കൊച്ചി: വിവാദങ്ങള്‍ക്ക് പിന്നാലെ ധാത്രിയുടെ ഹെയര്‍ ഓയിലിനെ പ്രശംസിച്ചും ചില മാധ്യമങ്ങളെ വിമര്‍ശിച്ചും നടന്‍ അനൂപ് മേനോന്‍.
ധാത്രിയുടെ എണ്ണ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും അമ്മ ഉണ്ടാക്കിത്തന്നിരുന്ന എണ്ണ തന്നെയാണ് ഉപയോഗിച്ചിരുന്നതെന്നുമുള്ള അനൂപ് മേനോന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് കമ്പനിയെ പ്രശംസിച്ച് കൊണ്ട് അനൂപ് മേനോന്‍ രംഗത്തെത്തിയത്.
ധാത്രിയുടെ കമ്പനിയില്‍ പോയി ഗുണനിലവാരം മനസിലാക്കിയശേഷം ധാത്രി ഉപയോഗിച്ച് തുടങ്ങിയെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി തനിക്ക് റിസള്‍ട്ട് തരുന്ന ഒരു എണ്ണയാണ് ധാത്രിയുടെ എണ്ണയെന്നുമാണ് അനൂപ് മേനോന്‍ കമ്പനിയുടെ പി.ആര്‍ കുറിപ്പില്‍ പറയുന്നത്.
ഒമ്പത് വര്‍ഷം മുമ്പ് താന്‍ ചെയ്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡ് ആണ് ഇപ്പോള്‍ വിവാദത്തില്‍ വന്നിരിക്കുന്നതെന്നും ഇക്കാര്യം പലര്‍ക്കുമറിയില്ലെന്നും അനൂപ് മേനോന്‍ പറയുന്നു.
‘ഇതൊരു ഹെയര്‍ ക്രീമാണ്. ഇതിന് ഹെര്‍ബല്‍ ഓയിലുമായിട്ടൊ ധാത്രിയുടെ മറ്റ് പ്രോഡക്റ്റുമായിട്ടോ ഒരു ബന്ധമില്ല. ഈ ഒരു ഹെയര്‍ ക്രീമിന്റെ ആഡിയലാണ് ഈ വിവാദം മുഴുവന്‍ ഉണ്ടായിരിക്കുന്നത്.
അന്നത്തെ ആ ഹെയര്‍ ക്രീമിന്റെ ആഡ് കാരണം വര്‍ഷങ്ങളായി നമ്മുടെ ഇടയിലുള്ള ഉള്ള കേരളത്തിന്റെ വളരെ അഭിമാനങ്ങളിലൊന്നായ ധാത്രി പോലൊരു സംരംഭത്തെ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണെന്നും അനൂപ് പറയുന്നു.
വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ് ഇതെന്നും ഇതിന് പിന്നില്‍ ചെറിയ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയയാണെന്നുമാണ് അനൂപിന്റെ വാദം. പ്രധാനപ്പെട്ട മാധ്യമങ്ങള്‍ക്കെല്ലാം ഇത് ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ക്രീമിന്റെ ആഡാണെന്നും ഇതിന് ഹെര്‍ബല്‍ ഓയിലുമായിട്ടോ
ധാത്രിയുടെ പ്രൊഡക്ട്‌സുമായിട്ടോ ബന്ധമില്ല എന്ന് അറിയാമെന്നും അനൂപ് മേനോന്‍ പറയുന്നു.
ചില മാധ്യമങ്ങള്‍ വളരെ മോശമായിട്ട് ധാത്രിയെ ചിത്രീകരിക്കുന്നതില്‍ വേദനയുണ്ടെന്നും അവര്‍ അതില്‍ നിന്നും പിന്‍വാങ്ങണമെന്നുമാണ് അനൂപ് മേനോന്‍ കുറിപ്പില്‍ പറയുന്നത്.
ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനും മെഡിക്കല്‍ ഷോ ഉടമയ്ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു.
ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നായിരുന്നു അനൂപ് മേനോനെതിരായ കുറ്റം.
ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണമെന്നും പിഴത്തുകകള്‍ ഹര്‍ജിക്കാരനായ വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അനൂപ് മേനോനെ കോടതി വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു മറുപടി നല്‍കിയത്. ഇതോടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്പോര്‍ട്സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അനൂപ് മേനോന്റെ പിആര്‍ കുറിപ്പിന്റെ പൂര്‍ണ രൂപം:
നമസ്‌ക്കാരം. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് 2011ലാണ് ഞാനും ധാത്രിയുമായുള്ള ബന്ധം തുടങ്ങുന്നത്. അത് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനായിരുന്നു. അതൊരു ഹെയര്‍ പ്രൊട്ടക്റ്റര്‍ ക്രീമിന്റെ ആഡായിരുന്നു. അത് കഴിഞ്ഞ്, അന്നൊക്കെ നിങ്ങള്‍ എല്ലാവരെയും പോലെ, പലരെയും പോലെ നമ്മള്‍ അമ്മ കാച്ചിത്തരുന്ന എണ്ണ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അന്ന് ആ ക്രീം ഞാന്‍ ഉപയോഗിച്ചിരുന്നില്ല.
