തിയേറ്ററില്‍ ഇറങ്ങുന്ന സിനിമകള്‍ ടെലഗ്രാം പോലുള്ള ചാനലുകളില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെയും വ്യാജ പ്രിന്റ് കാണുന്നവര്‍ക്കെതിരേയും കടുത്ത വിമര്‍ശനവുമായി നടന്‍ അനൂപ് മേനോന്‍.
ഇത്തരത്തില്‍ സിനിമ കാണുന്നവര്‍ക്ക് ഒരിക്കലും ഒരു ചിത്രം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ കഴിയില്ലെന്നും ഇങ്ങനെ ചെയ്യുന്നവര്‍ നഷ്ടപ്പെടുത്തുന്നത് അവരുടെ തന്നെ ഒരു അവസരമാണെന്നും അനൂപ് മേനോന്‍ 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ പറഞ്ഞു.
സിനിമയുടെ സ്‌പോയിലേഴ്‌സ് സ്വന്തം വാളില്‍ പോസ്റ്റുചെയ്യുന്നവര്‍ അവരുടെ സംസ്‌ക്കാരമാണ് കാണിക്കുന്നതെന്നും അവര്‍ കടന്നുപോകുന്ന മാനസികാവസ്ഥയുടെ പ്രശ്‌നം കൂടിയാണ് അതെന്നും അനൂപ് മേനോന്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് നിങ്ങളുടെ ടെലഗ്രാമിലും ഫോണ്‍ ബുക്കുകളിലുമൊന്നും ഒരിക്കലും ഒരു സിനിമ അതിന്റെ ബ്യൂട്ടിയില്‍ കാണാന്‍ പറ്റില്ല. അത് നല്‍കുന്ന ഏക സ്ഥലം തിയേറ്ററാണ്. അഞ്ഞൂറ് പേരോ ആയിരം പേരോ ഒരുമിച്ചിരുന്ന് കാണുന്ന ഒരേയൊരു സ്ഥലം തിയേറ്ററാണ്. അതിനി എന്ത് ടെലഗ്രാം വന്നിട്ടും ഒരു കാര്യവുമില്ല.
ആ ടെലഗ്രാമില്‍ ഇരുന്ന് കാണുന്നവര്‍ക്ക്, നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അവര്‍ക്ക് ആ സിനിമ ഏറ്റവും ഭംഗിയായിട്ട് ആസ്വദിക്കാന്‍ പറ്റുന്നുണ്ടെന്ന്. ഇല്ല. അവര്‍ അവരുടെ ചാന്‍സ് ആണ് നഷ്ടപ്പെടുത്തുന്നത്.
ഇതെല്ലാം വന്നിട്ടും ഭീഷ്മ എന്ന് പറയുന്ന പടം എന്താണ് കളക്ഷന്‍. 21 ഗ്രാംസ് എന്ന സിനിമ ഈ സംഭവങ്ങളെല്ലാം ഭയന്ന് നില്‍ക്കുമ്പോഴും ഇത്രയും തിയേറ്ററിലേക്കും ഇത്രയും ആളുകളിലേക്കും എത്തുന്നില്ലേ. അതിന്റെ കാരണം എന്ന് വെച്ചാല്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് പകരം വെക്കാന്‍ ഒന്നുമില്ല എന്നതാണ്. അത് വേറെ എവിടേയും കിട്ടില്ല. അത് തന്നെയാണ് പ്രതിരോധം. അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല, അനൂപ് മേനോന്‍ പറഞ്ഞു.
പിന്നെ സ്‌പോയിലേഴ്‌സ് പങ്കുവെക്കുന്നവരുണ്ട്. അതവരുടെ സംസ്‌ക്കാരവും കടന്നുപോകുന്ന മാനസികാവസ്ഥയുടെ പ്രശ്‌നവുമാണ്. നിസ്സാഹയരായി നില്‍ക്കുകയല്ലാതെ നമ്മളെ കൊണ്ട് ഒന്നും സാധിക്കില്ല. ഈ വേള്‍ഡില്‍ ആര്‍ക്കും ചുവരെഴുത്തുകള്‍ നടത്താം. ഒരാള്‍ അവരുടെ വാളില്‍ സിനിമയുടെ സ്‌പോയിലേഴ്‌സ് എഴുതിയാല്‍ എന്തു ചെയ്യാന്‍ പറ്റും. സഹതപിക്കുക അല്ലാതെ, അനൂപ് മേനോന്‍ ചോദിച്ചു.
അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസ്. നിഗൂഢ സ്വഭാവമുള്ള ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം.