| Thursday, 13th October 2022, 6:31 pm

ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രം പത്മ, ടീസറില്‍ പറയുന്ന പോലെ ഒന്നും സംഭവിച്ചിട്ടില്ല: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോനും സുരഭി ലക്ഷ്മിയും ഒന്നിച്ചെത്തിയ സിനിമയായിരുന്നു പത്മ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ രവി ശങ്കറായാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തിയത്. പത്മ എന്ന ടൈറ്റില്‍ റോളായിരുന്നു സുരഭി അവതരിപ്പിച്ചത്.

അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം എക്‌സ്ട്രാ മാരിറ്റല്‍ അഫയറിനെ കുറിച്ചായിരുന്നു സംസാരിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരുന്ന പ്രൊമോ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോനും സുരഭിയും തന്നെയായിരുന്നു വീഡിയോയില്‍ എത്തിയിരുന്നത്.

മേക്കപ്പ് ഇടുന്നതിനിടയില്‍ പത്മ പൊട്ടിയാല്‍ എത്ര രൂപ നഷ്ടം വരുമെന്ന് സുരഭി ചോദിക്കുന്നു. കിടപ്പാടം ഒഴികെ ബാക്കിയെല്ലാം പോകുമെന്ന് പറയുന്ന അനൂപ് മേനോനോട് കിടപ്പാടം കിട്ടുമല്ലേ എന്ന് സുരഭി തിരിച്ച് ചോദിക്കുന്നു. തുടര്‍ന്ന് ഇരുവരും സിനിമ പൊട്ടുമോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നതുമായിരുന്നു പ്രൊമോ വീഡിയോ.

പത്മയാണ് തനിക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രമെന്ന് പറയുകയാണ് അനൂപ് മേനോന്‍. സിനിമയുടെ ടീസറില്‍ പറയുന്ന പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് പറഞ്ഞു.

‘പത്മ എല്ലാവരും തിയേറ്ററില്‍ പോയി കാണുന്ന ഒരു തിയേറ്ററിക്കല്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന സിനിമയല്ല. എളുപ്പത്തില്‍ ഒ.ടി.ടിയില്‍ കാണാന്‍ പറ്റുന്ന ചിത്രമാണ്. പത്മക്ക് ഒരുപാട് പ്രൊമോഷന്‍സ് കൊടുത്തിട്ടില്ല. അതിനുള്ള കാരണം ചിത്രം കാണാന്‍ താല്‍പര്യമുള്ള ആളുകള്‍ മാത്രം തിയേറ്ററില്‍ പോയി കണ്ടാല്‍ മതി എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

അത്തരം ആളുകള്‍ ഈ സിനിമ വന്ന് കാണുകയും ചെയ്തിട്ടുണ്ട്. വെറുതെ ഞാന്‍ പ്രൊമോഷന് വേണ്ടി പണം ചിലവാക്കിയില്ല. ഒരു മൂന്ന് ആഴ്ച തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു അങ്ങനെ സിനിമയെക്കുറിച്ച് ആളുകളെ അറിയിക്കുക, അതായിരുന്നു എന്റെ പ്ലാന്‍. ശേഷം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനായിരുന്നു ഞാന്‍ ആദ്യം കരുതിയത്.

ആദ്യം ഞാന്‍ സിനിമയുടെ റിലീസിന് വേണ്ടി ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമുമായി സംസാരിച്ചിരുന്നതാണ്. തുടക്കത്തില്‍ തിയേറ്റര്‍ റിലീസ് എന്നൊരു കാര്യം എന്റെ മനസിലില്ലാത്തതാണ്. ഒരു ലക്ക് പോലെ എനിക്ക് തിയേറ്റര്‍ റിലീസ് കിട്ടുകയായിരുന്നു. ശേഷം കുറേ നല്ല റിവ്യൂസ് പത്മക്ക് കിട്ടി. അത് പിന്നീട് ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പ്രൊമോഷനായി.

ഇതെല്ലാമായിരുന്നു എന്റെ പ്ലാന്‍. തീരെ പരസ്യം ചെയ്യില്ലെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. പത്മയാണ് എനിക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രം. അതിന്റെ ടീസറില്‍ പറയുന്ന പോലെ ഒന്നും സംഭവിച്ചിട്ടില്ല,” അനൂപ് മേനോന്‍ പറഞ്ഞു.

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിച്ച പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, സുരഭി ലക്ഷ്മി, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്.

Content Highlight: Actor Anoop Menon said that Padma is his highest grossing film

We use cookies to give you the best possible experience. Learn more