| Thursday, 14th April 2022, 11:45 am

എഴുതിയ ഒരു പാട്ടിനും ഇതുവരെ കാശ് കിട്ടിയിട്ടില്ല, പ്രൊഡ്യൂസറിന്റെ കയ്യില്‍ കാശില്ലാത്ത സമയങ്ങളിലാണ് എന്നെ വിളിക്കുന്നത്: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സംവിധായകന്‍ നിര്‍മാതാവ് തുടങ്ങി സിനിമയിലെ വിവിധ മേഖലകളില്‍ സജീവമായ താരമാണ് അനൂപ് മേനോന്‍. ഇതിനൊപ്പം സിനിമാ ഗാനരചയിതാവ് കൂടിയാണ് അദ്ദേഹം.

ബ്യൂട്ടിഫുള്‍ ഹോട്ടല്‍ കാലിഫോര്‍ണിയ, ഡോള്‍ഫിന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അനൂപ് മേനോന്‍ പാട്ടുകളെഴുതിയിട്ടുണ്ട്. ഇതില്‍ തന്നെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ ‘മഴനീര്‍ത്തുള്ളികള്‍ നിന്‍ തണുനീര്‍ മുത്തുകള്‍’ എന്ന ഗാനമെല്ലാം സൂപ്പര്‍ഹിറ്റുമായിരുന്നു.

എന്നാല്‍ താന്‍ എഴുതിയ ഒരു പാട്ടിനും ഇതുവരെ കാശ് കിട്ടിയിട്ടില്ലെന്ന് പറയുകയാണ് അനൂപ് മേനോന്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലെ ഗാനം എഴുത്തിനെ കുറിച്ച് താരം സംസാരിക്കുന്നത്.

ഞാനൊരു കവിയല്ല വാക്കുകള്‍ നിരത്താന്‍ അറിയാവുന്ന ഒരാള്‍ മാത്രമാണെന്ന് താങ്കള്‍ നേരത്തെ പറഞ്ഞിരുന്നു.എന്താണ് അങ്ങനെ പറയാന്‍ കാരണമെന്ന ചോദ്യത്തിന് അനൂപ് മേനോന്റെ മറുപടി ഇതായിരുന്നു.

‘എന്റെ പൂര്‍വസൂരികള്‍ എന്ന് പറയുന്നവര്‍ ഒ.എന്‍.വി സാറും വയലാര്‍ മാഷും പി. ഭാസ്‌ക്കരന്‍ സാറും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെയാണ്. അവരാണ് കവികള്‍. നമ്മള്‍ ഈ പറയുന്ന ഒരു മ്യൂസിക് കിട്ടിക്കഴിഞ്ഞാല്‍ അതിന് വേണ്ടി വരികളെഴുതുകയാണ്. പലപ്പോഴും എന്നെ വരിയെഴുതാന്‍ വിളിക്കുന്നത് പ്രൊഡ്യൂസറിന്റെ കയ്യില്‍ കാശില്ലാത്ത സമയങ്ങളിലാണ്.

മിക്കവാറും അങ്ങനെ ആണ് സംഭവിച്ചിട്ടുള്ളത്. കാരണം ഒരു പാട്ടെഴുതണമെങ്കില്‍ മിനിമം 40000 രൂപയാണ് അത്യാവശ്യം നല്ലൊരു ഗാനരചയിതാവിന് കൊടുക്കേണ്ടത്. അപ്പോള്‍ ഒരു മൂന്ന് പാട്ടെഴുതുന്നതിന് 120000 രൂപ പോയി. ഇവനാകുമ്പോള്‍ പൈസ കൊടുക്കണ്ട എന്ന ലൈനാണ്.

എനിക്ക് ഇതുവരെ എഴുതിയ ഒരു പാട്ടിനും പൈസ കിട്ടിയിട്ടില്ല. ആ മഴനീര്‍ത്തുള്ളികളൊക്കെ ഒരുപാട് പേര്‍ ഇഷ്ടപ്പെട്ടു. മഴനീര്‍ത്തുള്ളികള്‍ക്കോ കിംഗ്ഫിഷിലെ എന്‍ രാമഴയില്‍ എന്ന പാട്ടിനോ ഒന്നും പൈസ കിട്ടിയിട്ടില്ല. ഇതുവരെ പൈസ കിട്ടാത്ത ഗാനരചയിതാവാണ് ഞാന്‍. എന്നിട്ട് ഇപ്പോഴും അവന്മാര്‍ വിളിക്കും(ചിരി). പദ്മയില്‍ പിന്നെ എന്റെ പടമായതുകൊണ്ട് എല്ലാം ഞാന്‍ തന്നെയാണ് എഴുതിയത്. എനിക്ക് തന്നെയാണല്ലോ ലാഭം, അനൂപ് മേനോന്‍ പറഞ്ഞു.

സീരിയല്‍ ആക്ടേഴ്‌സിന് സിനിമയില്‍ നായക വേഷം കിട്ടുന്നത് കഠിനമാണെന്നും അത് താന്‍ അനുഭവിച്ച കാര്യമാണെന്നും അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറഞ്ഞു. തന്റെ സിനിമകളില്‍ സീരിയല്‍ താരങ്ങള്‍ക്ക് അവസരം കൊടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Actor Anoop Menon About His Movie Songs Lyrics and Payment

We use cookies to give you the best possible experience. Learn more