| Wednesday, 25th October 2023, 8:45 am

സിനിമ റിവ്യൂസ് ടാര്‍ഗറ്റ് ചെയ്യുന്നത് നായകനെ; ബാധിക്കുന്നത് പ്രൊഡ്യൂസറെ മാത്രം: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിനിമയെ നശിപ്പിക്കുന്ന തരത്തിലുള്ള റിവ്യൂകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സിനിമയുടെ പ്രൊഡ്യൂസറിനെ മാത്രമാണെന്ന് നടന്‍ അനൂപ് മേനോന്‍. ഒരു സിനിമയെ നശിപ്പിക്കുന്ന തരത്തിലുള്ള റിവ്യൂസ് ചെയ്യരുതെന്നും അതേസമയം ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഒരു സിനിമയെ പൂര്‍ണമായും നശിപ്പിക്കാന്‍ വേണ്ടിയുള്ള റിവ്യൂസിനോട് തനിക്ക് യോജിപ്പില്ലെന്ന് അനൂപ് മേനോന്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും ഇതൊരു സ്വതന്ത്ര രാജ്യമാണെന്നും അതിനെതിരെ അപകീര്‍ത്തിപ്പെടുത്തിയെന്ന രീതിയില്‍ പരാതിപ്പെടാനുള്ള സ്‌പേസ് നമുക്കില്ലെന്നും അനൂപ് പറഞ്ഞു. നമ്മുടെ സിവില്‍ സിസ്റ്റത്തില്‍ അതില്ലാത്ത കാലത്തോളം ഈ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള റിവ്യുസ് ചെയ്യുന്നത് തുടരുമെന്നും താരം പറയുന്നു.

‘ഒരു സിനിമയെ നശിപ്പിക്കുന്ന തരത്തിലുള്ള റിവ്യൂസ് ചെയ്യരുത്. എന്നാല്‍ ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാം. സത്യസന്ധമായി റിവ്യൂസ് ചെയ്യുന്നവരുമുണ്ട്. അതല്ലാതെ ഒരാളെ മാത്രമായി ടാര്‍ഗറ്റ് ചെയ്ത് കൊണ്ട് റിവ്യൂ ചെയ്യുന്ന ആളുകളുമുണ്ട്.

ചില പ്രത്യേക സിനിമയെ ടാര്‍ഗറ്റ് ചെയ്തു കൊണ്ട് റിവ്യൂസ് ചെയ്യുന്നവരെയും കാണാം. എന്നാല്‍ റിവ്യൂസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഒരു സിനിമയുടെ പ്രൊഡ്യൂസറിനെ മാത്രമാണ്.

അതിലെ നായകനെയോ നായികയെയോ സിനിമറ്റോഗ്രാഫറിനെയോ മോശമായി ബാധിക്കില്ലെന്നതാണ് സത്യം. റിവ്യൂസ് സംവിധായകനെയും ബാധിക്കുന്ന കാര്യമല്ല. കാരണം അവര്‍ക്കൊക്കെ ആ സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമ കിട്ടും.

നായകനെയാണ് മിക്കപ്പോഴും പലരും ടാര്‍ഗറ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഇന്നത്തെ ഏതൊരു നായകനെയോ നായികയോ നോക്കിയാലും, ഒരു സിനിമ കഴിഞ്ഞാല്‍ അവരുടെ കയ്യില്‍ അടുത്ത സിനിമ ഉണ്ടാകും.

ചുരുക്കത്തില്‍ ആ സിനിമയുടെ പ്രൊഡ്യൂസറിനെ മാത്രമാണ് ഈ നെഗറ്റീവ് റിവ്യൂസ് ബാധിക്കുന്നത്. അയാള്‍ അവസാനം നെഞ്ചത്തടിച്ചു കരയേണ്ടി വരും. അയാളെ മാത്രമല്ല അയാളുടെ കുടുംബത്തെയും മോശമായി ബാധിക്കും.

റിവ്യൂസ് ടാര്‍ഗറ്റ് ചെയ്യുന്ന നായകന്മാരെ നോക്കിയാല്‍ അവര്‍ക്ക് അടുത്ത പത്ത് സിനിമ ആദ്യമേ തന്നെ സൈന്‍ ചെയ്ത് വെച്ചിട്ടുണ്ടാകും. ഒരാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇത്.

കാരണം മിക്കവാറും ആളുകള്‍ ഉള്ള കിടപ്പാടം പോലും വിറ്റിട്ടാണ് സിനിമ പിടിക്കുന്നത്. ചില സിനിമകള്‍ക്ക് വലിയ പ്രൊഡ്യൂസര്‍മാര്‍ ഉണ്ടാകും. എങ്കിലും അവര്‍ക്കും നഷ്ടപെടുന്നത് പൈസ തന്നെയാണ്.

അങ്ങനെ ഒരു സിനിമയെ പൂര്‍ണമായും നശിപ്പിക്കാന്‍ വേണ്ടിയുള്ള റിവ്യൂസിനോട് യോജിപ്പില്ല. പക്ഷെ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഇതൊരു സ്വതന്ത്ര രാജ്യമാണ്.

അതിനെതിരെ അപകീര്‍ത്തിപ്പെടുത്തിയെന്ന രീതിയില്‍ പരാതിപ്പെടാനുള്ള സ്‌പേസ് നമുക്കില്ല. നമ്മുടെ സിവില്‍ സിസ്റ്റത്തില്‍ അതില്ലാത്ത കാലത്തോളം ഈ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള റിവ്യുസ് ചെയ്യുന്നത് തുടരും. പ്രൊഡ്യൂസര്‍മാര്‍ അതിന് അനുഭവിക്കുകയും ചെയ്യും,’ അനൂപ് മേനോന്‍ പറയുന്നു.

Content Highlight: Actor Anoop Menon Talks About Movie Reviews

We use cookies to give you the best possible experience. Learn more