അതിനുശേഷം 2018ല്‍, 18ലാണ് ഞാന്‍ ധാത്രിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആവുന്നത്. അന്ന് ഞാന്‍ അവരുടെ ഫാക്ടറിയില്‍ പോവുകയും ഈ എണ്ണ, ഹെര്‍ബല്‍ ഓയില്‍ എത്രമാത്രം ഫൈനസോടുകൂടി എത്ര ലബോറിയസായിട്ടുള്ള പ്രോസസിലൂടെയാണ് ഉണ്ടാക്കുന്നതെന്ന് നേരിട്ട് കണ്ട് തിരിച്ചറിയുകയാണ് ചെയ്തത്. 21 ദിവസം കൊണ്ടാണ് അതുണ്ടാക്കുന്നത്. അപ്പൊ അത്രയും ഒരു വിത്ത് ലൗ ഉണ്ടാക്കുന്ന ഒരു എണ്ണ, അതിനുശേഷം 2018ന് ശേഷം ഞാന്‍ ഇത് ഉപയോഗിച്ചു തുടങ്ങുന്നു. ഞാനും കുടുംബവും എന്റെ അടുത്ത ഫ്രണ്ട്‌സിന് ഒക്കെ ഞാന്‍ റെക്കമെന്റ് ചെയ്യാറുണ്ട്.
അങ്ങനെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് റിസള്‍ട്ട് തരുന്ന ഒരു എണ്ണയാണ് ധാത്രിയുടെ എണ്ണ. പക്ഷെ ഇപ്പൊള്‍ വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം എന്താണെന്നുവെച്ചാല്‍. ഞാന്‍ ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡ്, അതാണ് ഇപ്പോള്‍ വിവാദത്തില്‍ വന്നിരിക്കുന്നത്. പലര്‍ക്കുമറിയില്ല ഇതൊരു ക്രീമാണ് ഹെയര്‍ ക്രീമാണ് ഇത് ഹെര്‍ബല്‍ ഓയിലുമായിട്ടൊ ധാത്രിയുടെ മറ്റ് പ്രോഡക്റ്റുമായിട്ടോ ഒരു ബന്ധമില്ലാത്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡിയലാണ് ഈ വിവാദം മുഴുവന്‍ ഉണ്ടായിരിക്കുന്നത്.
അപ്പൊ, അന്നത്തെ ആ ഹെയര്‍ ക്രീമിന്റെ ആഡ് കാരണം ഇന്ന് പതിനേഴൊ ഇരുപതോ വര്‍ഷങ്ങള്‍ നമ്മുടെ ഇടയിലുള്ള ഉള്ള നമ്മുടെ കേരളത്തിന്റെ വളരെ അഭിമാനങ്ങളിലൊന്നായ ഒരു സംരംഭം ധാത്രി പൊലൊരു സംരംഭം അതിനെ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നു.
വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം അത് ചെറിയ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയയാണ്. ബാക്കിയെല്ലാവരും, മേജര്‍ മീഡിയാസ് എല്ലാം, അവര്‍ക്ക് ഈ കഥയറിയാം. ഇത് ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ക്രീമിന്റെ ആഡാണ്. ഇത് ഹെര്‍ബല്‍ ഓയിലുമായിട്ട് ബന്ധമുള്ളതല്ല ധാത്രിയുടെ പ്രൊഡക്ട്‌സുമായിട്ട് ബന്ധമില്ല എന്ന് അവര്‍ക്ക് അറിയാം.
അപ്പൊ ആ സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായിട്ട് ധാത്രിയെ ചിത്രീകരിക്കുന്നതില്‍ വളരെയധികം വേദനയുണ്ട്. അവര്‍ അതില്‍ നിന്നും ഡെസിസ്റ്റ് ചെയ്യണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം ധാത്രിയുടെ ഉപഭോക്താക്കള്‍ക്കും ബാക്കിയെല്ലാവര്‍ക്കും നല്ലൊരു വര്‍ഷവും ഞാന്‍ ആശംസിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Anoop Menon About Dhathri Hair Oil