ചെന്നൈ: നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം 23 ദിവസമായി ചികിത്സ തുടരുകയായിരുന്നു.
അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ സാന്നിധ്യത്തില്‍ അടുത്തിടെ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഭാര്യയും പാര്‍ട്ടി ട്രഷററുമായ പ്രേമലത ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
1952 ഓഗസ്റ്റ് 25ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. കെ.എന്‍. അളഗര്‍ സ്വാമിയും ആണ്ടാള്‍ അളഗര്‍ സ്വാമിയുമാണ് മാതാപിതാക്കള്‍. 1990 ജനുവരി 31 ന് പ്രേമലതയെ വിവാഹം കഴിച്ചു. രണ്ട് ആണ്‍മക്കളുണ്ട്.
എം.എ. കാജ സംവിധാനം ചെയ്ത ‘ഇനിക്കും ഇളമൈ’ (1979) എന്ന ചിത്രത്തിലാണ് വിജയകാന്ത് ആദ്യമായി അഭിനയിച്ചത്. ആദ്യചിത്രത്തില്‍ വില്ലനായ വിജയകാന്ത് 1981ല്‍ പുറത്ത് വന്ന സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലൂടെയാണ് നായകനെന്ന നിലയില്‍ ശ്രദ്ധ നേടുന്നത്. സിവപ്പു മല്ലി, ജാതിക്കൊരു നീതി, നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴികള്‍, കൂലിക്കാരന്‍, പൂന്തോട്ട കാവല്‍ക്കാരന്‍, സിന്ദൂരപ്പൂവേ, സത്രിയന്‍, ക്യാപ്റ്റന്‍ പ്രഭാകര്‍, ചിന്ന ഗൗണ്ടര്‍, സേതുപതി ഐ.പി.എസ്, രമണാ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 2010ല്‍ പുറത്തുവന്ന വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. 2015ല്‍ പുറത്ത് വന്ന സത്ബ്ദം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലുമെത്തി.
2005 സെപ്റ്റംബറിലാണ് ഡി.എം.ഡി.കെ പാര്‍ട്ടി രൂപീകരിച്ചത്. ഒരു വര്‍ഷത്തിനകം നടന്ന തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മത്സരിക്കുകയും വിജയകാന്ത് നിന്ന ഒറ്റ സീറ്റില്‍ വിജയിക്കുകയും ചെയ്തു. 2011ല്‍ അണ്ണാ ഡി.എം.കെയുമായി സഖ്യത്തിലേര്‍പ്പെടുകയും തെരഞ്ഞെടുപ്പില്‍ 29 സീറ്റ് നേടുകയും ചെയ്തിരുന്നു. 2011 മുതല്‍ 2016 വരെ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം തുടരാനായില്ല.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മത്സരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈകോയുടെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സി.പി.ഐ.എം, സി.പി.ഐ, വിടുതലൈ ചിരുത്തൈകള്‍ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും 104 സീറ്റുകളിലും പരാജയപ്പെട്ടു. അതോടെ വിജയകാന്തിന്റെയും ഡി.എം.ഡി.കെ.യുടെയും സ്വാധീനം ദുര്‍ബലമായി.
Content Highlight: Actor and DMDK leader Vijayakanth passed away