| Tuesday, 12th March 2024, 8:39 am

സി.എ.എ സാമൂഹിക ഐക്യം തകർക്കും, സ്വീകാര്യമല്ല; തമിഴ്‌നാട്ടിൽ നടപ്പിലാക്കരുതെന്ന് നടൻ വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.

നിയമം സാമൂഹിക ഐക്യം തകർക്കുമെന്നും തമിഴ്‌നാട്ടിൽ ഈ നിയമം നടപ്പാക്കില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്നും തന്റെ പാർട്ടിയുടെ പേരിൽ പുറത്തുവിട്ട പ്രസ്താവനയിൽ വിജയ് പറഞ്ഞു.

പൗരത്വ ഭേദഗതിക്ക് സമാനമായ ഒരു നിയമവും സ്വീകാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

‘രാജ്യത്തെ മുഴുവൻ ജനങ്ങളും സാമൂഹിക ഐക്യത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം 2019 (സി.എ.എ) പോലെ ഒരു നിയമവും സ്വീകാര്യമല്ല.

ഈ നിയമം തമിഴ്‌നാട്ടിൽ നടപ്പിലാക്കില്ലെന്ന് ഭരണാധികാരികൾ ഉറപ്പ് നൽകണം,’ വിജയ് പ്രസ്താവനയിൽ പറയുന്നു.

ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് നടക്കാൻ ബാക്കിയുള്ളപ്പോൾ പുറത്തിറക്കിയത് സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടത്താനാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ്‌ പറഞ്ഞിരുന്നു. ഇലക്ടറൽ ബോണ്ട്‌ വിഷയത്തിലേറ്റ തിരിച്ചടി മറച്ചുപിടിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ നടത്തുന്ന നിർണായക നീക്കമാണിത്. 2019ൽ പാസാക്കിയ സി.എ.എ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തെ തുടർന്ന് നിയമവുമായി മുന്നോട്ട് പോകാൻ സർക്കാരിന് സാധിച്ചിരുന്നില്ല.

CONTENT HIGHLIGHT: Actor and Tamil Vetri Kazhakam Vijay opposes CAA

Latest Stories

We use cookies to give you the best possible experience. Learn more