ഹൈദരബാദ്: നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു. ഹൈദരബാദിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചൊവ്വാഴ്ച്ച രാവിലെയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കൃഷ്ണ പുലര്‍ച്ചെ നാലുമണിയോടെ മരണപ്പെടുകയായിരുന്നു. 80 വയസായിരുന്നു അദ്ദേഹത്തിന്.
തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ മുന്‍നിര താരമായിരുന്ന കൃഷ്ണ 350 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിന് പുറമേ സംവിധായകനായും നിര്‍മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
1972ല്‍ അദ്ദേഹത്തിന്റെ ചിത്രമായ പണ്ടന്തി കപുരം മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. അല്ലൂരി സീതാരാമ രാജു, സിംഹാസനം, ഗുദാചാരി 116, ജെയിംസ് ബോണ്ട് 777, മുഗ്ഗുരു കൊടുകുലു, അന്ന തമ്മൂട് എന്നിവയാണ് കൃഷ്ണയുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.
ടി.ഡി.പി നേതാവ് ജയ ഗല്ല മരുമകനാണ്. 1980 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കോണ്‍ഗ്രസിന്റെ എം.പി ആയെങ്കിലും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തോടെ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറിയിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിര ദേവി ഈ വര്‍ഷം സെപ്റ്റംബറില്‍ മരിച്ചിരുന്നു. രണ്ടാം ഭാര്യ വിജയ നിര്‍മലയും 2019ല്‍ മരിച്ചിരുന്നു.
Content Highlight: Actor and Mahesh Babu’s father Krishna passed away