അബുദാബി: സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട സിനിമയാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ചിത്രത്തിന്റെ പേരിന് താഴെ ഒരു ‘യഥാര്‍ത്ഥ കഥ’ എന്ന് ചേര്‍ത്താല്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘ഞാന്‍ നിങ്ങളോട് മുമ്പും പറഞ്ഞിട്ടുണ്ട്, ഈ സിനിമയെ എതിര്‍ക്കുന്നു. കേരള സ്റ്റോറി പ്രൊപ്പഗാന്‍ഡിസ്റ്റ് സിനിമകളിലൊന്നാണ്. ‘യഥാര്‍ത്ഥ കഥ’ എന്ന് താഴെ എഴുതിയാല്‍ മാത്രം പോരാ.
ഇത് ശരിക്കും സത്യമായിരിക്കണം, എന്നാല്‍ അത് അത് ശരിയല്ല,’ കമല്‍ ഹാസന്‍ പറഞ്ഞു.
പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും കമല്‍ ഹാസന്‍ ചോദിച്ചു.
‘അഭിമാനത്തിന്റെ ഈ നിമിഷം രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് ഒരു ചോദ്യമാണുള്ളത്.
എന്തുകൊണ്ടാണ് രാഷ്ട്രപതിയെ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയത്, രാജ്യത്തോട് പറയൂ. ചരിത്രപരമായ ഈ പരിപാടിയില്‍ നിന്നും രാഷ്ട്രപതിയെ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിന് എനിക്ക് ഒരു കാരണവും കണ്ടെത്താനായില്ല,’ കമല്‍ ഹാസന്‍ പറഞ്ഞു.
എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളോട് ഉദഘാടന ബഹിഷ്‌കരണ തീരുമാനം പുനഃപരിശോധിക്കാനും പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Actor and Makkal Neethi Mayyam leader Kamal Haasan says that Sudeepto Sen’s The Kerala Story is a propaganda film.