തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ എല്‍.ഡി.എഫിനെ അഭിനന്ദിച്ച് നടനും കേരള പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ദേവന്‍.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ദേവന്‍ പറഞ്ഞു.
പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നു പോകാത്ത പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യമെന്നും ദേവന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഈ വിജയത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും അഭിനന്ദിക്കുന്നെന്നും അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരികാതിരിക്കാന്‍ കഴിയില്ലെന്നും ദേവന്‍ കുറിച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവന്‍ രംഗത്തുവന്നിരുന്നു. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയനെന്നും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടതെന്നും ദേവന്‍ പറഞ്ഞിരുന്നു.
ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍…
ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്… കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്…
പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാത്ത പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ വിജയരഹസ്യം… ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്…
അഭിപ്രായവ്യത്യാസം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല… ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാന്‍ അഭിനന്ദിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും…
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor and politician Devan congratulated the LDF on their victory in the local bodies