കൊല്ലം: സ്ത്രീധനവും ഗാര്‍ഹിക പീഡനവുമൊഴിവാക്കാനായി നടപടി വേണമെന്ന് സുരേഷ് ഗോപി എം.പി. ഇതിനായി പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീധന-ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിസ്മയയുടേത് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പെണ്മക്കളുള്ള കുടുംബങ്ങള്‍ക്ക് വലിയ അങ്കലാപ്പിലാണ്. ഇത് ആവര്‍ത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതി വകുപ്പ് മുന്‍കൈ എടുത്ത് ഇത്തരം സംഭവങ്ങള്‍ തടയാനുള്ള കാര്യങ്ങള്‍ ചെയ്യണം പൊലീസുകാര്‍ക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞ ചില ആശയങ്ങള്‍ നല്ലതാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.