| Tuesday, 11th October 2022, 11:29 pm

പൊതുമുതല്‍ നശിപ്പിക്കുക, ജനജീവിതം സ്തംഭിപ്പിക്കുക; പൊളിറ്റിക്‌സിനെ ഒരു സാധാരണക്കാരന്‍ എങ്ങനെ വീക്ഷിക്കുന്നുവോ അതാണ് വരാല്‍: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വരാല്‍. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് നിര്‍മിക്കുന്ന ചിത്രമാണ് വരാല്‍. ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷംഅനൂപ് മേനോന്‍ടൈം ആഡ്സ് കൂട്ടുകെട്ടില്‍ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്.

നിലവിലെ രാഷ്ട്രിയ ചുറ്റുപാടില്‍ ഒരു സാധാരണക്കാരന് തോന്നുന്ന കാര്യങ്ങളിലൂടെയാണ് വരാല്‍ കടന്നുപോകുന്നതെന്ന് പറഞ്ഞിരിക്കുകയാണ് അനൂപ് മേനോന്‍. ഏത് തരം രാഷ്ട്രീയ സ്‌റ്റോറിയാണ് വരാലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അനൂപ് മേനോന്റെ മറുപടി.

”പൊളിറ്റിക്‌സ് വളരെ കൃത്യമായി ഫോളോ ചെയ്യുന്നയാളല്ല ഞാന്‍. എഴുതാറുള്ള യൂഷ്വല്‍ സിനിമകളില്‍ നിന്നും മാറി മറ്റൊരു വിഷയം തിരഞ്ഞെടുക്കുമ്പോള്‍ അതിലേക്ക് ഒരു സാധാരണക്കാരന്‍ എങ്ങനെ വീക്ഷിക്കുന്നുവോ അതാണ് വരാല്‍.

എന്റെയൊരു ആഗ്രഹമാണ് വരാല്‍. വളരെ സിമ്പിളായി പറയുകയാണെങ്കില്‍ ഇവിടെ ഒരു ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ അതെന്തിനാണെന്ന് പലര്‍ക്കും അറിയില്ല. ബസിന് കല്ലെറിയുന്നു, പൊതുമുതല്‍ കത്തിക്കുന്നു. ഒരു വികസിത രാജ്യത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ്.

പൊതുമുതല്‍ നശിപ്പിക്കുക, നിഷ്‌കളങ്കരായ ആളുകളെ കൊല്ലുക തുടങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്ന കാര്യമുണ്ടാക്കി വെക്കുന്നത് പ്രാകൃതമായ രീതിയാണ്. തൊണ്ണൂറ് ശതമാനം ആളുകള്‍ക്കുമറിയില്ല ഇതൊക്കെയെന്തിനാണെന്ന്. പൊളിറ്റിക്കല്‍ പാര്‍ട്ടീസ് റോഡില്‍ നിന്ന് അടികൂടുന്നതൊക്കെ വളരെ മോശമാണ്.

എന്തിനാണ് പ്രാകൃത സമൂഹത്തില്‍ നമ്മള്‍ നില്‍ക്കുന്നത്. ടെക്‌നോളജിയില്‍ നമ്മള്‍ ഒരുപാട് മുന്നോട്ട് വന്നു എന്നിട്ടും നമ്മള്‍ അവിടെ തന്നെയാണ്. ഇത്തരത്തില്‍ ഒരു സാധാരണക്കാരന് തോന്നുന്ന കാര്യങ്ങളാണ് എന്റെ ചിന്തക്ക് പിന്നില്‍,” അനൂപ് മേനോന്‍ പറഞ്ഞു.

20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തില്‍ അന്‍പതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും ‘വരാല്‍’.

സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍, സായ്കുമാര്‍, ആദില്‍ ഇബ്രാഹിം, മേഘനാഥന്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, കൊല്ലം തുളസി, മാധുരി ബ്രിഗാന്‍സ, പ്രിയങ്ക, ഗൗരി നന്ദ, നിത പ്രോമി, ശോഭ സിങ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlight: Actor Anoop Menon about his new film Varal

We use cookies to give you the best possible experience. Learn more