|

യുവതാരങ്ങളില്‍ ഏറ്റവും ഭാവിയുള്ള നടന്മാരിലൊരാള്‍; നസ്‌ലനെ പുകഴ്ത്തി വിജയ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോജിന്‍ തോമസ് സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രമാണ് ‘ഹോം’. കുടുംബ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് ഈ സിനിമയെ സ്വീകരിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഹോമില്‍ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, വിജയ് ബാബു, നസ്‌ലന്‍ കെ. ഗഫൂര്‍, ശ്രീകാന്ത് മുരളി, കൈനകരി തങ്കരാജ്, ദീപ തോമസ്, ജോണി ആന്റണി എന്നിവരും അഭിനയിച്ചിട്ടുണ്ട്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ച പെര്‍ഫോമന്‍സ് നല്‍കിയ ഹോമില്‍ ചാള്‍സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നസ്‌ലനെപ്പറ്റി വിജയ് ബാബു പറഞ്ഞ ഒരു കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നത്.

മലയാള സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ പ്രാപ്തനായ അഭിനേതാവാണ് നസ്‌ലനെന്നാണ് വിജയ് ബാബുവിന്റെ അഭിപ്രായം.

‘നസ്‌ലന്‍ ഇന്നുള്ള യുവനടന്മാരില്‍ ഏറ്റവും ഭാവിയുള്ള അഭിനേതാക്കളിലൊരാളാണ്. കുരുതിയിലും തണ്ണീര്‍മത്തനിലും നമ്മള്‍ അത് കണ്ടു. ഇപ്പോള്‍ ഹോമിലും അത്രയും മികച്ച പെര്‍ഫോമന്‍സാണ് നസ് ലന്‍ നല്‍കിയിരിക്കുന്നത്. മികച്ച ഭാവിയാണ് നസ്‌ലനെ കാത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല,’ വിജയ് ബാബു പറഞ്ഞു.

2019ല്‍ ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ കുറഞ്ഞ ഡയലോഗുകള്‍ കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മെല്‍വിനായാണ് നസ്‌ലന്‍ മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് നസ്‌ലനെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു.

തണ്ണീര്‍മത്തനിലെ മെല്‍വിന്റെ ഓരോ ഡയലോഗുകളും ചിത്രത്തിലെ ഏറ്റവും കൈയ്യടിയും പൊട്ടിച്ചിരിയും നേടിയ ഭാഗങ്ങളായിരുന്നു.

പഫ്സിന്റെ വില 50 പൈസ കൂട്ടിയെടാ, എന്തൊരു ജാഡയാ എന്നുള്ള ഡയലോഗുകളും ബുദ്ധിയാണ് സാറേ ഇവന്റെ മെയിന്‍ എന്ന് അമ്മ പറയുമ്പോഴുള്ള ആ വിനയാന്വിത ഭാവമൊക്കെ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

എന്നാല്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച നസ്‌ലന്‍ കുരുതിയിലെത്തിയപ്പോള്‍ അടിമുടി മാറി. ഹോമിലെത്തിയപ്പോള്‍ ചിരിപ്പിച്ച, ചിന്തിപ്പിച്ച കഥാപാത്രമായി മാറി നസ്‌ലന്‍.

മലയാളത്തിലെ മികച്ച യുവ താരങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരിക്കും ഇനി മുതല്‍ നസ്‌ലന്റെ സ്ഥാനമെന്ന് കുരുതിയിലെ റസൂലും ഹോമിലെ ചാള്‍സും ഉറപ്പിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor and Producer Vijay Babu praises Naslen in Home, Kuruthi and Thannermathan Dhinangal