| Saturday, 26th December 2020, 1:51 pm

പുഴയില്‍ നിന്നെടുക്കുമ്പോള്‍ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള ആ മുഖം നല്ല പരിചിതമായി തോന്നി, മലയാളത്തിന്റെ പ്രിയനടനാണെന്ന് മനസിലായില്ല: കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തിന്റെ നടുക്കത്തിലാണ് സിനിമാ ലോകം. ഷൂട്ടിങ്ങിനിടെ ലഭിച്ച സമയം സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കുമ്പോഴാണ് ഒട്ടും നിനച്ചിരിക്കാതെ എത്തിയ അപകടം അനിലിന്റെ ജീവന്‍ കവര്‍ന്നത്.

അനില്‍ അപകടത്തില്‍പ്പെട്ട സമയത്ത് സംഭവത്തിന് ദൃക്‌സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്റെ ഒരു കുറിപ്പാണ് ഇപ്പോള്‍ ഏവരുടേയും കണ്ണുനനയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ മലങ്കര ഡാമിന്റെ മനോഹാരിത ആസ്വദിക്കാനായി എത്തിയ തങ്ങള്‍ക്ക് പ്രിയ നടന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നതിനെ കുറിച്ചാണ് സോജന്‍ പറയുന്നത്.

സോജന്റെ വാക്കുകള്‍..

മലങ്കരയുടെ മനോഹാരിത കാണാന്‍ പോയി ഒരു മരണത്തിന് നേര്‍സാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം. മലയാളത്തിന്റെ പ്രിയ നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണം യാദൃച്ഛികമായി കണ്‍മുന്നില്‍ കാണേണ്ടി വന്ന നടുക്കവും ദുഃഖവും മണിക്കൂറുകള്‍ക്ക് ശേഷവും ഇപ്പഴും വിട്ടുമാറുന്നില്ല.

ഉച്ചക്കഴിഞ്ഞ് 4.30 ഓടെയാണ് ഞങ്ങള്‍ നാലുപേരും കൂടി പി.ആര്‍ പ്രശാന്ത് (മംഗളം), അഫ്‌സല്‍ ഇബ്രാഹിം (മാധ്യമം), അഖില്‍ സഹായി (കേരളകൗമുദി) യും ഞാനും കൂടി മലങ്കര ജലാശയം കാണാന്‍ തൊടുപുഴയില്‍ നിന്നും യാത്ര തിരിക്കുന്നത്. ക്രിസ്മസ് ദിനമായതിനാല്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.

പ്രധാന കവാടത്തിന് സമീപത്തെ പാര്‍ക്കും കണ്ട് ഫോട്ടോയെടുത്ത് ഡാം ഡോപ്പില്‍ പോയി മടങ്ങി വരുമ്പോള്‍ കൃത്യം ആറു മണി. സമയം കഴിഞ്ഞതിനാല്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ ഡാം ടോപ്പിലുള്ള ആളുകളോട് തിരികെ വരാന്‍ വിസിലടിച്ച് ആവശ്യപ്പെടുന്നു. മറ്റൊരു ജീവനക്കാരന്‍ അവിടേയ്ക്കുള്ള പ്രവേശന കവാടം അടക്കുന്നു.

ഇവിടെ നിന്നിറങ്ങി പത്തു ചുവട് മുന്നോട്ട് വയ്ക്കുമ്പോഴേയ്ക്കും തൊട്ടു മുന്നിലെ റോഡരുകില്‍ ചെറിയൊരു ആള്‍ക്കുട്ടം വലുതാകുന്നത് കാണാം. രണ്ടു മൂന്നു പേര്‍ ജലാശയത്തിനരുകിലുണ്ട്. കാര്യം തിരക്കിയപ്പോള്‍ ഒരാള്‍ വെള്ളത്തില്‍ പോയതാണന്നറിഞ്ഞു. നിമിഷങ്ങള്‍ക്കകം ഒരു യുവാവ് ബൈക്കില്‍ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കല്‍ക്കെട്ടുകള്‍ ഓടിയിറങ്ങി.

പടികള്‍ ഇറങ്ങുന്നതിനിടയില്‍ തന്നെ അയാള്‍ മുണ്ടും ഷര്‍ട്ടും ഊരിയെറിഞ്ഞ് കരയില്‍ നിന്നവര്‍ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാള്‍ ഒരു മനുഷ്യശരീരവും കാലില്‍ പിടിച്ച് മടങ്ങിയെത്തി.

