മലയാള സിനിമാ മേഖലയില്‍ ഇന്റേണല്‍ കംപ്ലെയിന്റ് സെല്‍ (ഐ.സി.സി) അഥവാ ആഭ്യന്തര പരാതിപരിഹാര സെല്‍ നടപ്പിലാക്കാത്തതിന് പിന്നില്‍ അജണ്ടയും പുരുഷ മേധാവിത്തവുമാണെന്ന് നടന്‍ പ്രേംകുമാര്‍.
ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ കൂടിയായ പ്രേംകുമാര്‍.
സ്ത്രീകള്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ ഏറ്റവും സുരക്ഷയും സ്വാതന്ത്യത്തോടെയും പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കപ്പെടരുതെന്ന് പറഞ്ഞ പ്രേംകുമാര്‍ അത് സംരക്ഷിക്കേണ്ട നിയമം നടപ്പിലാക്കാന്‍ എന്താണ് തടസമെന്നും ചോദിച്ചു.
”അത്രയും കരുതലോടെ നമ്മള്‍ ചേര്‍ത്ത് നിര്‍ത്തേണ്ട നമ്മുടെ സ്വന്തം സഹോദരിമാരെ ആ രീതിയില്‍ കാണാതെ പോകുന്ന ഒരു സമൂഹം രൂപപ്പെട്ട് വരുന്നു എന്നുള്ളത് ഒട്ടും ഭൂഷണമായ കാര്യമല്ല. പൊതുസമൂഹം തന്നെ കൃത്യമായി എല്ലാ മേഖലകളിലും ഇത് നടപ്പിലാക്കണം.
ഈ നിയമം സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട, സ്ത്രീ സൗഹൃദമായ ഒരു നിയമമാണ്. ഇത്രയും കാലം കഴിഞ്ഞിട്ടും ഈ നിയമം ചില മേഖലകളില്‍ നടപ്പിലാകാതെ പോകുന്നത് എന്തുകൊണ്ടാണ് എന്നാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.
ഇത്തരം നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ്. ഭരണഘടന നമുക്ക് ഉറപ്പുതരുന്ന കാര്യം ഇവിടെ നടപ്പിലാകാത്തതുകൊണ്ടാണ് ഇത്തരം നിയമനിര്‍മാണം പിന്നീട് ഉണ്ടാകുന്നത്. ആ നിയമങ്ങള്‍ പോലും ഇവിടെ നടപ്പിലാകാത്തതിന് പിന്നിലുള്ള അജണ്ടകള്‍ എന്താണ് എന്നും നമ്മള്‍ ചിന്തിക്കണം.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍, ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ചുമതലയിലുള്ള ആള്‍ എന്ന നിലയില്‍ കൂടി പറയുകയാണെങ്കില്‍ സിനിമാ മേഖലയില്‍ അവശ്യം നടപ്പിലാക്കേണ്ട ഒന്നാണ് ഇന്റേണല്‍ കമ്മിറ്റി.
നിയമം നടപ്പിലാക്കാതിരിക്കുന്നതില്‍ പോലും ഒരു പുരുഷ മേധാവിത്തത്തിന്റെ സ്വരം പ്രത്യക്ഷമല്ലെങ്കില്‍ പോലും കാണുന്നുണ്ട്.
ഈ നിയമത്തെ എതിര്‍ക്കേണ്ട ഒരു കാര്യവും സമൂഹത്തിനില്ല. സ്ത്രീകള്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ ഏറ്റവും സുരക്ഷയും സ്വാതന്ത്യത്തോടെയും പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കപ്പെടരുത്. അത് സംരക്ഷിക്കേണ്ട ഈ നിയമം നടപ്പിലാക്കാന്‍ എന്താണ് തടസം? എവിടെ നിന്നാണ് എതിര്‍ സ്വരങ്ങള്‍ ഉയരുന്നത്? എനിക്കറിയില്ല.
നിയമം എത്രയും നടപ്പിലാകണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം,” പ്രേംകുമാര്‍ പറഞ്ഞു.
സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഡബ്ല്യു.സി.സി നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
സിനിമാ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാരസംവിധാനം വേണമെന്ന് കോടതി പറഞ്ഞു.
Content Highlight: Actor and Kerala State Chalachitra Academy vice-chairman Prem Kumar on Internal Complaint Cell in Malayalam movie industry