ആദിപുരുഷ് സിനിമയേയും സംവിധായകന്‍ ഓം റൗട്ടിനേയും പിന്തുണച്ച് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശരദ് കേല്‍ക്കര്‍. ആദിപുരുഷിന്റെ ചില ഭാഗങ്ങള്‍ താന്‍ കണ്ടുവെന്നും സിനിമ അത്ഭുതം സൃഷ്ടിക്കുമെന്നാണ് കരുതുന്നതെന്നും ശരദ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ പ്രഭാസിന് ശബ്ദം നല്‍കുന്നത് ശരദാണ്. നേരത്തെ ഓം റൗട്ടിന്റെ തന്‍ഹാജി എന്ന ചിത്രത്തിലും ശരദ് വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.
‘ഈ സിനിമ നിങ്ങളെ അത്ഭുതപ്പെടുത്തും. ചെറിയ ഭാഗങ്ങള്‍ മാത്രമേ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ. പക്ഷേ കണ്ടത് അതിശയകരമാണ്. ഇതുവരെ ഡബ്ബിങ് തുടങ്ങിയിട്ടില്ല. പക്ഷേ കുറച്ച് ഭാഗങ്ങള്‍ കണ്ടു. അതുകൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാനാവും, ഇത് അത്ഭുതകരമായ ഒന്നാവുമെന്ന്. ഇതുപോലൊന്ന് ആരും ഇതുവരെ ചെയ്തിട്ടില്ല,’ ശരദ് പറഞ്ഞു.
‘ഓം റൗട്ട് ഒരു മികച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ മനസിലുള്ളത് വേറിട്ട ആശയമാണ്. ഉദാഹരണത്തിന് ഛത്രപതി ശിവജിയെ പറ്റി ആളുകള്‍ ചിന്തിച്ചുവെച്ചത് അദ്ദേഹം തന്‍ഹാജിയിലൂടെ ഉടച്ചുവാര്‍ത്തു, പ്രേക്ഷകര്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ആളുകള്‍ ആ സിനിമയോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ പറ്റി എനിക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ ഓം റൗട്ടിന് തന്‍ഹാജിയെ പറ്റി നല്ല ധാരണയുണ്ടായിരുന്നു.
ഓം റൗട്ടിനെ വിശ്വസിക്കൂ. അദ്ദേഹത്തെ വിമര്‍ശിക്കുന്നവരോട് എനിക്ക് ഇപ്പോള്‍ ഇതേ പറയാനാവൂ. അദ്ദേഹം ഒരു അത്ഭുതകരമായ വ്യക്തിയാണ്. മികച്ച ഒരു സിനിമയാണ് ചെയ്തുവെച്ചിരിക്കുന്നത്. സിനിമയെ പറ്റി വലിയ അറിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ധാരണകള്‍ ഇക്കാലത്ത് നമുക്ക് ആവശ്യമുണ്ട്. ആദിപുരുഷ് ഒരു മികച്ച സിനിമയായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനെതിരെ വന്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം ആണ് ആദിപുരുഷിന്റെ ടീസര്‍ റിലീസ് ചെയ്തത്. വന്‍ ആഘോഷത്തോടെ പുറത്തിറക്കിയ ടീസര്‍ പക്ഷേ പ്രേക്ഷകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു. കൊച്ചു ടി.വിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. ചിത്രത്തിന്റെ വി.എഫ്.എക്‌സിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
Content Highlight: Actor and dubbing artist Sharad Kelkar in support of Adipurush Cinema and director Om Raut