കൊച്ചി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ പ്രത്യേക പരാമര്‍ശം ബഹുമതി അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന് സമര്‍പ്പിക്കുന്നെന്ന് ബിരിയാണിയുടെ സംവിധായന്‍ സജിന്‍ ബാബു. ബിരിയാണിയില്‍ അനിലും അഭിനയച്ചിരുന്നു.
‘കൂപ്പ് എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് സിനിമയില്‍ എത്താന്‍ ആഗ്രഹിച്ച കാലത്തെ ഉള്ള സ്വപ്നമായിരുന്നു ഒരു നാഷണല്‍ അവാര്‍ഡ് കിട്ടുക എന്നത്. അതാണ് ഇന്ന് യാഥാര്‍ത്ഥ്യമായത്. ഈ അവാര്‍ഡ് സുഹൃത്തും, എന്റെ നാട്ടുകാരനും, ഈ ചിത്രത്തിലെ അഭിനേതാവുമായ അനിലേട്ടന് (അനില്‍ നെടുമങ്ങാട്) , എന്റെയും സിനിമയുടെ മൊത്തം ക്രൂവിന്റെ പേരിലും സമര്‍പ്പിക്കുന്നു’, സജിന്‍ ബാബു പറഞ്ഞു.
67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി.
ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി.
ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരം നേടി. മരയ്ക്കാറിലെ വസ്ത്രാലങ്കാരത്തിനും പുരസ്‌കാരമുണ്ട്. സ്പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം മരക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ സ്വന്തമാക്കി.
മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തിനാണ്. മണികര്‍ണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്പേയിയും സ്വന്തമാക്കി. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം. ഭോന്‍സ്ലെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മനോജ് ബാജ്പേയിക്ക് പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡിലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതി സ്വന്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക