അവതാരകയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയതില്‍ പ്രതികരിച്ചിരുക്കുകയാണ് നടന്‍ അനൂപ് മേനോന്‍.
ഒരു സംഘടനയ്ക്ക് ഒരാളെ വിലക്കാന്‍ പറ്റും പക്ഷേ ആ വിലക്ക് ജോലി ചെയ്യാനുള്ള അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധിക്കേണ്ട കാര്യമാണെന്നും അനൂപ് മേനോന്‍ പറഞ്ഞു. പുതിയ സിനിമ വരാലിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു അനൂപ് മേനോന്റെ പ്രതികരണം.
”ഒരു നിയമാവലിയും പ്രൊവിഷനുമുണ്ടെങ്കില്‍ ഒരു സംഘടനക്ക് ഒരാളെ വിലക്കാം. പക്ഷേ ആ വിലക്ക് ഏര്‍പ്പെടുമോയെന്നത് ജനാധിപത്യത്തില്‍ നമ്മള്‍ ചോദിക്കേണ്ട കാര്യമാണ്.
കാരണം ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടനയിലുണ്ട്. അത് നമ്മുടെ അവകാശമാണ്. അതില്‍പ്പെടുന്നതാണ് ജോലി ചെയ്യാനുള്ള അവകാശം. വിലക്കാം പക്ഷേ ആ വിലക്ക് നടപ്പിലാകുമോയെന്നത് മറ്റൊരു കാര്യമാണ്. അങ്ങനെ വിലക്കിയാലും ഇങ്ങനൊരു അവകാശം ഉള്ളപ്പോള്‍ അത് സാധ്യമാകുമോയെന്നത് ചിന്തിക്കേണ്ടതാണ്.
ഒരു ചോദ്യകര്‍ത്താവ് ഒരു ചോദ്യം ചോദിക്കുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും മനസിലാക്കേണ്ടത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസമാണ്. അതായത് കോളേജിലും സ്‌കൂളിലും പോയിട്ടുള്ള വിദ്യാഭ്യാസമല്ല. വിദ്യയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അറിവാണ്.
അതാണ് ഒരാളുടെ ചോദ്യത്തില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്. അതേപോലെ നേരെ തിരിച്ചുള്ള ഉത്തരത്തിലും വിദ്യാഭ്യാസത്തിന്റെ അംശമുണ്ടായിരിക്കണം,” അനൂപ് മേനോന്‍ പറഞ്ഞു.
കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു.
ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് അവതാരക പരാതിയില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ശ്രീനാഥിനെ സിനിമയില്‍ നിന്നും വിലക്കുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിക്കുകയായിരുന്നു.
Content Highlight: Actor Anoop Menon reacts on Sreenath Bhasi issue