ഞാനും അഫ്‌സലും കുറച്ച് മുന്നില്‍ നടന്നിരുന്നതിനാല്‍ ഇതിനടുത്ത് തന്നെയുണ്ടായിരുന്നു. ആളെ കരയ്‌ക്കെത്തിക്കുമ്പോഴേയ്ക്കും ഞാനും ഓടിയെത്തി കരയിലുണ്ടായിരുന്ന വെള്ളത്തില്‍ വീണയാളിന്റെ സുഹുത്തുക്കള്‍ക്കും പോലീസുകാര്‍ക്കും ഒപ്പം പിടിച്ച് കയറ്റി.

ഉയരം കൂടിയ കലുങ്കിന്റെ കുത്തുകല്ലിലൂടെ ഏറെ ശ്രമകരമായി ശരീരം എത്തിച്ച് റോഡരുകില്‍ കിടത്തി. പുഴയില്‍ നിന്നെടുക്കുമ്പോള്‍ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള ആ മുഖം നല്ല പരിചിതമായി തോന്നി. പിടിച്ച് കയറ്റുന്നതിനിടയില്‍ പല തവണ മുഖവും തലയുമെല്ലാം കൈകളിലൂടെ കടന്ന് പോയി പക്ഷേ അപ്പോഴൊന്നും എനിക്കോ മറ്റുള്ളവര്‍ക്കോ അത് നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ആണെന്ന് മനസിലായില്ല.

അപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് അല്‍പം പിന്നിലായിരുന്ന അഖിലും ആശാനും അവിടേയ്ക്ക് എത്തിയിരുന്നു. ആശാനാണ് ( പ്രശാന്ത് ) പറയുന്നത് ഇതൊരു സിനിമാ നടനല്ലേ എന്ന്, അതേ കമ്മട്ടിപ്പാടത്തിലെ ‘, അഖില്‍ സഹായിയും പറഞ്ഞു. അതു കേട്ട് കൂടെയുണ്ടായിരുന്ന സുഹുത്തുക്കള്‍ പറഞ്ഞു, ‘ അതേ അനില്‍ നെടുമങ്ങാട് ‘ ഇവിടെ അടുത്ത് ഷൂട്ടിന് വന്നതാണ്.

കരയിലെത്തിച്ച ഉടനെ, മുങ്ങിയെടുത്ത യുവാവ് പറഞ്ഞു, ‘ഞാന്‍ കൈ പിടിച്ച് നോക്കിയിരുന്നു പോയതാണെന്ന് തോന്നുന്നു’. അപ്പേഴേയ്ക്കും മുട്ടം സി.ഐയും എസ്.ഐയുടെയും നേതൃത്തിലുള്ള പോലീസ് സംഘം എത്തിയിരുന്നു. അവരുടെ കൂടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയിലേയ്ക്ക് വാഹനം പാഞ്ഞു.

പ്രതീക്ഷയില്ലന്ന് അവിടെ കൂടിയ പലരും പറഞ്ഞെങ്കിലും ഞങ്ങള്‍ പ്രതീക്ഷ കൈവിടാതെ ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആ പാതിയടഞ്ഞ കണ്ണുകള്‍ തുറന്നു എന്ന് കേള്‍ക്കാന്‍, വെള്ളത്തിന്റെ മാത്രം തണുപ്പുണ്ടായിരുന്ന ശരീരത്തിന് ജീവനുണ്ട് എന്ന് കേള്‍ക്കാന്‍. പക്ഷേ, അയ്യപ്പനും കോശിയിലെ അദ്ദേഹത്തിന്റെ തന്നെ സി.ഐ കഥാപാത്രം കോശിക്ക് ‘ ചാവാതിരിക്കാന്‍ ‘ ഒരു ടിപ്പ് പറഞ്ഞു കൊടുത്തത് പോലെ അദ്ദേഹത്തിനും ജീവിക്കാന്‍ കാലം ഒരു ടിപ്പ് പറഞ്ഞു കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.

മണിക്കൂറുകള്‍ കണ്ടതും ആസ്വദിച്ചതുമായ മലങ്കരയുടെ മനോഹാരിതയുമെല്ലാം മനസില്‍ നിന്നും ഒരു നിമിഷം കൊണ്ട് ഡിലീറ്റ് ആയെങ്കിലും കൈകളിലെ ആ തണുപ്പ് മാത്രം വിട്ടുമാറുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anil Nedumangad Last Moments Viral Post

We use cookies to give you the best possible experience. Learn more