| Thursday, 5th October 2023, 11:16 am

സ്‌ക്രിപ്റ്റില്‍ ആ കെട്ടിപ്പിടുത്തം ഉണ്ടായിരുന്നില്ല, പക്ഷേ ആക്ഷന്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക വന്ന് ഹഗ് ചെയ്തു: അങ്കിത് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിൽ അപ്രതീക്ഷിതമായി മമ്മൂട്ടി തനിക്ക് ഹഗ് തന്നപ്പോൾ ഞെട്ടിപ്പോയെന്ന് നടൻ അങ്കിത് മാധവ്. സ്ക്രിപ്റ്റിൽ ആ ഹഗ് ഉണ്ടായിരുന്നില്ലെന്നും മമ്മൂട്ടി സ്വയം ചെയ്തതാണെന്നും അങ്കിത് പറഞ്ഞു. സിനിമയിലെ ഒരു ഇമോഷണൽ സീനായിരുന്നു അതെന്നും സ്‌ക്വാഡിനെ പിരിഞ്ഞുപോകുന്ന സമയത്താണ് മമ്മൂട്ടി കെട്ടിപിടിച്ചെതെന്നും താരം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അത്രയ്ക്കും ഇമോഷണലായിരുന്ന സീനായിരുന്നു അത്. ടെക്നിക്കൽ മിസ്റ്റേക്ക് കാരണം വീണ്ടും എനിക്ക് ഹഗ് കിട്ടി. സ്ക്രിപ്റ്റിൽ ആ ഹഗ് സീൻ ഉണ്ടായിരുന്നില്ല. ഷെയ്ക്ക്ഹാൻഡ് കൊടുത്തിട്ട് ബൈ പറഞ്ഞു പോവുക എന്നേ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആക്ഷൻ പറഞ്ഞപ്പോൾ മമ്മൂട്ടി വന്ന് ഹഗ് ചെയ്തു. മമ്മൂട്ടിക്ക വന്ന് ഹഗ് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി.


അതായിരുന്നു ആ സിനിമയിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു സീൻ. യോഗേഷിനെ പറ്റി പറയുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ എടുത്തുപറയുന്ന സീനും അതാണ്,’ അങ്കിത് മാധവൻ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡിൽ മമ്മൂട്ടി ഹഗ് ചെയ്ത ഏക വ്യക്തി താനാണെന്നും താരം കൂട്ടിച്ചേർത്തു. 75 ഓളം ബോളിവുഡ് ബേസ്ഡ് പരസ്യത്തിലും അതുപോലെ വെബ്‌സീരീസുകളിലും താൻ അഭിനയിച്ചിട്ടുണ്ടെന്നും അങ്കിത് പറഞ്ഞു.

നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് കഴിഞ്ഞ സെപ്റ്റംബർ 28നാണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടൻ അങ്കിത് മാധവ് എത്തിയിരുന്നു. ഉത്തർപ്രദേശിലെ പൊലീസുകാരൻ യോഗേഷ് ആയിട്ടാണ് അദ്ദേഹം എത്തിയത്.


റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 50 കോടിയിലേക്കാണ് കണ്ണൂർ സ്‌ക്വാഡ് കുതിക്കുന്നത്. ചിത്രത്തിൻറെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് ഒരുക്കിയത്. കിഷോർ കുമാർ വിജയരാഘവൻ, ശബരീഷ് വർമ, റോണി ഡേവിഡ് മനോജ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുൽഖർ സൽമാൻറെ വേഫേറർ ഫിലിംസ് ആണ് ചിത്രത്തിൻറെ കേരളത്തിലെ വിതരണക്കാർ.

Content Highlight: Actor Ankit Madhav says he was shocked when Mammootty gave him a hug unexpectedly

We use cookies to give you the best possible experience. Learn more