മരണം ഒരു aesthetic event ആവണമെന്ന് മോഹിക്കുന്നവരുണ്ട്. പ്രേമംപോലെ, പ്രിയപ്പെട്ടൊരാളുടെ കൂട്ടിരിപ്പ് പോലെ, ഒരുപാടിഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് കഴിക്കുമ്പോലെ ഒന്ന്. പൂക്കളെക്കണ്ടാല്‍, മല കണ്ടാല്‍, കടലു കണ്ടാല്‍, കാടു കണ്ടാല്‍ എന്ത് തോന്നുമോ ആ അനുഭവം ജനിപ്പിക്കുന്ന ഒന്ന്. അവരുടെ വിചാരം എല്ലാവരും അവരെപ്പോലെയാണെന്നാണ്. പോരുന്നോ പോരുന്നോ എന്ന് ചോദിച്ചു കൊണ്ടിരിക്കും. എനിക്ക് പേടിയാണ് ആ വിളിയെ. എനിക്ക് പേടിയാണ് മരണത്തെ.
തൊണ്ടയില്‍ കാന്‍സര്‍ വന്നാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍ മരിക്കുന്നത്. രമണമഹര്‍ഷി മരിക്കുന്നത് രക്താര്‍ബുദം വന്നാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയ ചെയ്തു നീക്കിയതിനുശേഷം വന്ന രോഗമാണ് ടാഗോറിനെ കൊണ്ടുപോയത്. ആല്‍ഡസ് ഹക്‌സിലിക്കും ഫ്രോയിഡിനും കവിളിലായിരുന്നു കാന്‍സര്‍. റോഡ് കടക്കാന്‍ ശ്രമിച്ചപ്പോള്‍ വാനിടിച്ചാണ് റൊളാങ് ബാര്‍ഥിന്റെ മരണം. പ്രദീപന്‍ പാമ്പിരിക്കുന്നും എം.സുധാകരനും വണ്ടിയിടിച്ചാണ് മരിക്കുന്നത്. കാറ് മരത്തിലിടിച്ചാണ് അല്‍ബേര്‍ കാമുവിന്റെ മരണം. കഴുത്തില്‍ കിടന്ന സ്‌കാര്‍ഫ് കാറിന്റെ ടയറില്‍ ചുറ്റിയാണ് ഇസഡോറ ഡങ്കന്‍ മരിക്കുന്നത്. എന്നെ മോഹിപ്പിച്ചവരെല്ലാം എന്നെ പേടിപ്പിച്ച് മരിച്ചവരാണ്. അനിലേട്ടനുമതെ,
”മുരളി ഒക്കെ ആയതു പോലെ ആവേണ്ടിയിരുന്ന ആളാണ്. എന്തൊരു ഷോക്കാണ് ” എന്ന മനീഷ് നാരായണന്റെ മെസേജ് വായിച്ചാണ് ഇന്നുണര്‍ന്നത്. ശരിയാണ്, ഇക്കാലം കൊണ്ട് – ഇച്ചെറിയ കാലം കൊണ്ട് അയാള്‍ ചെയ്തതത്രയും ചിരന്തനമൂല്യമുള്ളവയായിരുന്നു. മോണ്യുമെന്റല്‍ വര്‍ക്ക് എന്നു പറയും ഇംഗ്ലീഷില്‍.
ചില മരണങ്ങള്‍ മോണ്യുമെന്റല്‍ വര്‍ക്കാണ്. അങ്ങനെ കിടക്കും മനസ്സില്‍. കഴുത്തില്‍ സ്‌കാര്‍ഫ് കുരുങ്ങി ഇസഡോറയ്ക്ക് ശ്വാസം മുട്ടുന്നത് കണ്ട് എത്ര രാത്രികളില്‍ ഞാനുണര്‍ന്നിട്ടുണ്ട്. ഇനിയുള്ള ഉറക്കം കെടുത്താന്‍ ഒരു മായാ നദിയെ എന്റെ കട്ടിലിനു ചുറ്റും നിക്ഷേപിച്ചാണ് അയാള്‍ മടങ്ങുന്നത്.
അയാള്‍ക്ക് ചുറ്റും ഈ നദി എപ്പോഴുമുണ്ടായിരുന്നു. നോക്കൂ ആദ്യത്തെ പടത്തിലെ കൈ വിടര്‍ത്തി തുഴഞ്ഞ് പോകുന്ന കരുത്തുള്ള ഉന്മാദി അയാളാണ്. രണ്ടാമത്തെ പടത്തില്‍ കൈ അടക്കി വെച്ച് മുങ്ങാനൊരുങ്ങുന്നതും അയാളാണ്. ഈ രണ്ട് പടങ്ങള്‍ക്കിടയില്‍ മൂന്ന് വര്‍ഷങ്ങളുടെ വിടവുണ്ട്. ആദ്യത്തെപ്പടം 2017 ഡിസംബറിലെയാണ്, രണ്ടാമത്തേത് 2020 ഡിസംബറിലെയും.
ആദ്യത്തെ പടത്തിന് അയാളെഴുതിയ ക്യാപ്ഷന്‍, ”ഇപ്പം നദിയുടെ സീസണാണല്ലോ.. മായയെങ്കീ മായ, നദിയെങ്കീ നദി, മുങ്ങാം. കൂടെ മുങ്ങാന്‍ ആരേലും ഉണ്ടെങ്കീ ഇപ്പം മുങ്ങണം.” എന്നായിരുന്നു. 2017 ഡിസംബര്‍ 29 നാണത്. കൂടെ ആരുമുണ്ടായില്ല, മൂന്ന് കൊല്ലങ്ങള്‍ക്കിപ്പുറം രണ്ടാമത്തെ പടത്തിന് അടിക്കുറിപ്പെഴുതാന്‍ കാത്ത് നില്‍ക്കാതെ അയാളൊറ്റയ്ക്ക് മുങ്ങി.
മരണം ഒരു aesthetic event ആക്കി അനില്‍ നെടുമങ്ങാട് മടങ്ങുകയാണ്. അയാള്‍ക്ക് പാകമുള്ള ആയിരം കുപ്പായങ്ങള്‍ തുന്നിയ കഥയുടെ കടലാസുകള്‍ തോണികളായി ഒഴുകിപ്പോകുന്ന നദിയുടെ കരയിലാണ് ഞാന്‍. അനിലേട്ടാ, ഞങ്ങള്‍ക്കീ നദി മായാ നദിയില്ല, മരണ നദിയാണ്. ഇപ്പോള്‍ ഈ നദി ചെമന്നിരിക്കുന്നത് ഞങ്ങളുടെ ജീവരക്തം കലര്‍ന്നാണ്, നിങ്ങളുടെയല്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Anil Death ,Facebook Notification Lijeesh Kumar