സിദ്ധാര്‍ത്ഥ ശിവയുടെ സംവിധാത്തില്‍ പാര്‍വതി കേന്ദ്ര കഥാപാത്രമാകുന്ന വര്‍ത്തമാനം എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂവെന്ന് മുരളി ഗോപി ഫേസ്ബുക്കിലെഴുതി.
രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ടെന്നും മുരളി ഗോപി പറഞ്ഞു.
സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തില്‍ അത് ഒരു ശീലമായി മാറിയെങ്കില്‍, അതിന്റെ അര്‍ഥം ജനാധിപത്യം പരാജയപ്പെട്ടു എന്നുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍സര്‍ഷിപ്പ് എന്ന നടപടി പൗരനിന്ദയാണെന്നും മുരളി ഗോപി പറഞ്ഞു. ‘പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കേട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കില്‍, അവന്/അവള്‍ക്ക് മുന്നില്‍ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനില്‍ക്കും.’ മുരളി ഗോപി പറഞ്ഞു.
#SayNoToCensorship എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം മുരളി ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സെന്‍സര്‍ ബോര്‍ഡ് വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്. ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും പ്രദര്‍ശനം തടയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല. അതേസമയം ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാക്കളിലൊരാള്‍ അറിയിച്ചതായി 24ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ Support Cinema, Say No To CBFC (സിനിമയെ പിന്തുണക്കുക, സെന്‍സര്‍ ബോര്‍ഡിനെ ബഹിഷ്‌കരിക്കുക) എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പുതിയ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു.
വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി സിനിമാ പാരഡൈസോ ക്ലബും രംഗത്തെത്തിയിരുന്നു. വെള്ളരിക്കാപ്പട്ടണം എന്ന അവസ്ഥയിലേക്കാണ് മീഡിയ/ ആര്‍ട്സ് സെന്‍സറിംഗ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.സിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മുസ്ലിമിനു ഇന്ത്യ മഹാരാജ്യത്തു സിനിമ തിരക്കഥ എഴുതാന്‍ സാധിക്കില്ലേ? സര്‍ക്കാരിന് എതിരെ സമരം ചെയ്തവരുടെ കഥ സിനിമ ആക്കുന്നത് രാജ്യ ദ്രോഹം ആവുന്നത് എങ്ങനെയാണ്? രാജ്യത്തു സിനിമ സെന്‍സറിംഗ് എന്നത് ഫാസിസ്റ്റുകള്‍ക്കു തങ്ങളുടെ അജണ്ട കുത്തിവയ്ക്കാനുള്ള ഉപാധി ആയി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ഒരു കല/സിനിമ പ്രേമിക്കും എന്നു വേണ്ട പൊതുജനത്തിന് പോലും നോക്കി നില്‍ക്കാനാവുന്ന കാര്യമല്ല’, ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതെന്ന് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്തായ ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദല്‍ഹി ക്യാംപസിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുകയെന്നും അദ്ദേഹം ചോദിച്ചു.
പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് വര്‍ത്തമാനം നിര്‍മ്മിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക