| Sunday, 19th September 2021, 9:58 am

ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവുമോ ?; പ്രതികരണവുമായി സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടനും എം.പിയുമായ സുരേഷ് ഗോപി. തനിക്ക് തല്‍ക്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താല്‍പ്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.

എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തനിക്ക് പാര്‍ട്ടി ചില ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അത് ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാന്‍ തയ്യാറെടുത്താണ് പ്രവര്‍ത്തിക്കുന്നത്. നേതൃസ്ഥാനം കൈകാര്യം ചെയ്യാന്‍ ഒരുപാട് പാടവമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ ഖ്യാതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും എന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തില്‍ കേന്ദ്ര സ്ഥാനത്ത് ഇരുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കേന്ദ്ര നേതൃത്വത്തിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുമുള്ള സുരേഷ് ഗോപിയുടെ അടുപ്പമാണ് ഇതിനായി ചൂണ്ടിക്കാണിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റ വലിയ പരാജയത്തിലും കുഴല്‍പ്പണ വിവാദത്തിലും കേന്ദ്ര നേതൃത്വം അസംതൃപ്തരാണ്.

ഇതിന് പുറമെ പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കവും ബി.ജെ.പിക്ക് തലവേദനയായിരുന്നു. ഈ അവസരത്തിലാണ് ഗ്രൂപ്പിന് അധീതനായ ഒരാളെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ആറ്മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പുനസംഘടന ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ പാല ബിഷപ്പിനെ സുരേഷ് ഗോപി സന്ദര്‍ശിച്ചതും. മുസ്‌ലിം ലീഗ് – ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയയെ ബി.ജെ.പിയിലേക്ക് സുരേഷ് ഗോപി സ്വാഗതം ചെയ്തതും സംസ്ഥാന നേതൃത്വത്തിനെക്കാള്‍ വിശ്വാസം കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപിയെയാണെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

ഇതിനിടെയാണ് സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത് സുരേഷ് ഗോപി തന്നെ നിഷേധിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor and Politician Suresh Gopi with response Will become BJP state president ?;

Latest Stories

We use cookies to give you the best possible experience. Learn more