച്ച് കൊടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് കല്യാണ ആലോചന തന്നെ വന്നത്. ഞാന്‍ ടൈം ട്രാവല്‍ ചെയ്ത് പോയി അദ്ദേഹത്തിന്റെ പൈസ വാങ്ങി കല്യാണം നടത്തിയതാണോ?
2019ല്‍ സംഘടനകള്‍ വഴി ചര്‍ച്ച നടത്ത കോംപ്രമൈസ് ചെയ്ത് പിരിഞ്ഞ സംഭവമാണിത്. അദ്ദേഹത്തിന് അന്ന് പ്രതികരിക്കാമായിരുന്നു. ജൂഡേട്ടന്റെ സിനിമ വിജയിച്ച് നില്‍ക്കുന്ന സമയത്താണ് ഇത് പറയുന്നത്. മറ്റൊരാളുടെ ജീവിത്തിന്റെ വഴി മുടക്കാന്‍ വിജയത്തെ ദുരുപയോഗം ചെയ്തു. പക്ഷേ എനിക്ക് ഒരു ദേഷ്യവുമില്ല. പറഞ്ഞുതീര്‍ത്ത കാര്യം വീണ്ടും മുന്നിലേക്ക് കൊണ്ടുവരുന്നത് വ്യക്തിഹത്യയാണ്.
ആര്‍.ഡി.എക്‌സ്. സംവിധായകന്‍ നഹാസിനെ ഇതിലേക്ക് വലിച്ചിട്ടു. എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരാള്‍ സംവിധാകനാവുന്നതെന്ന് അദ്ദേഹം തന്നെ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. പുള്ളിയുടെ ശാപം കൊണ്ടാണ് നഹാസിന്റെ ആദ്യ സിനിമ നടക്കാതെ പോയതെന്നാണ് പറയുന്നത്. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന മറ്റൊരു സംവിധായകനെ പറ്റി ഇങ്ങനെ പറയുന്നത് അവരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്,’ ആന്റണി വര്‍ഗീസ് പറഞ്ഞു. അമ്മ ജൂഡ് ആന്തണിക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.
താന്‍ നിര്‍മിക്കാനിരുന്ന ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും അഡ്വാന്‍സായി വാങ്ങിയ പത്ത് ലക്ഷം രൂപ കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയതെന്നുമായിരുന്നു ജൂഡ് പറഞ്ഞിരുന്നത്.
Content Highlight: Actor Anthony Varghese Pepe responds to director Jude Anthony Joseph’s allegations